പ്രമോദ് പുഴങ്കര
രാഷ്ട്രീയ സ്വയം സേവക സംഘത്തിനോടു മാപ്പ് പറഞ്ഞു വീട്ടില്‍ പോവുക എന്നതാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടുള്ള സുപ്രീം കോടതി നിർദേശത്തിന്റെ രത്നച്ചുരുക്കം. ഇല്ലെങ്കില്‍ കേസും കൂട്ടവുമായി കോടതിയുടെ നടപടികളും നടവഴികളും കയറിയിറങ്ങേണ്ടിവരും. ഗാന്ധി വധത്തിന് ആര് എസ് എസിനെ കുറ്റപ്പെടുത്തിയെന്നാരോപിച്ചു രാഹുല്‍ ഗാന്ധിക്കെതിരെ നല്കിയ ഒരു ക്രിമിനല്‍ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അയാള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ബഹുമാന്യ കോടതി ഇങ്ങനെയൊരു നിര്‍ദേശം വെച്ചത്. ആരോ ചെയ്ത ഒരു തെറ്റിന് ഒരു സംഘടനയെയും (ആര് എസ് എസ്) അതിലെ എല്ലാ അംഗങ്ങളെയും നിങ്ങള്‍ക്കെങ്ങനെ പഴിക്കാന്‍ കഴിയും എന്ന ചോദ്യവും കോടതി തൊടുത്തുവിടുന്നുണ്ട്. എന്തൊരു യുക്തി! ഇതേ തര്‍ക്കം ദയനീയമായും ധിക്കാരത്തിലും പലതവണ ആര് എസ് എസ് ആവര്‍ത്തിച്ചതായി ഇന്ത്യ ചരിത്രത്തില്‍ കാണാം. ഇപ്പോള്‍ കോടതിയും ഇതേ രാഷ്ട്രീയ ന്യായം തൊടുക്കുമ്പോള്‍ നീതിന്യായപീഠത്തില്‍ സംഘസേവയുടെ നിഴല്‍ പടരുന്ന കാലത്തെയോര്‍ത്ത് ചിലരെങ്കിലും ആശങ്കപ്പെട്ടേക്കാം.
നാഥുറാം ഗോഡ്സെ ഗാന്ധിയെ കൊന്നത് ഗോഡ്സെയുടെ അച്ഛന്റെ രണ്ടേക്കര്‍ വീടും പുരയിടവും ഗാന്ധി കയ്യേറിയെന്നാരോപിച്ചായിരുന്നില്ല. ഹിന്ദുത്വ തീവ്ര ദേശീയതയുടെ പ്രത്യയശാസ്ത്രപദ്ധതികള്ക്കും അതിന്റെ പ്രയോഗത്തിനും അനുസൃതമായ ഒരു കൊലപാതകമായിരുന്നു അത്. ഗോഡ്സെ ഗാന്ധിയെ കൊല്ലാന്‍ പറഞ്ഞ കാരണങ്ങളെല്ലാം തന്നെ തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പരിപാടിയായി പരസ്യമാക്കുന്ന ഒരു സംഘടനയുടെ മാനത്തെക്കുറിച്ചാണ് നാം കോടതിയില്‍ നിന്നും കേള്‍ക്കുന്നത്. ഇന്ത്യയും പാകിസ്താനുമെന്ന രണ്ടു മതാധിഷ്ഠിത രാജ്യങ്ങളായാണ് വിഭജനം നടന്നതെന്ന് സ്ഥാപിക്കാന്‍ ആര് എസ് എസ് നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര ഫലിക്കാഞ്ഞതിന്റെ ഒരു കാരണം ഗാന്ധിയാണെന്നായിരുന്നു ഹിന്ദു വര്‍ഗീയവാദികളുടെ വലിയ വിഷമം. അങ്ങനെ വന്നാലെ അവര്‍ക്ക് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കാനും മുസ്ലീങ്ങളെ ന്യായമായി പാകിസ്താനിലേക്ക് ആട്ടിയോടിക്കാന്‍ അല്ലെങ്കില്‍ രണ്ടാംകിടക്കാരായ പൌരന്മാരാക്കി കാണാനും കഴിയുമായിരുന്നുള്ളൂ. ഇതിനുവേണ്ട രാഷ്ട്രീയമാണ് തങ്ങളുടേതെന്ന് ആര് എസ് എസിന്റെ എതിരാളികളല്ല പറയുന്നത്, അവരുടെ രാഷ്ട്രീയപ്രമാണം തന്നെ അതാണ്. അങ്ങനെ ഇന്ത്യന്‍ സമൂഹത്തില്‍ അതിന്റെ ഉത്ഭവം തൊട്ടിന്നോളം ആര് എസ് എസ് എന്ന ഹിന്ദു വര്‍ഗീയ സംഘടന സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ ദേശീയതയുടെ തീവ്രവാദ രാഷ്ട്രീയത്തിന്റെ ഇരയാണ് ഗാന്ധി. ഗാന്ധി മാത്രമല്ല ആ തീവ്രവാദി സംഘം ആസൂത്രിതമായ വര്‍ഗീയകലാപങ്ങളിലൂടെ കൊന്നൊടുക്കിയ ആയിരക്കണക്കിന് മനുഷ്യരും.
