സൗമ്യ ബാലകൃഷ്ണന്
‘കബാലി പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നും നിരാശജനകവുമാണ് എന്നാണ് ഞാന്‍ കേട്ടത്. എന്താണ് നിന്റെ അഭിപ്രായം’- ഇതായിരുന്നു പടമിറങ്ങിയ പാടെ കുറേപ്പേര് എന്നോട് ചോദിച്ച ചോദ്യം. എന്താണ് അതിന് മറുപടി പറയേണ്ടത്. ഒരു സിനിമ നല്ലതാണെന്നോ മോശമാണെന്നോ ഒറ്റവാക്കില്‍ വിലയിരുത്താന്‍ സാധിക്കുമോ? 110 കോടി രൂപ മുതല്‍മുടക്കുള്ള സിനിമ തിയേറ്ററുകളില്‍ ഇറങ്ങുന്നതിന് മുന്‍പ് 200 കോടി നേടി – ഇതാണ് കബാലി. ആദ്യത്തെ മൂന്ന് ദിവസത്തെ വരുമാനം മേല്‍പ്പറഞ്ഞ കണക്കുകളോട് ഒപ്പം നില്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രപരമായ മാര്‍ക്കറ്റിംഗിനും രജനീ ആവേശത്തിനും നന്ദി. ഈ ഘടകങ്ങള്‍ എല്ലാം തന്നെ സിനിമ ഒരു വിജയമാണെന്നാണ് സൂചിപ്പിക്കുന്നത്. എന്തായാലും ചോദ്യം അവശേഷിക്കയാണ് – കബാലി അത്ര നല്ല സിനിമയാണോ? അതോ അത്ര മോശം സിനിമയാണോ?
എവിടെയാണ് സിനിമക്ക് തെറ്റ് പറ്റിയതെന്ന് പറഞ്ഞ് ഞാന്‍ തുടങ്ങാം. സിനിമയുടെ ആദ്യ പകുതി പതുക്കെയാണ് നീങ്ങുന്നത്. രണ്ടാം പകുതി പ്രവചനീയവും. മലേഷ്യ എന്ന ലൊക്കേഷനെ സംവിധായകന് വേണ്ട വിധം ഉപയോഗിച്ചിട്ടില്ല. സ്ഥലം തന്നെ കഥാപാത്രമാകുന്ന കഹാനി അല്ലെങ്കില്‍ ടീന്‍ എന്ന സിനിമയില്‍ നിന്നും വ്യത്യസ്തമായി കബാലിയില്‍ മലേഷ്യയിലെ അധോലോകവും മറ്റു സാധ്യതകളും വേണ്ടവിധേന ചിത്രീകരിച്ചിട്ടില്ല. കാമ്പുള്ള കഥ, കഴിവുള്ള സംവിധായകന് – കഥ വികസിപ്പിക്കുന്നതിന്റെ സാധ്യതകള്‍ വിനിയോഗിക്കപ്പെടേണ്ടതായിരുന്നു.
അപ്പോള്‍ എന്തൊക്കെയാണ് നന്നായത്? ചെറു റോളിലെത്തിയ നാസര്‍ ചിത്രത്തില്‍ ഉടനീളം തന്നെ അടയാളപ്പെടുത്തുന്നുണ്ട്. ഭര്‍ത്താവിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബലമുള്ള സ്ത്രീ എന്ന രാധിക ആപ്തെയുടെ കഥാപാത്രം വിശ്വാസയോഗ്യമാണ്. ധന്‍സികയുടെ യോഗി എന്ന ഘാതക സ്ത്രീ കഥാപാത്രം മികച്ചതും യാഥാസ്ഥിതിക കഥാപാത്രങ്ങളെ പൊളിച്ചെഴുതുന്നതുമായിരുന്നു.
