മകള്‍ വൈഷ്ണവി (19) നേരത്തെ മരിച്ചിരുന്നു.
ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് മലക്കടയില്‍ സ്വയം തീക്കൊളുത്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലേഖ (40) മരിച്ചു. 90 ശതമാനം പൊള്ളലേറ്റിരുന്നു ഇവര്‍ക്ക്. ഇവര്‍ക്കൊപ്പം തീക്കൊളുത്തിയിരുന്ന മകള്‍ വൈഷ്ണവി (19) നേരത്തെ മരിച്ചിരുന്നു. വൈകീട്ടായിരുന്നു വൈഷ്ണവിയുടെ മരണം.
ബാങ്ക് നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്ന് മരിച്ച വൈഷ്ണവിയുടെ അച്ഛന് ചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് 15 വര്‍ഷം മുമ്പ് ഇവര്‍ വായ്പയെടുത്തത്. ഇതില്‍ പലപ്പോഴായി എട്ട് ലക്ഷം രൂപയോളം തിരിച്ചടയ്ക്കുകയും ചെയ്തു.
2010ലാണ് തിരിച്ചടവ് മുടങ്ങിയത്. ഗള്‍ഫിലായിരുന്ന ചന്ദ്രന് ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയതോടെയായിരുന്നു അത്. കൂലിപ്പണി ചെയ്താണ് പിന്നീട് കുടുംബം പുലര്‍ത്തിയത്. അപ്പോഴും നാല് ലക്ഷം കൂടി തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. വീട് വിറ്റ് കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനെ തുടര്‍ന്ന് ബാങ്ക് സിജെഎം കോടതിയില്‍ കേസ് കൊടുക്കുകയായിരുന്നു. കോടതിയുടെ നിര്‍ദ്ദേശത്തില്‍ ഈമാസം 10ന് അഭിഭാഷക കമ്മിഷനും പോലീസും ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തി. നാല് ദിവസത്തിനകം 6.80 ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ജപ്തി ചെയ്യുമെന്നും കുടുംബത്തില്‍ നിന്നും എഴുതി വാങ്ങി.
അതേസമയം നാളെ വീട് ജപ്തി ചെയ്യുമെന്ന് ബാങ്കില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. ഇതേ തുടര്‍ന്ന് ലേഖയും വൈഷ്ണവിയും മാനസിമായി തളര്‍ന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈഷ്ണവി മരിക്കുകയും ലേഖയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇവരും വൈകിട്ടോടെ മരിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും ഇക്കാര്യം ബാങ്കേഴ്സ് സമിതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.