UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരെതിര്‍ത്താലും നാലാം തൂണ് ഉറച്ചു തന്നെ നില്‍ക്കണം

സാജു കൊമ്പന്‍

കേരളത്തിലെ മാധ്യമ മേഖല വളരെ അസാധാരണമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണ്. ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍ ഒന്നെന്നു മേനി നടിക്കുന്ന അതിപ്പോള്‍ ഒറ്റയ്ക്കാണ്. അതിന്റെ പകപ്പും അങ്കലാപ്പും ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ട് (മാധ്യമ മുതലാളിമാര്‍ക്കില്ലെങ്കിലും.) മുന്‍പ് അനുഭവിച്ച പല സുഖങ്ങളും സൗകര്യങ്ങളും കണ്‍മുന്‍പില്‍ നഷ്ടപ്പെടുന്ന വേവലാതിയായി വേണമെങ്കില്‍ ഇതിനെ വ്യാഖ്യാനിക്കാം. പക്ഷേ അതിനുമപ്പുറം പുതിയ പ്രവണതകള്‍ ചില അപകടകരമായ സൂചനകള്‍ നല്‍കുന്നുണ്ട്.

മാധ്യമങ്ങളോട് അകന്നു നില്‍ക്കുന്നതിന്റെ ആദ്യ മാതൃക അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. മാധ്യമങ്ങളോട് നേരിട്ടു സംവദിക്കാതെ സ്വന്തം പി ആര്‍ ശൃംഖലയിലൂടെ പുറത്തുവിടുന്ന വിവരങ്ങളിലൂടെയാണ് മോദിയുടെ പോക്ക്. ഈ അടുത്തകാലത്ത് ഇന്ത്യന്‍ തീവ്ര ദേശീയതയുടെ മാധ്യമ ഉച്ചഭാഷിണിയായ അര്‍ണോബ് ഗോസ്വാമിക്ക് മാത്രമാണ് നേരിട്ടൊരു അഭിമുഖം അദ്ദേഹം നല്‍കിയത്. മോദിയുടെ സംഘം എഴുതി തയ്യാറാക്കി നല്‍കുന്ന അഭിമുഖങ്ങളെ കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ഇതിനകം അനുഭവം പങ്കു വെച്ചു കഴിഞ്ഞു. തന്റെ എണ്ണം പറഞ്ഞ വിദേശ യാത്രകളിലൊന്നും മോദി മാധ്യമ പ്രവര്‍ത്തകരെ കൂടെ കൊണ്ടുപോകാറില്ല. എന്നാല്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ ആവോളം നല്‍കുന്നതിലൂടെ മാധ്യമ മുതലാളിമാരെ വേണ്ടുംവണ്ണം സന്തോഷിപ്പിക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.

ഇനി കേരളത്തിലേക്ക് വരാം. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലം മാധ്യമങ്ങള്‍ക്ക് സുവര്‍ണ കാലമായിരുന്നു. വര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. തുറന്നു വെച്ച പുസ്തകം പോലെ സുതാര്യമായിരുന്നു മുഖ്യമന്ത്രിയും ഓഫിസും. അധികം അദ്ധ്വാനിക്കാതെ തന്നെ എക്‌സ്‌ക്ലൂസിവുകള്‍ പത്രക്കാരെ തേടി വന്നു. വിവാദങ്ങള്‍ ഭക്ഷിച്ചു മാധ്യമങ്ങള്‍ കൊഴുത്തു. പ്രതിച്ഛായ നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ഭരണനേട്ടത്തിന്റെ പരസ്യ പ്രചരണത്തിലൂടെയായിരുന്നു. അതും മാധ്യമങ്ങള്‍ക്ക് ഗുണമായി. പ്രതിപക്ഷത്തിന്റെ ഇടപെടലിനെക്കാള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ തള്ളി ഇട്ടത് മാധ്യമ ആക്റ്റിവിസമായിരുന്നു. ഇടതു സര്‍ക്കാര്‍ വരുന്നു എന്ന ശക്തമായ ട്രെന്‍ഡ് സൃഷ്ടിക്കാന്‍ എന്തായാലും മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു.

എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതോടെ മാധ്യമങ്ങളോടുള്ള നിലപാടില്‍ മാറ്റം വന്നു. പാലം കടക്കും വരെ നാരായണ പാലം കടന്നപ്പോള്‍ കൂരായണ എന്ന മട്ട്. പിണറായിയുടെ പ്രഖ്യാപനം ഇടിത്തീ പോലെയാണ് വന്നത്. മന്ത്രിസഭ യോഗത്തിനു ശേഷം തീരുമാനങ്ങള്‍ ബ്രീഫ് ചെയ്യുന്ന പരിപാടി ഇനി ഇല്ല. തലസ്ഥാനത്തെ മാധ്യമ തമ്പുരാക്കന്മാര്‍ക്ക് ഹാലിളകി. മാധ്യമ സ്വാതന്ത്ര്യ വാളുമായി അവരിറങ്ങി. അടുത്ത സ്‌റ്റെപ്പില്‍ പിണറായി ഒരു കാര്യം കൂടി കടത്തിപ്പറഞ്ഞു. എന്റെ പണി പി ആര്‍ ഒയുടേതല്ല. അതേ സമയം മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശം വഴി നല്‍കുന്നതിനും പിണറായി തടസം പറഞ്ഞു. സര്‍ക്കാര്‍ കോടതിയിലേക്ക് നീങ്ങി. ഫയലിലെ ജീവിത പ്രസംഗമൊക്കെ ആഘോഷിച്ച മാധ്യമങ്ങള്‍ പിണറായിയില്‍ ഒരു ഏകാധിപതിയെ കണ്ടു. മാധ്യമങ്ങളോട് സ്വതന്ത്രമായി സംസാരിക്കുന്നതില്‍ നിന്നു അപ്രഖ്യാപിതമായ ചില വിലക്കുകള്‍ ഉള്ള രീതിയിലായിരുന്നു മന്ത്രിമാരുടെയും ഇടപെടലുകള്‍. അതിരപ്പിള്ളിയും ഈ പി ജയരാജന്റെ മുഹമ്മദലി അനുസ്മരണവുമൊക്കെ മാധ്യമങ്ങളില്‍ നിന്നു അകന്നു നില്‍ക്കുന്നതാണ് സെയ്ഫ് എന്ന ധാരണ മന്ത്രിമാര്‍ക്കും ഉണ്ടാക്കി എന്നു വേണം കരുതാന്‍.

അതിനിടയില്‍ വീണു കിട്ടിയ എം കെ ദാമോദരന്‍ വിവാദം മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചു. ഭരണത്തില്‍ കയറിയ ഉടനെ പിണറായിക്ക് കിട്ടിയ പ്രതിച്ഛായ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണു. സാന്റിയാഗോ മാര്‍ട്ടിനും ക്വാറി മാഫിയയ്ക്കും ഐ എന്‍ ടി യു സി നേതാവ് ചന്ദ്രശേഖരനുമൊക്കെ ഹാജരാകുന്ന വക്കീലാണ് പിണറായിയെ ഉപദേശിക്കുന്നത് എന്ന പ്രചരണം പിണറായിയുടെ അഴിമതി വിരുദ്ധ പ്രസംഗങ്ങളെ വെള്ളത്തില്‍ എഴുതിയ വരപോലെയാക്കി. പ്രതിപക്ഷം നിശബ്ദരായിരുന്നു എങ്കിലും ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എം കെ ദാമോദരന്റെ നിയമനത്തിന് എതിരെ ഹൈക്കോടതിയില്‍ പോകാന്‍ തീരുമാനിച്ചതോടെ മുന്‍നിലപാടില്‍ നിന്നു പിണറായിക്കും എം കെ ദാമോദരനും പിന്‍മാറേണ്ടി വന്നു. കുമ്മനത്തിന്റെ ഇടപെടലിനെക്കാള്‍ ഇതിന് ആക്കം കൂട്ടിയത് മാധ്യമങ്ങളുടെ അതിശക്തമായ എഴുത്തായിരുന്നു.