രജനീകാന്ത് തന്റെ പ്രായത്തിനൊത്ത് അഭിനയിക്കുകയും കഥാപാത്രത്തെ അവിസ്മരണീയമാക്കുകയും ചെയ്യുന്നു. തന്റെ സ്റ്റൈലും ശൈലിയും കൊണ്ട് വയോധികനായ അധോലോക നായകന് എന്ന കഥാപാത്രത്തെ കൊത്തി മിനുക്കാന്‍ രജനീകാന്ത് കാണിക്കുന്ന വൈഭവമാണ് അദേഹത്തെ ഇന്നത്തെ സൂപ്പര്‍സ്റ്റാറാക്കിയത്. കബാലീശ്വരന്റെ രംഗപ്രവേശനവും ചീനി എന്ന വില്ലനുമായുള്ള കൂടിക്കാഴ്ചയും രാജനീയുടെ വൈദഗ്ധ്യത്തെ കാട്ടുന്നതാണ്.
ഒറ്റനോട്ടത്തില്‍ കബാലി മയക്കുമരുന്നും തോക്ക് വേട്ടയും സംഘ യുദ്ധവുമാണെങ്കിലും ആഴത്തില്‍ പരിശോധിക്കുമ്പോള്‍ മലേഷ്യയിലെ സാമൂഹിക-രാഷ്ട്രീയ ഇഴകളിലേക്കുള്ള സൂക്ഷ്മമായ പരാമര്‍ശങ്ങള്‍ കാണാം. ഇതാണ് ചിത്രത്തില്‍ താല്പര്യം ഉണര്‍ത്തുന്നതും. ജയിലില്‍ കബാലി വായിക്കുന്ന പുസ്തകം സമൂഹത്തിന്റെ ഏണിപ്പടികള്‍ കയറുന്ന ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വൈബി സത്യനാരായണയുടെ ആത്മകഥ ‘മൈ ഫാദര്‍ ബാലിയ’ ആണ്. ഇതാണ് കഥയുടെ ഇതിവൃത്ത സൂചികയും. തമിഴ് നാട്ടില്‍ വേരുകളുള്ള മലേഷ്യയിലെ തോട്ടം തൊഴിലാളിയായ കബാലീശ്വരന് അധോലോക നായകനാകുന്ന കഥയാണ് കബാലിയുടേത്.
ശിവന്റെ പാതിയായ ശക്തി എന്നപോലെ സുസ്ഥിര മനസ്സും രാഷ്ട്രീയ അവബോധവുമുള്ള ഭാര്യ കുമുദവല്ലിയുടെ അഭാവത്തില്‍ കബാലി അപൂര്‍ണനാണ്. ജാതിയേയും സമൂഹിക വ്യവസ്ഥിതികളേയും വെല്ലുവിളിച്ചു കൊണ്ടാണ് കുമുദവല്ലി കറുത്തവനായ തന്റെ പ്രാണനാഥനെ വിവാഹം ചെയ്യുന്നത്. തൊലി പുറമെയുള്ള നിറമല്ല അവന്റെ കണ്ണുകളാണ് അവളെ ആകര്‍ഷിച്ചത്. ഭരിക്കുന്ന ബ്രിട്ടിഷുകാരന്റെയും ശക്തമാരായ ചൈനക്കരുടെയും മുന്നില്‍ തമിഴ് ജനതയുടെ നേതാവെന്ന നിലയില്‍ പ്രതിനിധീകരിക്കേണ്ട നായകന് നല്ല വേഷം ധരിക്കണം എന്ന് പോലും ഭാര്യ നിര്‍ബന്ധിച്ചിരുന്നു. ഗാന്ധിജി ധോത്തിയും അംബേദ്കര്‍ സുട്ടും ധരിച്ചതിന് കാരണം ഉണ്ടെന്ന് കബാലി വ്യക്തമാക്കുന്നു.