ഇതിന് തെളിവില്ലെകില് അഴിയെണ്ണിക്കും എന്ന നാടന്‍ ഗുണ്ടയുടെ ഭീഷണിയാണ് ഇപ്പോൾ കേൾക്കുന്നത്. മുംബെയിലെ മുതലാളിമാരുടെ കൂലിത്തല്ലുകാരനായി, തൊഴിലാളി സംഘടനകളെ അടിച്ചൊതുക്കാന്‍ രംഗത്തെത്തി, അതിനുവേണ്ടി പ്രാദേശികവാദത്തിന്റെ ഭീഷണിയുയര്‍ത്തി, പിന്നീട് ഇന്ത്യ കണ്ട ഏറ്റവും ഹീനനായ വര്‍ഗീയവാദിയായി മാറിയ ബാല്‍ താക്കറെ എന്ന കുറ്റവാളിക്ക് (അയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതികള്‍ അയച്ച സമന്‍സുകള്‍ നടപ്പാക്കാതെ കിടന്നത് കണ്ണുകെട്ടിയ നീതിദേവന്മാര് കണ്ടിരിക്കില്ല) വീരാളിപ്പട്ടും ആചാരവെടിയും കൊടുത്ത് പുഷ്പചക്രങ്ങള്‍ കൊണ്ട് മൂടി മുംബെയിലെ തെരുവുകളിലൂടെ ആനയിച്ചടക്കിയപ്പോള് അയാളുടെ വിഷം തുപ്പിയ ആഹ്വാനങ്ങള്‍ അനുസരിച്ച് ഹിന്ദു തീവ്രവാദികള്‍ മുംബെയിലെ തെരുവുകളില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല നടത്തിയതിന്റെ തെളിവുകളും ഇങ്ങനെയാണ് ഇല്ലാതിരുന്നത്. അങ്ങനെയൊരു കൊടുംകുറ്റവാളി ഒരഴിയുമെണ്ണാതെ ചന്ദനഗന്ധത്തില്‍ പുകഞ്ഞപ്പോള്‍ ബോംബെ കലാപത്തില്‍ കൊല്ലപ്പെട്ട നൂറുകണക്കിനു മനുഷ്യരുടെയും അവരുടെ കുടുംബങ്ങളുടെയും മനുഷ്യത്വത്തിലും മതേതര മൂല്യങ്ങളിലും വിശ്വസിക്കുന്ന ലക്ഷക്കണക്കിനാളുകളുടെയും മാനത്തിനുമേല്‍ അനീതി ചുടലനൃത്തം ചവിട്ടിയപ്പോള്‍ നഷ്ടപ്പെട്ട മാനത്തിന്റെ കണക്ക് കോടതി എങ്ങനെയാണ് തീര്‍ക്കുക? ശ്രീകൃഷ്ണ കമ്മീഷന് റിപ്പോര്‍ട് സുപ്രീം കോടതി ലൈബ്രറിയില്‍ കിട്ടും. സമയം കിട്ടുമ്പോള്‍ വായിച്ചുനോക്കണം മി ലോഡ്. താക്കറെയുടെ മാത്രമല്ല സംഘ പരിവാരത്തിന്റെയും മാനത്തിന്റെ ഒരു ഏകദേശചിത്രം കിട്ടാന്‍.
