ഹംന സുബൈര്‍
ഖ്വാന്‍ഡീല്‍ ബലോചിനെപ്പറ്റി നമുക്ക് അറിയാവുന്നത് ഇതാണ്: അവര്‍ക്ക് വെള്ളം ഇഷ്ടമായിരുന്നു. അവര്‍ നീന്തുമായിരുന്നു. വിഡിയോകളിലും ചിത്രങ്ങളിലും അവര്‍ ഒരേ വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിച്ചു – ഒരു വെള്ള ബാത്‌റോബ്, പിങ്ക് പോല്‍ക ഡോട്ട് വേഷം. അവര്‍ക്ക് നര്‍മബോധമുണ്ടായിരുന്നു.
ഫൗസിയ അസീം എന്നായിരുന്നു അവരുടെ യഥാര്‍ത്ഥ പേര് . വളരെ സാധാരണവും യാഥാസ്ഥിതികവുമായ കുടുംബത്തിലായിരുന്നു ജനനം. വളരെ നേരത്തെ വിവാഹിതയായ അവര്‍ക്ക് ഒരു മകനുണ്ട്. വിവാഹമോചനം നേടിയ അവര്‍ അവരുടെ വാക്കുകളില്‍ ‘ സ്വന്തം കാലില്‍ നില്‍ക്കാനും എനിക്കു വേണ്ടി എന്തെങ്കിലും ചെയ്യാനും’ ആഗ്രഹിച്ചു.
ഖ്വാന്‍ഡീല്‍ ബലോചിന്റെ ഫേസ്ബുക്ക് പേജ് പത്തുലക്ഷത്തോളം പേരാണ് പിന്തുടര്‍ന്നത്. പാക്കിസ്ഥാന്‍ ‘ധീരം’ എന്നു വകതിരിച്ച തരം ചിത്രങ്ങളാണ് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ലൈംഗികച്ചുവ നിറഞ്ഞവ.
ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ഏതാനും മണിക്കൂറില്‍ സംഭവിച്ച കാര്യങ്ങളാല്‍ മായ്ക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ഇപ്പോള്‍ നമുക്ക് ഖ്വാന്‍ഡീല്‍ ബലോചിനെപ്പറ്റി അറിയാവുന്നത് അവര്‍ മരിച്ചു എന്നാണ്. അപമാനം ഭയന്ന സഹോദരന്റെ കൈകളാലായിരുന്നു അവരുടെ മരണം.
ഈ പത്രം ഖ്വാന്‍ഡീല്‍ ബലോചിനെപ്പറ്റിയുള്ള ആദ്യവാര്‍ത്ത പ്രസിദ്ധീകരിച്ചത് 2015 ഒക്ടോബറിലാണ്. സാമൂഹിക മാധ്യമങ്ങളില്‍ അവരെ ആദ്യം കാണുമ്പോള്‍ ചുണ്ടുകൂര്‍പ്പിച്ചുനില്‍ക്കുന്ന ചിത്രത്തിലൂടെ കാഴ്ചക്കാരോട് അവര്‍ ഇങ്ങനെ ചോദിക്കുകയായിരുന്നു: ‘എന്നെ കാണാന്‍ എങ്ങനെയുണ്ട്?’ ഞങ്ങള്‍ക്കു കൗതുകം തോന്നി. ആരാണിവര്‍?
പാക്കിസ്ഥാന്‍ സംസ്‌കാരം പുലര്‍ത്തുന്ന ഭിന്നസമീപനം ചിലപ്പോള്‍ വ്യത്യസ്തതകളെ അംഗീകരിക്കുകയും (അലി സലേം സ്ത്രീവേഷത്തില്‍ വിജയകരമായി ടോക് ഷോ നടത്തി.) ചിലപ്പോള്‍ അതിന്റെ കല്‍പിത ശുദ്ധി സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ (2011ല്‍ നഗ്നയായി ഒരു ഇന്ത്യന്‍ മാസികയ്ക്കുവേണ്ടി പോസ് ചെയ്ത വീണ മാലിക് നിന്ദിക്കപ്പെട്ടു.) ഖ്വാന്‍ഡീല്‍ ഒരേസമയം മോഹിതയും നിന്ദിതയുമായി.
