UPDATES

ന്യൂസ് അപ്ഡേറ്റ്സ്

14-കാരി ഇന്‍ഷാ മാലിക്ക്; കണ്ണില്‍ ചോരയില്ലാത്ത ലോകത്തോട് പറയുന്നത്

ടീം അഴിമുഖം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച്ച ആരംഭിച്ചപ്പോള്‍ മോദി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ഒന്നുകൂടി പ്രകടമായി.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ ബൂര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിനുശേഷം പ്രതിഷേധങ്ങളാല്‍ തിളച്ചുമറിയുന്ന കാശ്മീര്‍ താഴ്വരയെക്കുറിച്ച് പറയവെ, താന്‍ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും,‘ഓരോ ഇന്ത്യക്കാരനും അവരുടെ വേദന മനസിലാക്കുന്നുവെന്നും,” അവിടുത്തെ ജനങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത ഉപദേശകരിലൊരാള്‍ കഴിഞ്ഞയാഴ്ച്ച ഒരു സംഘം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിന് കടകവിരുദ്ധമാണ് സിംഗിന്റെ പ്രസ്താവന. നിരവധി കാശ്മീരി യുവാക്കള്‍ ഇന്ത്യന്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് അന്ധരാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സേന വളരെ അടുത്തുനിന്നാണ് വെടിവെക്കുന്നത് എന്നായിരുന്നു അതിനെ നിസാരവത്കരിച്ചുകൊണ്ട് അയാളുടെ മറുപടി. അതായത് പ്രതിഷേധക്കാര്‍ സേനയുടെ അടുത്തുവന്നാല്‍ അവരെ അരയ്ക്ക് മുകളിലേക്കു വെടിവെക്കും എന്ന്.

എന്നാല്‍ രാജ്യസഭയില്‍ കാശ്മീരിലെ സാഹചര്യം സംബന്ധിച്ച ചര്‍ച്ചയില്‍ മറുപടി പറയവെ കാശ്മീരിലെ ജനങ്ങള്‍ ‘നമ്മുടെ സ്വന്തം ആളുകളാണെന്ന്’ രാജ് നാഥ് സിംഗ് പറഞ്ഞു. പ്രതിഷേധത്തെ നേരിടുമ്പോള്‍ പരമാവധി സംയമനം പാലിക്കാന്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെയും സുരക്ഷാ സേനയുടെയും മേധാവികള്‍ക്ക് താന്‍ നേരിട്ട് നിര്‍ദേശം നല്‍കിയതായും സിംഗ് പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ ബലപ്രയോഗം വേണ്ടിവരികയാണെങ്കില്‍ വലിയ അപകടം വരുത്താത്ത ആയുധങ്ങള്‍ ഉപയോഗിക്കണമെന്നും വ്യക്തമായ ഉത്തരവ് നല്കിയിട്ടുണ്ട്.

എന്നാല്‍ ഇതൊന്നുമല്ല കാശ്മീര്‍ താഴ്വരയില്‍ സുരക്ഷാസേന ചെയ്യുന്നത്. കഴിഞ്ഞയാഴ്ച്ച മോദി സര്‍ക്കാരിന്റെ ഉപദേഷ്ടാവ് അനൌപചാരികമായി മാധ്യമങ്ങളോട് പറഞ്ഞതും ഇതല്ല.

റബര്‍ ആവരണമിട്ട ഉണ്ടകള്‍കൊണ്ട് പ്രതിഷേധക്കാരെ വെടിവെച്ചതിലൂടെ സുരക്ഷാസേന ഏതാണ്ടെല്ലാ ചട്ടങ്ങളും ലംഘിച്ചു. കാല്‍മുട്ടിന് താഴേക്ക് വെടിവെക്കാന്‍ അവര്‍ മിനക്കെട്ടില്ല, അല്ലെങ്കില്‍ സൈന്യത്തെ പഠിപ്പിച്ചപ്പോലെ പാതയിലേക്ക് വെടിവെയ്ക്കാനും അത് തട്ടിത്തെറിച്ച് പ്രതിഷേധക്കാരുടെ ശരീരത്തിന്റെ കീഴ്ഭാഗത്ത് മാത്രം കൊള്ളുകയും ചെയ്യുന്ന രീതിയും അനുവര്‍ത്തിച്ചില്ല. തോന്നുന്നപോലെ നടത്തിയ വെടിവെപ്പ് പ്രതിഷേധക്കാര്‍ക്ക് നേരെ മാത്രമായിരുന്നില്ല. സുരക്ഷാ സൈനികര്‍ ചുറ്റും തുരുതുരാ വെടിവെക്കുകയായിരുന്നു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട 14-കാരിയായ ഇന്‍ഷാ മാലിക്ക് ഈ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയുടെ ഒരിരയാണ്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ വലതുകണ്ണിന്റെ കാഴ്ചയും ഈ കുട്ടിക്ക് തിരിച്ചുകിട്ടാന്‍ സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇത്തരത്തില്‍ വെടിവെപ്പില്‍ പരിക്കേറ്റ നൂറോളം പേരാണ് ഇന്‍ഷ കിടക്കുന്ന ശ്രീനഗറിലെ SMHS ആശുപത്രിയിലുള്ളത്. ചെറിയ ലോഹക്കഷണങ്ങള്‍ കൊണ്ട് നിരവധി ചെറുതുളകള്‍ വീണ ഇന്‍ഷയുടെ മുഖവും കഴുത്തും ഒരു അരിപ്പ പോലെയാണ് തോന്നുക.

“ചെറിയ ലോഹകഷ്ണങ്ങള്‍ അവളുടെ വലത്തെ കണ്ണു തകര്‍ത്തു. ആ കണ്ണു പുറത്തേക്ക് തള്ളിവന്നു. ഇടത്തെ കണ്ണിന്റെ കാഴ്ച വീണ്ടുകിട്ടാനും ഒട്ടും സാധ്യതയില്ല,” അവളെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനില്‍ സെദോ ഗ്രാമത്തിലാണ് ഇന്‍ഷയുടെ വീട്. “ഇപ്പോഴുള്ള ഒരു കണ്ണില്‍ വെളിച്ചം തട്ടുന്നതുപോലും അവള്‍ക്കറിയാനാകുന്നില്ല.”

ചൊവ്വാഴ്ച്ച വൈകീട്ട് അവളുടെ വീടിന്റെ ഒന്നാം നിലയില്‍ നില്‍ക്കുമ്പോഴാണ് സേന വീടിനകത്തേക്ക് വെടിവെച്ചപ്പോള്‍ ഇന്‍ഷയ്ക്ക് പരിക്കേറ്റത്. “അവള്‍ അലറിക്കരഞ്ഞുകൊണ്ടു താഴെവീണു. അല്‍പസമയത്തിനുള്ളില്‍ അവളുടെ മുഖമാകെ നീരുവന്നു വീര്‍ത്തു,” ഒരു ബന്ധു പറഞ്ഞു. “ആ പ്രദേശത്തൊന്നും പ്രതിഷേധപ്രകടങ്ങള്‍ നടക്കുന്നുണ്ടായിരുന്നില്ല.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