ബ്രിട്ടീഷ് ഭരണകാലത്ത് എന്നെയൊന്ന് തടവില്‍ നിന്നുവിട്ടാല് ബ്രിട്ടീഷ് രാജാവിന്റെ സകലസേവയും നടത്തിക്കോളാമേ എന്നുപറഞ്ഞ വിദ്വാന് വീരസവര്ക്കറടക്കമുള്ള ദേശാഭിമാനികളുടെ ഒരു നീണ്ട നിരയുമുണ്ട് സംഘപരിവാരത്തിന്റെ മാനത്തിന്റെ കണക്കുപുസ്തകത്തില്‍. മുസോളിനിയെ ഇറ്റലിയില്‍ പോയിക്കണ്ട ബി എം മൂഞ്ജെയും ഹിറ്റ്ലറുടെ വംശശുദ്ധീകരണപദ്ധതിയില് പുളകംകൊണ്ട ഗോള്വാര്ക്കറുമൊക്കെ ഈ മാനത്തിന് മാറ്റ് കൂട്ടുന്നു. (ആ മുസോലിനിയും ഹിറ്റ്ലറും മാത്രമല്ല അവരുടെ തണല്‍ പറ്റിയവരെയും യുദ്ധക്കുറ്റവാളികളായാണ് പിന്നീട് ലോകം വിചാരണ ചെയ്തത്. ഹിറ്റ്ലറുടെ ഭരണകാലത്ത് ജര്‍മ്മനിയില്‍ അന്നത്തെ ന്യായാധിപന്മാര് നാസിരാഷ്ട്രത്തെ സംരക്ഷിക്കുന്ന വിധിന്യായങ്ങള്‍ എഴുതിയതും ചരിത്രത്തിലുണ്ട്) തീര്‍ന്നില്ല മി ലോഡ്, ഈ ആദര്‍ശ സംഘത്തിന്റെ അഭിമാനാദര്ശങ്ങള്. ഹിന്ദു മതത്തിന്റെ വഴിയേ ജീവിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ പൌരാവകാശം പോലുമില്ലാതെ അടിമകളായി കഴിയണം ന്യൂനപക്ഷങ്ങളെന്ന് കല്‍പ്പിക്കുന്നുണ്ട് സംഘത്തിന്റെ ആചാര്യന് ഗോള്‍വാര്‍ക്കര്‍.
ഇത്തരത്തില്‍ ആര് എസ് എസ് വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച വര്‍ഗീയ ധ്രുവീകരണത്തിന്റെയും ഹിന്ദുരാഷ്ട്രവാദത്തിന്റെയും സ്വാഭാവികമായ രാഷ്ട്രീയ പ്രത്യാഘാതമായിരുന്നു ഗാന്ധിവധം. അപ്പോഴാണ് പരമ്മോനത കോടതി ഇടപെട്ട് പറയുന്നത്, സംഘത്തെ വെറുതെ വിടൂ, ഗാന്ധിവധത്തില്‍ കോടതി പണ്ടേ വിധി പറഞ്ഞതല്ലേയെന്ന്. പറ്റില്ല മി ലോഡ്, ഞങ്ങളിതൊക്കെ ഇനിയും ജനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. ഈ രാഹുല്‍ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി രാജ്യത്തെ സകല ജനാധിപത്യാവകാശങ്ങളെയും റദ്ദാക്കിക്കൊണ്ട്, ശുക്ല മുതല്‍ കരുണാകരന് വരെയുള്ള അനുചരന്മാരുമായി വന്ധ്യംകരണവും വരിയുടക്കലുമായി തിമിര്‍ത്താടിയ നാളുകളും അതിനെ മുറിവേറ്റ ജനാധിപത്യബോധവും മനുഷ്യാഭിമാനവുമായി എതിരിട്ട അക്ഷരാര്‍ത്ഥത്തില്‍ നിസ്വരും നിന്ദിതരുമായ മനുഷ്യരും ഉണ്ടായിരുന്ന ആ കാലത്തെക്കുറിച്ച് നാമോര്ക്കുന്നതുപോലെ.