സ്വകാര്യ വ്യക്തിത്വവും പൊതുവേദിയിലെ വ്യക്തിത്വവും രണ്ടായിരിക്കണമെന്ന പാക്കിസ്ഥാനിലെ നിയമം പാലിക്കാത്ത യുവതിയായിരുന്നു ഖ്വാന്‍ഡീല്‍. അവര്‍ അതിര്‍ത്തിരേഖ ലംഘിച്ചു. ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും അവര്‍ നമ്മെ അവരുടെ കിടപ്പറയിലേക്ക്, കിടക്കയിലേക്കു ക്ഷണിച്ചു. തന്റെ സദസ്യരോട് അവര്‍ നേരിട്ടു ചോദിച്ചു: എന്താണിനി നിങ്ങള്‍ക്കു വേണ്ടത്? ഒരു സെല്‍ഫി? മറ്റെന്തെങ്കിലും?
അവരുടെ പോസ്റ്റുകള്‍ക്കു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളില്‍നിന്നു വ്യക്തമായത് ഇതാണ്: ചെറുപ്പക്കാര്‍ അവരോടൊത്തു കഴിയാന്‍ ആഗ്രഹിച്ചു. അതേസമയം അവരെ ഇല്ലാതാക്കാനും. ചെറുപ്പക്കാരികള്‍ അവരുടെ മര്യാദയില്ലായ്മയില്‍ അമ്പരന്നു. അതേസമയം ഇഷ്ടമുള്ളതു ചെയ്യാനുള്ള അവരുടെ ധൈര്യത്തെ അഭിനന്ദിച്ചു.
2015 അവസാനമായപ്പോഴേക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ വഴി പാക്കിസ്ഥാനിലെ പ്രശസ്തര്‍ക്കിടയില്‍ കയറിപ്പറ്റിയിരുന്നു ഖ്വാന്‍ഡീല്‍. രാജ്യത്തെ ഏറ്റവും ധീരയായ പ്രകടനക്കാരി എന്ന പട്ടമൊന്നും അവര്‍ക്കു കിട്ടിയില്ല എന്നതു ശരിയാണ്. നേരത്തെ നമുക്ക് മീരയും വീണയും മാഥിരയുമൊക്കെ ഉണ്ടായിരുന്നു.
എന്നാല്‍ അവരൊക്കെ അവരുടെ ലൈംഗികത, പ്രേരണകള്‍, ബന്ധങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്നപ്പോള്‍ ഖ്വാന്‍ഡീല്‍ പ്രകോപനപരമായ സ്‌ക്രീന്‍ വ്യക്തിത്വമാകാനുള്ള തന്റെ ആഗ്രഹം മറച്ചുവച്ചില്ല. സണ്ണി ലിയോണാണ് തന്റെ റോള്‍ മോഡലെന്ന് ഒരു ടിവി ഷോയില്‍ അവര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ താന്‍ സെക്‌സിയാണെന്നു പറയുന്നതില്‍ അവര്‍ക്കു പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല.
തുറന്ന പുസ്തകം എന്നൊന്നും പറയാനാകില്ലെങ്കിലും അവര്‍ സ്വന്തം ലക്ഷ്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞു. നിങ്ങള്‍ ഒരു പാക്കിസ്ഥാനി വനിതയാണെങ്കില്‍ ഉല്‍ക്കര്‍ഷേച്ഛ നിങ്ങളുടെ ജീവനെടുക്കാമെന്ന് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
ഈ പത്രം ഖ്വാന്‍ഡീലിന്റെ ഹ്രസ്വ തൊഴില്‍ ജീവിതത്തെ നിരീക്ഷിച്ചിരുന്നു. അവരുമായി സംസാരിക്കാന്‍ പതിവായി ശ്രമിച്ചിരുന്നു. അപ്പോഴത്തെ മാനസികനില അനുസരിച്ച് അവര്‍ ചിലപ്പോള്‍ അവ അവഗണിച്ചു. ചിലപ്പോള്‍ ദീര്‍ഘമായി സംസാരിച്ചു.
ഫേസ്ബുക്ക് പോസ്റ്റുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും മുഖ്യധാരാ പത്രങ്ങള്‍ അവരെപ്പറ്റി വാര്‍ത്ത നല്‍കുകയും ചെയ്തു തുടങ്ങിയതോടെ പാക്കിസ്ഥാനിയായ സ്ത്രീ എന്ന നിലയില്‍ ചില സന്ദേശങ്ങള്‍ നല്‍കാന്‍ തനിക്കുള്ള കഴിവിനെപ്പറ്റി അവര്‍ ബോധവതിയായി. ഇക്കാലത്ത് പാക്കിസ്ഥാനില്‍ സ്ത്രീകളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുവേണ്ടി വാദിക്കുന്നയാളായി ഖ്വാന്‍ഡീല്‍.
