അഴിമുഖം പ്രതിനിധി
റഷ്യയുടെ റിയോ മോഹങ്ങള്‍ തകര്‍ത്ത് ലോക കായിക തര്‍ക്ക പരിഹാര കോടതിയുടെ വിധി. റിയോ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. ഉത്തേജക വിവാദത്തില്‍ കുടുങ്ങിയതാണ് റഷ്യയുടെ
ഒളിമ്പിക്‌സ് പങ്കാളിത്തം സംശയത്തിലാക്കിയത്.
റിയോ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് 68 റഷ്യന്‍ അത്‌ലറ്റിക്കുകളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ റഷ്യയെ ഒളിമ്പിക്‌സില്‍ നിന്നും വിലക്കണോ എന്ന കാര്യത്തില്‍ രാജ്യാന്തര ഒളിമ്പിക് സമിതി തീരുമാനമെടുത്തിട്ടില്ല. കായിക കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാകും ഐഒസിയും തീരുമാനമെടുക്കുക. ഞായറാഴ്ച ഐഒസിയുടെ തീരുമാനമറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2014ല്‍ സേച്ചിയില്‍ നടന്ന ശീതകാല ഒളിമ്പിക്‌സില്‍ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ മൂത്ര സാമ്പിളുകള്‍ മാറ്റിയെന്നും അധികൃതരുടെ അറിവോടെയാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതെന്നും കനേഡിയന്‍ അഭിഭാഷകന്‍ മക്ലാരന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഒസി റഷ്യക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചത്.
ഒരു കായിക മേളക്കും ഇനി റഷ്യയെ വേദിയാക്കേണ്ടെന്നാണ് പ്രധാന തീരുമാനം. 2019ല്‍ റഷ്യയില്‍ നടത്താനിരുന്ന യൂറോപ്യന്‍ ഗെയിംസ് റദ്ദാക്കുകയും ചെയ്തു. മോസ്‌കോ ഉത്തേജക വിരുദ്ധ ലബോറട്ടറിയുടെ തലവന്‍ ഗ്രിഗറി റെഡ്‌ചെങ്കേവിന്റെ വെളിപ്പെടുത്തലോടെയാണ് സേച്ചില്‍ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്നുപയോഗിച്ചത് വിവാദമായത്.