അഴിമുഖം പ്രതിനിധി
കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്‍റണിക്ക് ജീവപര്യന്തം. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട മണിയൻ പിള്ളയുടെയും ആന്റണിയുടെ ആക്രമണത്തിൽ പരിക്കേറ്റ ജോയിയുടെയും കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.
കൊലപാതകം, വധശ്രമം, കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍,വഞ്ചിക്കണം എന്ന ഉദ്ധേശത്തോടെ വ്യാജ രേഖ ചമയ്ക്കല്‍, വ്യാജ രേഖ ഉപയോഗിച്ചുള്ള തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. വധശിക്ഷ വിധിക്കേണ്ടതില്ല എന്ന് പ്രോസിക്യുഷന്‍ തന്നെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആട് ആന്റണിക്ക് തൂക്കുകയറാണു നൽകേണ്ടിയിരുന്നതെന്നും ജീവനോടെ അയാൾ ഒരിക്കലും പുറത്തിറങ്ങരുതെന്നും കൊല്ലപ്പെട്ട മണിയൻപിള്ളയുടെ ഭാര്യ സംഗീത കോടതി വിധിയോടു പ്രതികരിച്ചു.
പ്രോസിക്യുഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ജി. മോഹന്‍ രാജും പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് ബി.എന്‍ ഹസ്കറും കോടതിയില്‍ ഹാജരായി. കഴിഞ്ഞ മാസം 14ന് ആരംഭിച്ച വിചാരണയില്‍ പ്രോസിക്യുഷന്‍ മുപ്പതു സാക്ഷികളെ വിസ്തരിച്ചു. 72 രേഖകളും കോടതിയില്‍ ഹാജരാക്കി.
2012 ജൂണ്‍ 26ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ആന്‍റണിയെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റുന്നതിനിടെയാണ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തുകയും എ എസ് ഐ ജോയിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കൊലയ്ക്കു ശേഷം തിരുവനന്തപുരത്തെത്തിയ ആന്‍റണി കാമുകി സൂസനൊപ്പം രക്ഷപ്പെട്ടിരുന്നു. മൂന്നു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പാലക്കാട് ഗോപാലപുരത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ നിന്നും 2015 ഒക്ടോബര്‍ 13ന് ആന്റണിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.