അങ്ങനെ പാക്കിസ്ഥാനികള്‍ എന്തുകൊണ്ടാണ് ഖ്വാന്‍ഡീലിനെ ഇത്ര വെറുക്കുന്നത് തുടങ്ങിയ ലേഖനങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. അവര്‍ക്ക് ഇത്ര പ്രചാരം നല്‍കിയതിന് എനിക്കും വളരെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. കഴിഞ്ഞ ദിവസം ഒരാള്‍ എന്നോടു ചോദിച്ചത് ഇങ്ങനെയാണ്: ‘നിങ്ങള്‍ ഖ്വാന്‍ഡീലിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നു. എന്താണ് അടുത്തത്? വേശ്യാലയത്തില്‍നിന്നുള്ള റിപ്പോര്‍ട്ടിങ്ങോ?’
മിക്ക പാക്കിസ്ഥാനികളും ഖ്വാന്‍ഡീലിനെപ്പറ്റി എന്താണു കരുതുന്നതെന്ന് ഈ വിമര്‍ശനങ്ങള്‍ കാണിച്ചുതന്നു: ഇക്കിളിപ്പെടുത്തുന്ന ഒരു ലൈംഗിക ഉപകരണത്തിന്റെ റോളില്‍ തുടരുന്നിടത്തോളം അവര്‍ ഖ്വാന്‍ഡീലിനെ സഹിക്കും. എന്നാല്‍ വനിതകളുടെ അവകാശങ്ങളുടെ പേരിലുള്ള പ്രകടനങ്ങള്‍ തുടങ്ങുന്നതോടെ അവര്‍ വെറുക്കപ്പെടേണ്ടവളായി മാറും.
വിനോദത്തിനായി തുടങ്ങിയ കാര്യങ്ങള്‍ ഖ്വാന്‍ഡീലിനെ സംബന്ധിച്ച് ഗൗരവമായി മാറുകയാണെന്ന് ഈ വര്‍ഷം തുടക്കത്തോടെ വ്യക്തമായിരുന്നു. അവര്‍ക്ക് കൃത്യമായ കാര്യപരിപാടിയുണ്ടായിരുന്നു. പ്രശസ്തി തനിക്കുനല്‍കുന്ന പ്രസക്തിയും സാന്നിദ്ധ്യവും അവര്‍ തിരിച്ചറിഞ്ഞുതുടങ്ങുകയായിരുന്നു. രാജ്യാന്തര സമൂഹങ്ങളില്‍ മാത്രമല്ല പാക്കിസ്ഥാനിലെ പുരോഗമന കാംക്ഷികളിലും ചലനങ്ങളുണ്ടാക്കുന്ന തരം ശാക്തീകരണ പ്രസംഗങ്ങള്‍ക്ക് അവര്‍ തുടക്കമിടുകയും ചെയ്തു.
അവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നപ്പോഴാണ് ഞങ്ങള്‍ അവരുമായി അവസാനം സംസാരിച്ചത്. പ്രക്ഷുബ്ധ മനസായിരുന്നുവെങ്കിലും വിളിച്ചയാളോട് അവര്‍ തടസമില്ലാതെ സംസാരിച്ചു: ‘ഞാന്‍ സാമൂഹിക മാധ്യമ ഹരമാണ്. ഫാഷന്‍ വിഗ്രഹവും. എന്റെ വ്യക്തിത്വത്തിലൂടെ എത്ര പെണ്‍കുട്ടികള്‍ പിന്തുണ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഞാന്‍ സ്ത്രീശക്തിയാണ്. അങ്ങനെ ധാരാളം പെണ്‍കുട്ടികള്‍ എന്നോടു പറയുന്നു. ഞാന്‍ അങ്ങനെ തന്നെയാണ്.’
അവര്‍ സ്ത്രീശക്തിയാണെന്ന് എനിക്കും തോന്നുന്നു.
അവര്‍ സൂത്രശാലിയും മാനസികനിലയില്‍ ചാഞ്ചാട്ടമുള്ളവരും പ്രഹേളികയുമായിരുന്നു. എന്നാല്‍ താന്‍ എന്തിനുവേണ്ടിയാണു നിലകൊള്ളുന്നതെന്നു മനസിലാക്കാന്‍ അവസാനകാലത്ത് അവര്‍ക്കു കഴിഞ്ഞിരുന്നു. പുരുഷമേധാവിത്വത്തെപ്പറ്റി അവര്‍ക്ക് അഭിപ്രായങ്ങളുണ്ടായിരുന്നു. അവര്‍ തന്നെത്തന്നെ പഠിപ്പിക്കുകയായിരുന്നു എന്നു ഞാന്‍ കരുതുന്നു. പ്രശസ്തിക്കു വേണ്ടി മാത്രമല്ല. ലോകം വനിതകളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ സ്ഥലമാണെന്ന് അവര്‍ മനസിലാക്കി. അതിനു മാറ്റം വരുത്താന്‍ അവര്‍ ആഗ്രഹിച്ചു.
ഖ്വാന്‍ഡീല്‍ ബലോചിനെപ്പറ്റി നമുക്കറിയാവുന്നത് അവര്‍ ഒരു സാംസ്‌കാരിക നായിക ആയിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ്. മാധ്യമങ്ങളെ കൈകാര്യം ചെയ്യാനറിയാവുന്ന, ഇന്നലത്തെ തന്റെ പ്രതിച്ഛായയുടെ പ്രതികരണങ്ങളില്‍നിന്ന് നാളത്തെ പ്രതിച്ഛായയ്ക്കു രൂപം കൊടുക്കാന്‍ കഴിയുന്നവരായിരുന്നു അവര്‍.
ലിബറലിസമോ യാഥാസ്ഥിതികത്വമോ പരസ്പരം ഇല്ലായ്മ ചെയ്യാത്ത ഇന്നത്തെ പാക്കിസ്ഥാന്റെ ഉത്പന്നവും പ്രതിഫലനവുമായിരുന്നു അവര്‍. കൂടുതലായി മുഖ്യധാരയിലെത്തുമ്പോഴും ലാഘവത്തോടെ വനിതകള്‍ കൊല ചെയ്യപ്പെടുന്ന പാക്കിസ്ഥാന്‍. പ്രശസ്തി സമൂഹത്തിന്റെ മേലേക്കിടയിലേക്ക് നിങ്ങളെ എത്തിക്കാം. പക്ഷേ മുന്‍നിരക്കാരുടെ നിയമങ്ങള്‍ പാലിച്ചേ തീരൂ.
മരണശേഷം അവരെ വലുതാക്കുകയാണ് മാധ്യമങ്ങളെന്ന് ചിലര്‍ ആരോപിച്ചേക്കാം. അവരുടെ വ്യക്തിത്വത്തിനും അവര്‍ എന്തിനുവേണ്ടി നിലനിന്നു എന്നതിനും കൂടുതല്‍ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയാണെന്നും.
അതുതന്നെയാണ് ദുരന്തമെന്നു വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താന്‍ എന്താണെന്നതിനെപ്പറ്റിയോ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതിനെപ്പറ്റിയോ ഖ്വാന്‍ഡീലിന് സ്വയം വ്യക്തതയുണ്ടായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. അവര്‍ ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. ദുരഭിമാനത്തിനിരയായി കൊല്ലപ്പെട്ടിരുന്നില്ലെങ്കില്‍ അവര്‍ക്ക് വളരെ ദൂരം പോകാനുണ്ടായിരുന്നു. അവര്‍ അവിടെ വരെ പോകുകയും ചെയ്യുമായിരുന്നു.
തന്റെ അവസാന പോസ്റ്റുകളിലൊന്നില്‍ ഖ്വാന്‍ഡീല്‍ ഇങ്ങനെ എഴുതി: ‘സ്ത്രീകളെന്ന നിലയില്‍ നാം നമുക്കു വേണ്ടി പോരാടണം. നീതിക്കുവേണ്ടി പോരാടണം. ആധുനിക കാലത്തെ ഫെമിനിസ്റ്റാണു ഞാന്‍. സ്വതന്ത്ര ചിന്തകളും സ്വതന്ത്ര മാനസികാവസ്ഥയുമുള്ള ഒരു സ്ത്രീയാണ് ഞാന്‍. അതിനെ ഞാന്‍ സ്‌നേഹിക്കുന്നു.’
ഇന്ന് അവരുടെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ കണ്ണോടിക്കുമ്പോള്‍ അവരുടെ കറുത്ത കണ്ണുകളും പുരികങ്ങളും എന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നു. ‘നിങ്ങള്‍ എനിക്കുവേണ്ടി വാദിച്ചോ? നിങ്ങള്‍ ചെയ്യാമായിരുന്നതെല്ലാം ചെയ്‌തോ?’
ഈ ചോദ്യവുമായി വേണം ബാക്കി കാലത്ത് നാം ജീവിക്കാന്‍.
(എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമാണ് ലേഖിക)
കടപ്പാട്: http://images.dawn.com/