ഇതിന്റെയൊക്കെ തുടര്‍ച്ചയായി ഒരു തിരക്കഥയില്‍ എഴുതിവെച്ച പോലെയാണ് ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും വക്കീലന്‍മാരും തമ്മില്‍ കയ്യാങ്കാളി നടക്കുന്നത്. ആര് ആദ്യമടിച്ചു? ആര്‍ക്കാണ് കൂടുതല്‍ അടികൊണ്ടത്? എന്നൊക്കെ ചര്‍ച്ച ചെയ്യുന്നതിനപ്പുറം ജനാധിപത്യത്തിന്റെ രണ്ടു തൂണുകള്‍ തമ്മിലുള്ള സംഘര്‍ഷം ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി. ഹൈക്കോടതിക്ക് പിന്നാലേ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും കയ്യാങ്കളി അരങ്ങേറി. ഒടുവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊല്ലത്ത് ആട് ആന്റണിയുടെ കേസ് വിധി പറയുന്നതു വരെ മാറ്റിവെച്ചു. പിന്നിട് വിധി പറഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിക്കകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. ഒരു പോലീസ് ഓഫീസറാണ് വിധി സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ചത്. ഏറ്റവും ഒടുവില്‍ കോഴിക്കോട് ഐസ്‌ക്രീം കേസിന്റെ റിവിഷന്‍ പെറ്റീഷന്‍ എടുക്കുന്ന കോടതിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇവിടെ അഭിഭാഷകരായിരുന്നില്ല, പകരം പോലീസാണ് മാധ്യമങ്ങളോടു മോശമായി പെരുമാറിയത്. കൂടാതെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ മാവോവാദി രൂപേഷിന്റെ കേസെടുക്കുന്നത് കൊണ്ട് സുരക്ഷ ഉറപ്പ് വരുത്തണം എന്ന് ജില്ലാ ജഡ്ജി ആവശ്യപ്പെട്ടതിണനുസരിച്ചാണ് ഈ നടപടി എന്നാണ് പോലീസ് ഭാഷ്യം.

സംസ്ഥാനത്ത് ജൂഡീഷ്യല്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് ഒരുപരിധി വരെ സത്യമാണ് എന്ന് അംഗീകരിക്കേണ്ടി വരും. ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടും സമാന സ്വഭാവമുള്ള സംഭവങ്ങള്‍ അരങ്ങേറിയത് ചിലര്‍ അവസരം മുതലെടുക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്.

അതേ സമയം മാധ്യമങ്ങള്‍ക്കിത് സ്വയം വിമര്‍ശനത്തിന്റെയും അവസരമാണ്. ആലസ്യ ജേര്‍ണലിസത്തില്‍ നിന്നും സ്ഥാപിത താത്പര്യ ജേര്‍ണലിസത്തില്‍ നിന്നും കൂലി എഴുത്തില്‍ നിന്നും മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവാദം ഭക്ഷിച്ചു തടിച്ചു കൊഴുക്കുന്ന പ്രസ്ഥാനങ്ങള്‍ എന്ന ചീത്തപ്പേരില്‍ നിന്നു മാധ്യമങ്ങള്‍ മുക്തി നേടേണ്ടിയിരിക്കുന്നു. എന്തും സെന്‍സേഷണലിസത്തിലേക്ക് ചുരുക്കുന്ന കാമ്പില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നു മാധ്യമങ്ങള്‍ പിന്‍വാങ്ങേണ്ടിയിരിക്കുന്നു. വിവരങ്ങള്‍ എളുപ്പത്തില്‍ കിട്ടുമ്പോഴല്ല മറിച്ചു തടസ്സങ്ങള്‍ കൂടുമ്പോഴാണ് മികച്ച വാര്‍ത്തകള്‍ ഉണ്ടാകുക എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തങ്ങള്‍ ചെയ്യുന്ന അതേ ജോലി സത്യസന്ധമായി ചെയ്യുന്നതിന്റെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ട് എന്ന യാഥാര്‍ഥ്യം ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. 

മാധ്യമ പ്രവര്‍ത്തനം തടയുന്നത് മോദി ആയാലും പിണറായി ആയാലും എം കെ ദാമോദരനായാലും നിര്‍ഭയമായി നേരിടാന്‍ തയ്യാറാവുക തന്നെ വേണം. മൂര്‍ച്ചയേറിയ എഴുത്തിലൂടെയായിരിക്കണം പ്രതിരോധം തീര്‍ക്കേണ്ടത്. ഈ മൂര്‍ച്ചയാണ് ലെജിസ്ലേച്ചറും എക്‌സികുട്ടീവും ജുഡീഷ്യറിയും ഒന്നിച്ചെതിര്‍ത്താലും ഈ നാലാം തൂണിനെ ഉറപ്പിച്ച് നിര്‍ത്തുന്നത്.

അടിക്കുറിപ്പ്: അംബാനിയുടെ ന്യൂസ് 18 ചാനലിലേക്ക് ലക്ഷങ്ങളുടെ മോഹശമ്പളത്തിന് ചാനല്‍ പ്രവര്‍ത്തകര്‍ ഒഴുകുന്നു എന്ന് വാര്‍ത്ത.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് സാജു കൊമ്പന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