യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ്സ് (എം) വിട്ടുനില്‍ക്കുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പങ്കെടുക്കാത്തത് എന്നാണ് കെ എം മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഭിന്നതയാണ് വിട്ടുനില്‍ക്കുന്നതിന് കാരണം എന്നാണ് സൂചന.
മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇന്ന് യോഗം വിളിച്ചത്. തര്‍ക്കങ്ങള്‍ മാറ്റിവച്ചു പ്രതിപക്ഷം എന്ന നിലയില്‍ യോജിച്ചു നീങ്ങുക എന്നതായിരുന്നു യോഗത്തിന്‍റെ ലക്ഷ്യം.
ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) നേരത്തെ ആരോപിച്ചിരുന്നു. ആരാണതിനു പിന്നിലെന്ന് അറിയാമെന്നും എന്നാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നതിനാല്‍ ആരുടേയും പേര് പുറത്ത് പറയുന്നില്ലെന്നുമായിരുന്നു മാണിയുടെ പ്രതികരണം. ഇതേത്തുടര്‍ന്ന് മുന്നണി വിടണമെന്നുവരെ കേരള കോണ്‍ഗ്രസ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു,