UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍ കത്തുന്നതിന്റെ കാരണം; ഒരു മുന്‍ സൈനികന്റെ തുറന്നുപറച്ചില്‍

ദിനേശ് തിവാരി നേപ്പാള്‍ സ്വദേശിയാണ്. മാവോയിസ്റ്റ് കലാപകാലത്തായിരുന്നു അയാളുടെ ബാല്യം. ഒരു സൈനിക ഓഫീസറായി അയാള്‍ ജോലി ചെയ്തത് കാശ്മീരിലാണ്. തന്റെ ഹൃദയസ്പൃക്കായ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൌമാരക്കാരന്‍ എന്ന നിലയില്‍ താന്‍ കടന്നു പോയ വഴികളും കാശ്മീരി യൂത്തിന്റെ ഇന്നത്തെ ജീവിതവും അവതരിപ്പിക്കുകയാണ് ദിനേശ് തിവാരി

ഞാന്‍ കാശ്മീരില്‍ പോയിട്ടുണ്ട്. വിനോദ സഞ്ചാരി ആയിട്ടല്ല.

ഞാന്‍ അവിടെ ജീവിച്ചിട്ടുണ്ട്. അവിടെ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യാ മഹാരാജ്യത്തിന്റെ സൈനിക വിഭാഗത്തിന്റെ ഭാഗമായിരുന്ന ഞാന്‍ ആ സ്വര്‍ഗത്തെ അവിടുത്തെ താമസക്കാരില്‍ നിന്നും സംരക്ഷിക്കുകയായിരുന്നു. പിന്നെ ചില കുരുത്തംകെട്ട അയല്‍ക്കാരില്‍ നിന്നും.

21 വയസ്സുണ്ടായിരുന്ന ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളില്‍ ഒന്നിന്റെ ഭാഗമായും, അതിന്റെ അധികാരം എന്റെ തോളില്‍ കൊരുത്തിട്ടും, നിശ്ചയദാര്‍ഢ്യം എന്റെ കയ്യിലെ എ.കെ.യുടെ രൂപത്തില്‍ ഉയര്‍ത്തിപ്പിടിച്ചും, അവിടുത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു ബുര്‍ഹാന്‍ വാനിമാരും നടക്കാത്ത അത്രയും അധികാരത്തോടെ നടന്നു.

നേപ്പാള്‍ പൗരനായ ഞാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നെ സംബന്ധിച്ചുള്ള വൈരുധ്യങ്ങളില്‍ ഒന്ന് മാത്രമായിരുന്നു.

ഒരു സംഘം ആയുധധാരികളെ പ്രശ്നബാധിതമായ ഒരു പ്രദേശത്തുകൂടി നയിക്കുമ്പോള്‍ ഞാന്‍ നേപ്പാളില്‍ ചിലവഴിച്ച, വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയുള്ള നിരോധനാജ്ഞയിന്മേല്‍ രോഷാകുലനായി നടന്ന എന്റെ കൌമാരത്തെ പറ്റി ഓര്‍മിച്ചു.

മാവോയിസ്റ്റ് കലാപം അതിന്റെ കൊടുമുടിയിലെത്തി നില്‍ക്കുമ്പോള്‍ ഞാനൊരു കൌമാരക്കാരന്‍ ആയിരുന്നു. ചെക്ക്പോസ്റ്റില്‍ വെച്ച് ഒരു പോലീസുകാരന്‍ പറഞ്ഞത് കേള്‍ക്കാന്‍ പറ്റാത്തതിനാല്‍ രണ്ടാമത് ചോദിച്ചതിന് എന്നെ ദേഹപരിശോധനയ്ക്ക് വിധേയനാക്കുകയും അപമാനിക്കുകയും കുത്തിയിരിക്കാനും പുഷ് അപ്പ് എടുക്കാനും നിര്‍ബന്ധിക്കുകയും ചെയ്തു ഒരിക്കല്‍.

ഞങ്ങളുടെ വീടുകളില്‍ അവര്‍ സ്ഥിരം സന്ദര്‍ശനത്തിന് വരുമായിരുന്നു – യൂണിഫോം ഉള്ള പോലീസ്, യൂണിഫോം ഇല്ലാത്ത പോലീസ്, രഹസ്യപോലീസ് ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യ പോലീസ്, പുതപ്പുകള്‍ക്കടിയില്‍ ആയുധങ്ങളുമായി വന്ന് ഭക്ഷണവും താമസ സൌകര്യവും പണവും ആവശ്യപ്പെട്ടിരുന്ന അപരിചിതര്‍ തുടങ്ങിയവര്‍.