മലേഷ്യയുടെ മോചനത്തിനും അതിനു ശേഷം വളര്‍ച്ചക്കും പങ്കുവഹിച്ച തമിഴ് ജനത രണ്ടാംകിട വിഭാഗമായി കാണപ്പെടാന്‍ കാരണം അവര്‍ തന്നെയാണ് എന്ന് വ്യക്തമാക്കുന്നതും സിനിമയിലുണ്ട്. ഒരു പെട്ടിക്കുള്ളിലെ ഞണ്ടുകളായി ഇവരെ വിശേഷിപ്പിക്കുന്നത്തിലൂടെ കബാലി തമിഴ് വിഭാഗത്തിനുള്ളില്‍ നടക്കുന്ന വടംവലികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സ്റ്റൈലിഷ് കബാലീശ്വരനെ മാത്രമല്ല സിനിമയില്‍ നമ്മള് കാണുന്നത്, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനുഷ്യനെയുമാണ്. 1980 – 90 കാലഘട്ടത്തിലെ രജനീകാന്ത് സിനിമകളിലെ പോലെ സിഗരറ്റ് എറിയലും ഐറ്റം ഡാന്‍സും ഇല്ലാത്ത ചിത്രം ആത്മീയതയിലേക്ക് തിരിഞ്ഞ രജനി എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് കബാലിയിലെ നായകന്.
മയക്ക് മരുന്ന് ഇടപാടുകളോ മാംസ കച്ചവടമോ ഇല്ലാത്ത അധോലോക നായകനാണ് കബാലി. സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ഇദേഹത്തിന് പരസ്ത്രീ ബന്ധവുമില്ല. മാര്‍ഗദര്‍ശനത്തിനും ഉറപ്പുകള്ക്കുമായി കബാലി ആശ്രയിക്കുന്നത് ഭാര്യ കുമുദത്തെയാണ്. ഭാര്യയുടെ മരണശേഷം അവരുടെ ആദര്‍ശങ്ങളാണ് അയാളെ വഴിനടത്തുന്നത്.
സുല്‍ത്താന്‍ റിലീസിംഗിനോട് അനുബന്ധിച്ച് സല്മാന് ഖാന് നടത്തിയ വിവാദ പരാമര്‍ശവും കസബയിലെ മമ്മൂട്ടിയുടെ ഡയലോഗുകളുടെയും വെളിച്ചത്തില്‍ രജനികാന്തിന്റെ ഈ കഥാപാത്രം അദേഹത്തിന്റെ സ്റ്റാര്‍ഡത്തിന് കൂടുതല്‍ മികവ് ചാര്‍ത്തുന്നു. ഈ അവസരത്തില്‍ സ്പൈഡര്മാന് സിനിമയിലെ പ്രശസ്ത ഡയലോഗാണ് എനിക്ക് ഓര്‍മ്മ വരുന്നത് – കൂടുതല്‍ ശക്തി കൂടുതല്‍ ഉത്തരവാദിത്തമാണ്. ഇന്ത്യന്‍ സിനിമയില്‍ രാജനീകന്തിനോളം തലപ്പൊക്കമുള്ള ഒരു നായകനും ഇല്ല. കബാലീശ്വരന് രജനീകാന്ത് എന്ന നായകന്റെ ആ സ്ഥാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.
എന്നാല്‍ സംഘങ്ങള്‍ തമ്മിലുള്ള യുദ്ധവും പ്രതികാരവുമായി മാത്രം സിനിമ ഒതുങ്ങുമ്പോള്‍ അത് സംവിധായകന്റെ പരാജയമാണ്. മറ്റൊരു രജനീകാന്ത് ചിത്രം എന്ന നിലയിലേക്ക് സിനിമ ആ രീതിയില്‍ വിലയിരുത്തപ്പെടുന്നു. തീര്‍ച്ചയായും രജനീകാന്ത് ഈ സിനിമ താങ്ങുന്നത് പ്രായമേറി ബലം ക്ഷയിച്ച തോളുകളിലാണെങ്കിലും മനോഹരമായാണ് അദ്ദേഹം അത് നിര്‍വഹിച്ചിരിക്കുന്നത്.
രജിനിയുടെ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഈ സിനിമ അദേഹത്തെ ഇഷ്ടമല്ലാത്തവര്‍ കാണാതിരിക്കുന്നതാവും നല്ലതെന്നാണ് തോന്നുന്നത്.
(മാധ്യമപ്രവര്‍ത്തകയാണ് സൌമ്യ)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)