ഇപ്പോള്‍ സംഘസേവയുടെ കാറ്റുവീശുന്നോ എന്നു സംശയം തോന്നുന്ന കോടതിമുറികളില്‍ അന്ന് ഇന്ദിരാഭക്തി പൂത്തുലഞ്ഞിരുന്നു. ഭരണഘടനയുടെ കാവലാളുകളാകും എന്നു ജനം വെറുതെ മോഹിച്ചിരുന്ന ന്യായാധിപന്മാര് കൊണ്ടുപോയി കാട്ടില്ക്കളയെടാ നിന്റെ ഭരണഘടന എന്നു ഹേബിയസ് കോര്‍പസ് കേസില്‍ ആക്രോശിച്ചതും ഞങ്ങളോര്ക്കുന്നുണ്ട്. അടുത്തിടെ ഹരിയാന സര്‍ക്കാര്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതകള്‍ നിര്‍ബന്ധമാക്കിക്കൊണ്ട് നിയമഭേദഗതി നടത്തി, പൌരന്മാരെ രണ്ടു തട്ടാക്കി, ലക്ഷക്കണക്കിന് ദരിദ്രരെയും ദളിതരേയും ഭരണസംവിധാനത്തിന് പുറത്താക്കിയപ്പോള്‍ അതിലൊരു തെറ്റുമില്ല എന്നു വിധിച്ച ജനാധിപത്യ വിരുദ്ധതയുടെയും ഉപരിവര്‍ഗ ധാര്‍ഷ്ട്യത്തിന്റെയും അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയ സുപ്രീം കോടതി ഒരു വിശുദ്ധ പശുവൊന്നുമല്ലെന്ന് (അതാണല്ലോ ഇന്ത്യയിലിപ്പോള്‍ വിശുദ്ധിയുടെ പരമ്മോന്നതി) സകലര്‍ക്കുമറിയാം. മറ്റ് വിശേഷങ്ങള്‍ തത്ക്കാലം അവിടെ നില്ക്കട്ടെ.
അപ്പോള്‍ ആര് എസ് എസിന് ആര് എസ് എസിനെക്കുറിച്ചുള്ള അഭിപ്രായം നാട്ടുകാര്ക്കുണ്ടാകണമെന്ന് കോടതി വാശി പിടിക്കരുത്. ആര് എസ് എസിനെക്കുറിച്ച് അപകീര്‍ത്തികരമായി അഭിപ്രായപ്രകടനം നടത്തരുതെന്ന അഭിപ്രായമാണ് കോടതിക്കുള്ളതെങ്കില് സകല ദൌര്ബല്യത്തോടും കൂടിയ ഈ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ. കാരണം കോടതി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ വിമര്‍ശത്തിനുള്ള ജനാധിപത്യ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ്. കമ്മ്യൂണിസ്റ്റുകാര്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ ശത്രുക്കളാണെന്നും മതന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലെ രണ്ടാംകിടക്കാരായി ജീവിക്കണമെന്നുമുള്ള പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്ന ഒരു സംഘടനയുടെ കീര്‍ത്തിയെക്കുറിച്ച് കോടതിക്ക് വലിയ ബഹുമാനമുണ്ടാകാമെങ്കിലും ഞങ്ങള്‍ക്ക് തീരെയില്ല. ഈ സംഘഭാഷയുടെ കോടതിപരിഭാഷ ജെ എന്‍ യുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയിലെ ഉത്തരവില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും കേട്ടതാണ്. രാജ്യസ്നേഹത്തിന്റെ ആര് എസ് എസ് ഭാഷ്യം അച്ചടിക്കാന്‍ കോടതിയുത്തരവുകളോ എന്ന് ജനം ശങ്കിച്ചു. ഇപ്പോഴിതാ ആര് എസ് എസിനോട് മാപ്പുപറഞ്ഞു വീട്ടില്‍പോകാന്‍ സുപ്രീം കോടതിയും. ഒട്ടും നിഷ്ക്കളങ്കമല്ല ഇതൊന്നും. ഇതിനുമുമ്പും ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ഗുജറാത്ത് വംശഹത്യയിലും സുപ്രീം കോടതി വിധികള്‍ നീതിയുടെ താത്പര്യമല്ല നടപ്പാക്കിയതെന്ന് ജനങ്ങള്‍ (ആരുമില്ലെങ്കിലും ഞാനെന്നു കൂട്ടിക്കോളൂ) സംശയിക്കുന്നു.