ഞാന്‍ രോഷകുലനായിരുന്നു. വളരെ രോഷാകുലനായിരുന്നു. യുദ്ധവേഷങ്ങള്‍ അണിഞ്ഞ ചിത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന രാഷ്ട്രീയക്കാരനായ പ്രചണ്ഡയോട് എനിക്ക് ദേഷ്യമായിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ബുദ്ധികേന്ദ്രം ആയിരുന്ന, നേപ്പാള്‍ വിദ്യാഭ്യാസ ബോര്‍ഡില്‍ ഉയര്‍ന്ന വിജയം നേടുകയും ജെ.എന്‍.യു.വില്‍ നിന്ന് പി.എച്ച്.ഡി. എടുക്കുകയും ചെയ്ത ബാബുറാം ഭട്ടറായിയോട് എനിക്ക് ദേഷ്യമായിരുന്നു.

ബാങ്കും പോലീസ് സ്റ്റേഷനും ആക്രമിച്ച ശേഷം ആയുധങ്ങളുമേന്തി നഗരത്തിലൂടെ ജാഥ നടത്തിയ ആളുകളോട് എനിക്ക് ദേഷ്യമായിരുന്നു. എന്നെ ദേഹപരിശോധനയ്ക്ക് വിധേയനാക്കുകയും എന്റെ സാധനങ്ങള്‍ തറയിലേക്ക് വലിച്ചെറിയുകയും എന്നെ കൈയില്‍ പിടിച്ചു വലിച്ച് തറയില്‍ ചവിട്ടി പിടിക്കുകയും കൂര്‍ത്ത അഗ്രമുള്ള ഒരു സാധനം എന്റെ പിന്‍കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്ത ആ പോലീസുകാരനോടും എനിക്ക് ദേഷ്യമായിരുന്നു. എന്റെ കഴുത്തില്‍ കുത്തിയ ആ വസ്തു ഒരു വടിയല്ലായിരുന്നു, തണുത്ത് ഭാരമുള്ള എന്തോ ഒന്ന്. ഞാനത് കണ്ടില്ലെങ്കിലും എന്റെ നട്ടെല്ലിലൂടെ ഒരു വിറയല്‍ കടന്നുപോയി.

ഇതെന്റെ ദേഷ്യത്തെ വിസ്ഫോടനത്മകമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചു. എനിക്ക് സര്‍ക്കാരിനോട് ദേഷ്യമായിരുന്നു – വര്‍ഷങ്ങളോളം പോരാടാനും കൊല്ലാനും മരിക്കാനും തയ്യാറായ ജനതയെ അവഗണിച്ച സര്‍ക്കാരിനോട്. പിന്നെ, എനിക്ക് എന്നോട് തന്നെയും ദേഷ്യമായിരുന്നു. കാരണം എന്തെന്നറിയാതെ, കൃത്യമായ ലക്ഷ്യമില്ലാതെ എനിക്കുള്ളില്‍ ദേഷ്യം വളര്‍ന്നു വലുതാകുകയും എന്നെ വീര്‍പ്പുമുട്ടിക്കുകയും ചെയ്തിരുന്നു.

ഞാന്‍ ഭാഗ്യവാനായിരുന്നു. എനിക്ക് രക്ഷപ്പെടാന്‍ ഉള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ കൃത്യ സമയത്ത് രക്ഷപ്പെടുകയും ചെയ്തു.

ഒരിക്കല്‍ സുന്ദരനായ ഒരു കാശ്മീരി ബാലന്‍ എന്നോട് തികഞ്ഞ നിഷ്ക്കളങ്കതയോടെ ഞാന്‍ കാശ്മീരി ആണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വാക്കുകള്‍ക്കായി തപ്പിത്തടയുകയായിരുന്നു. എനിക്ക് അവനോട് അതെ എന്ന് പറയണമെന്നുണ്ടായിരുന്നു. നമ്മള്‍ കാശ്മീരികള്‍ ആണെന്നും സ്വര്‍ഗ്ഗ വാസികള്‍ ആണെന്നും പറയണമെന്നുണ്ടായിരുന്നു. ഞങ്ങള്‍ അവര്‍ക്ക് വേണ്ടിയാണു അവിടെ നിലകൊള്ളുന്നതെന്ന് പറഞ്ഞു കൊടുക്കണം എന്നുണ്ടായിരുന്നു. അവനെ നോക്കി ഒന്ന് നന്നായി ചിരിച്ച്, കവിളില്‍ പിടിച്ച്, മുടിയിലൂടെ കൈ ഓടിച്ചിട്ട് ഞാന്‍ കാശ്മീരി ആണെന്നും കശ്മീരിനെ എനിക്ക് ഇഷ്ടമാണെന്നും അവനെ ഇഷ്ടമാണെന്നും പറയണമെന്നുണ്ടായിരുന്നു.

പക്ഷെ ഞാന്‍ പറഞ്ഞില്ല. കാരണം ഞാന്‍ കാശ്മീരിനെ സ്നേഹിച്ചിരുന്നില്ല. എനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നില്ല. ഞാനൊരു കാശ്മീരി അല്ലായിരുന്നു. ഞാനൊരു വിനോദസഞ്ചാരിയും അല്ലായിരുന്നു.

