UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ തെളിയുന്ന ആധുനിക ഇന്ത്യ

ടീം അഴിമുഖം

മരിച്ചുപോയവരെ കുറിച്ച് വിധി പറയുകയല്ല നമ്മളിവിടെ. ഇത് അവര്‍ക്കു വേണ്ടിയുള്ള ഒരു ചരമഗീതവും അല്ല. ഇത് ഈ കാലത്തിന്റെ യാഥാര്‍ഥ്യമാണ്. 

ഇന്ത്യയിലെ രജിസ്റ്റേര്‍ഡ് കമ്പനികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളായ ബി.കെ. ബന്‍സാല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ രണ്ടാമത്തെ ദിവസം അയാളുടെ ഭാര്യയും മകളും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.

58 വയസ്സുള്ള സത്യബാല ബന്‍സാലിനെയും 27കാരിയായ മകള്‍ നേഹയെയും ജൂലൈ 19 ചൊവ്വാഴ്ച രാവിലെയാണ് കിഴക്കന്‍ ഡല്‍ഹിയിലെ വീട്ടില്‍ അവരവരുടെ മുറികളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സി.ബി.ഐ. വീട് റെയ്ഡ് ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് പറയുന്ന സമാനമായ രണ്ട് ആത്മഹത്യാക്കുറിപ്പുകളും പോലീസ് കണ്ടെടുത്തു. ബന്‍സാലിന്‍റെ 25 വയസ്സുള്ള മകന്‍ സംഭവ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നു.  സിബിഐ അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുകയായിരുന്നെന്ന് ചില കേന്ദ്രങ്ങള്‍ അറിയിച്ചു.

കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ആയ ബന്‍സാല്‍ ജൂലൈ 16 ശനിയാഴ്ച വൈകുന്നേരമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയെ കേസില്‍ നിന്ന് ഒഴിവാക്കാനായി 9 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ബന്‍സാലിനെ അറസ്റ്റ് ചെയ്തതെന്ന് സി ബി ഐ അറിയിച്ചു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് എതിരെ അനധികൃത ഇടപാടിനു കേസെടുത്ത് അന്വേഷിക്കുകയായിരുന്ന ബന്‍സാല്‍ കേസില്‍ നിന്നൊഴിവാക്കാനായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.

ഒരു പ്രസ്താവനയില്‍ സി ബി ഐ ഇങ്ങനെ പറഞ്ഞു; “ഇരുവരുടെയും മരണത്തില്‍ അതിയായ ദുഃഖവും നടുക്കവും ഞങ്ങള്‍ക്കുണ്ട്.   മരണപ്പെട്ടവര്‍ രണ്ടുപേരും ഏതെങ്കിലും തരത്തില്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരോ ചോദ്യം ചെയ്യപ്പെട്ടവരോ ആയിരുന്നില്ല.” 

ബന്‍സാലിന്‍റെ കുടുംബത്തെ പറ്റി കൂടുതലൊന്നും അറിയില്ലെന്നും അവര്‍ മറ്റുള്ളവരുമായി അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു.

സി.ബി.ഐ റെയ്ഡ് അമ്മയെയും മകളെയും കാര്യമായി ബാധിച്ചിരുന്നു എന്നും കേസുമായി ബന്ധപ്പെട്ട നാണക്കേട് ഒഴിവാക്കാനാവണം ഈ കടുംകൈ ചെയ്തതെന്നും വേണം കരുതാന്‍. ശനിയാഴ്ച വരെ ബന്‍സാല്‍ സമൂഹത്തില്‍ നിലയും വിലയുമുള്ള ഒരു ഉയര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു.

സി.ബി.ഐ. തിങ്കളാഴ്ച നടത്തിയ തെരച്ചിലില്‍ ബന്‍സാലിന്‍റെ വീട്ടില്‍ നിന്നും 60 ലക്ഷം രൂപയും 20 വസ്തു ആധാരങ്ങളും 60 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കണ്ടെടുത്തിരുന്നു.

ബന്‍സാല്‍ വീട്ടിലേക്ക് കൊണ്ടുവന്ന പണം സ്വീകരിക്കാന്‍ അമ്മയും മകളും വിസമ്മതിച്ചിരുന്നോ എന്ന് അറിയില്ല. അയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നിരുന്ന അഴിമതിപ്പണം കൊണ്ടുള്ള സുഖ സൗകര്യങ്ങള്‍ ഇവര്‍ ആസ്വദിച്ചിരുന്നോ എന്നതും അറിയില്ല. ഈ കാര്യങ്ങളൊക്കെ വിശദമായ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂ.

എന്നിരുന്നാലും ഈ മരണങ്ങള്‍ പറയുന്നത് നമ്മുടെ കാലത്തിന്റെ കഥയാണ്. ഒട്ടുമിക്ക കേസുകളിലും കോഴ വാങ്ങിയ വ്യക്തി ഒറ്റയ്ക്കായിരിക്കില്ല.  കോഴ വാങ്ങാനും സമാഹാരിക്കാനും ചിലവഴിക്കാനും അയാളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടാകും. അയാളുടെ ഇടനിലക്കാര്‍ എപ്പോഴും കുടുംബവും സുഹൃത്തുകളുമായിരിക്കും. ഇങ്ങനെ സമ്പാദിച്ച പണം ഉപയോഗിച്ച് വസ്തു വകകള്‍ വാങ്ങുകയും വിദേശ യാത്രകള്‍ നടത്തുകയും ചെയ്തിട്ടുണ്ടാകും.

കോഴപ്പണത്തിന്റെ സുഖസൗകര്യങ്ങള്‍ സ്വകാര്യമായി അനുഭവിക്കുകയും എന്നാല്‍ സമൂഹം അറിയുമ്പോള്‍ ഉള്ള നാണക്കേടിനെ ഭയക്കുകയും ചെയ്യുന്ന വ്യക്തികള്‍ ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ സര്‍വ സാധാരണം ആണ്. ബന്‍സാലിന്‍റെ ഭാര്യയും മകളും അക്കൂട്ടത്തില്‍ പെട്ടതാണോ എന്ന കാര്യത്തില്‍ നമുക്ക് ഉറപ്പില്ല. എന്നാലും അവരുടെ ആത്മഹത്യ ഒരു അപവാദമല്ല, അത് പറയുന്നത് ആധുനിക ഇന്ത്യയുടെ കഥ തന്നെയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