നിയമം ഭരണകൂടത്തിന്റെ ആശയാഭിലാഷങ്ങളുടെയും മര്‍ദ്ദക സംവിധാനത്തിന്റെയും പ്രകടനമാണ്. നീതി ഒരു വെറുംവാക്കാണ്. പക്ഷേ ഇതിനിടയിലും ഭരണഘടന എന്നൊരു കിതാബില്‍ എഴുതിവെച്ച ചില മൌലികാവകാശങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന കൊല്ലത്തില്‍ ഒന്നുരണ്ട് വിധിയെങ്കിലും പുറപ്പെടുവിച്ചില്ലെങ്കില്‍ ജനം ഇന്ത്യ ഗേറ്റില്‍ നിന്നും സുപ്രീം കോടതിയിലെത്തി, മതി പ്രഭുക്കന്മാരെ നിങ്ങളുടെ അനീതിയുടെ കിഞ്ചനവര്‍ത്തമാനം എന്ന് പറയുന്ന കാലവും വരും. അതൊന്നും നടക്കില്ലെന്നത് ചരിത്രമറിയാത്ത മന്ദന്മാരുടെ കിനാവാണ്. കാരണം ഇതേ ഇന്ത്യ ഗേറ്റില്‍ സായിപ്പന്മാര് സവാരിക്കിറങ്ങിയത് കണ്ട മനുഷ്യര്‍ ഇപ്പോഴുമുള്ള നാടാണിത്.
വീണ്ടും ആര് എസ് എസിന്റെ വിശുദ്ധമാനത്തിലേക്ക് വരാം. ഗാന്ധിവധത്തെ തുടര്‍ന്ന് വിശുദ്ധന്മാരെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. വധക്കേസിലെ പ്രതികള്‍ മുസ്ലീം ലീഗുകാരായിരുന്നില്ല. ഹിന്ദു തീവ്രവാദികളായിരുന്നു. അന്നും ഇന്നും ഹിന്ദു തീവ്രവാദം ആര് എസ് എസിന്റെ വിശേഷാല്‍ മാനമാണ്. ഗാന്ധിവധത്തിലേക്കെത്തിച്ച വര്‍ഗീയ ധ്രുവീകരണത്തിന്റെയും കലാപങ്ങളുടെയും സൂത്രധാരന്മാരും നടത്തിപ്പുകാരുമായ ആര് എസ് എസ് തന്നെയാണ് ഗാന്ധിയെ കൊന്നതിന് ഉത്തരവാദികള്‍. ഗാന്ധിയെ മാത്രമല്ല, സ്വതന്ത്ര ഇന്ത്യയില്‍ നടന്ന നിരവധി വര്‍ഗീയകലാപങ്ങളിലെ ആയിരക്കണക്കിന് കൊലപാതകങ്ങള്‍ക്കും ഈ ഫാസിസ്റ്റ് സംഘടനയാണ് കുറ്റവാളികള്‍. ഗുജറാത്തില്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ അതിനു എല്ലാ ഒത്താശയും ചെയ്തുകൊടുത്ത നരേന്ദ്ര മോദിയെപ്പോലൊരു നരാധമന് (വീണ്ടും മാനനഷ്ടം, മി ലോഡ്!) പ്രധാനമന്ത്രിയായതോടെ രാജ്യം അതിന്റെ ചരിത്രപുസ്തകങ്ങള്‍ക്കും ഓര്‍മ്മയുടെ കോശങ്ങള്‍ക്കും തീയിട്ടു എന്നു കോടതി കരുതരുത്.
അവസാനമായി, ആ എര് എസ് എസ് സാംസ്കാരിക സംഘടനായാണെന്ന വാദം നാഗ്പൂരില്‍ നിന്നുള്ള വാറോലയായി സുപ്രീം കോടതി വഴി അടിച്ചേല്‍പ്പിക്കാന്‍ നോക്കിയാല്‍, മി ലോഡ്, സ്വാതന്ത്ര്യം സുപ്രീം കോടതി വിധി വഴി കിട്ടിയതല്ല എന്നാണ് ഒട്ടും വിനയമില്ലാതെ പറയാനുള്ളത്.
(ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)