കാശ്മീര്‍ എനിക്ക് എന്റെ ജോലിയുടെ ഭാഗം മാത്രമായിരുന്നു. എന്റെ കഴിവിന്റെ പരമാവധി അര്‍പ്പിച്ച് ചെയ്തു തീര്‍ക്കേണ്ട കഷ്ടപ്പാടുള്ള ഒരു ജോലി ആയിരുന്നു. ഞാന്‍ സ്വര്‍ഗത്തിലേക്ക് കാല്‍ എടുത്തു വെക്കുന്നതിനു മുന്പ് ക്യാമറയും പ്രണയ നോവലുകളും ഗുല്‍സാറിന്റെ കവിതകളും അല്ല പായ്ക്ക് ചെയ്തത്. എന്റെ സാഹിത്യം രക്തപങ്കിലമായിരുന്നു. മുന്നൊരുക്കമായി എന്നെ പഠിപ്പിച്ചത് ഈ നാടിന്‍റെ സൗന്ദര്യം അല്ലായിരുന്നു, കലാപബാധിത പ്രദേശങ്ങള്‍ ഏതൊക്കെയുണ്ടെന്നു ആയിരുന്നു. പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ വെച്ചുണ്ടായ പ്രണയ സല്ലാപങ്ങളെ പറ്റിയല്ലായിരുന്നു ഞാന്‍ വായിച്ചത്, മറിച്ച് അവിടെ ഉണ്ടായിട്ടുള്ള ഏറ്റുമുട്ടലുകളെ കുറിച്ചായിരുന്നു. എനിക്ക് കാശ്മീര്‍ ആസ്വദിക്കാനുള്ള ഒന്നായിരുന്നില്ല, മറിച്ച് വിലയിരുത്തുകയും പ്രവര്‍ത്തിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ട സ്ഥലമായിരുന്നു. എനിക്ക് നിഷ്ക്കളങ്കരായ കുട്ടികള്‍ അത്ര നിഷ്കളങ്കരായിരുന്നില്ല. കുട്ടികള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങളെ പറ്റിയും ആയുധങ്ങളെ പറ്റിയും കേസ് സ്റ്റഡികളില്‍ വിശദമായി വായിച്ചതാണ് അപ്പോള്‍ ഓര്‍മ്മ വന്നത്. ആ കുട്ടിയുടെ നീലക്കണ്ണുകളും പിങ്ക് കവിളുകളും പുഞ്ചിരിയും ശ്രദ്ധിക്കുന്നതിനു മുന്പ് എനിക്കവന്റെ ശരീരം പരിശോധിക്കണമായിരുന്നു. കൈ നീട്ടി അവന്റെ തലയില്‍ തഴുകാന്‍ തുടങ്ങുന്നതിന്  മുന്‍പ് ഞാന്‍ എ.കെയില്‍ എന്റെ പിടി മുറുക്കി.

അല്ല സുഹൃത്തേ, ഞാന്‍ കാശ്മീരി അല്ല. ആകാന്‍ എനിക്ക് പറ്റുകയില്ല. ഞാന്‍ ആകണമെന്ന് ആരും പ്രതീക്ഷിച്ചിട്ടും ഇല്ല. ആവാന്‍ ഞാന്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല. ഒരു കാശ്മീരി ആവാന്‍ ഞാന്‍ ശീലിപ്പിക്കപ്പെട്ടിട്ടുമില്ല. എനിക്ക് നിങ്ങളെയോ നിങ്ങളുടെ കാശ്മീരിനെയോ ഇഷ്ടമല്ല. സ്നേഹിക്കാന്‍ എനിക്ക് പറ്റുകയില്ല. ഞാന്‍ സ്നേഹിക്കണമെന്ന് ആരും പ്രതീക്ഷിച്ചിട്ടും ഇല്ല. സ്നേഹിക്കാന്‍ എന്നെ പഠിപ്പിക്കപ്പെട്ടിട്ടില്ല. കാശ്മീരിനെ സ്നേഹിക്കാന്‍ ഞാന്‍ ശീലിപ്പിക്കപ്പെട്ടിട്ടുമില്ല.

ഞാനൊരു ഉത്തരത്തിനായി തപ്പിത്തതടയുകയായിരുന്നു. ഞാനൊന്നും പറഞ്ഞില്ല.

അപ്പോള്‍ അവന്റെ അമ്മ എങ്ങുനിന്നോ ഓടി വന്ന് എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവനെ എടുക്കുകയും വേഗം നടന്നു പോകുകയും ആണ് ചെയ്തത്. ഇന്നവന് ബുര്‍ഹാനിയുടെ പ്രായം ആയിക്കാണും. ഇപ്പോഴും എനിക്ക് അവനെ ഇഷ്ടമല്ല. കാശ്മീര്‍ കത്തുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