അഴിമുഖം പ്രതിനിധി
ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്ന ഇസ്ലാമിക മതപ്രഭാഷകന് ആര്‍ഷി ഖുറേഷിയെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. മുംബൈ എറ്റിഎസും കേരള പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.
പാലക്കാട് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായി ഐഎസില്‍ ചേര്‍ന്നു എന്നു സംശയിക്കുന്ന മറിയം എന്ന മെറിന് ജേക്കബ് ഭര്‍ത്താവ് ബസ്റ്റിന് വിന്സെന്റ്റ് എന്ന യഹ്യ എന്നിവരെ സ്വാധീനിച്ചത് ഇയാളാണോ എന്നും പോലീസ് പരിശോധിച്ച് വരുകയാണ്. ഖുറേഷിയെ വെള്ളിയാഴ്ച കേരള പോലീസിന് കൈമാറും എന്നാണ് സൂചന.
കൊച്ചിയില്‍ നിന്നും കാണാതായ മെറിന് ജേക്കബിന്റെ സഹോദരന് എബിന് ജേക്കബ് കൊച്ചി പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് എതിരെ അന്വേഷണം നടത്തിയത്. മെറിനെ ഇസ്ലാം മതം സ്വീകരിക്കാന്‍ ആര്‍ഷി ഖുറേഷി എന്ന വ്യക്തി പ്രേരിപ്പിച്ചുവെന്ന് എബിന് പരാതിയില്‍ പറഞ്ഞിരുന്നു. എബിന് പരാതിയില്‍ പറയുന്ന ഖുറേഷി തന്നെയാണോ ഇയാള്‍ എന്ന് പോലീസ് ഉറപ്പുവരുത്തി വരുകയാണ്.