കര്‍ണാടകയിലെ മാണ്ഡ്യ, കലബുര്‍ഗി, ഷിമോഗ, ഉത്തര്‍പ്രദേശിലെ അമേഠി, മഹാരാഷ്ട്രയിലെ ബാരാമതി എന്നിവയ്ക്ക് പുറമെ തിരുവനന്തപുരത്തും 40 കോടിയിലേറെ ചിലവ് വന്നിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ മൊത്തം ചിലവ് 55,000 കോടി രൂപ മുതല്‍ 60,000 കോടി രൂപ വരെ എന്ന് റിപ്പോര്‍ട്ട്. 45 ശതമാനവും ചിലവാക്കിയത് ബിജെപിയാണ്. 1998ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ചിലവായതിന്റെ ആറ്-ഏഴ് മടങ്ങാണ് ഇത്തവണ ചിലവ് വന്നിരിക്കുന്നത്. 98ല്‍ 9000 കോടിയോളമാണ് മൊത്തം ചിലവ് വന്നത് എന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ Poll Expenditure – 2019 elections എന്ന റിപ്പോര്‍ട്ട് പറയുന്നു. ബിജെപി 1998ലെ തിരഞ്ഞെടുപ്പില്‍ ചിലവഴിച്ചത് 20 ശതമാനമായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം പണമൊഴുകിയത് വടകരയിലും തിരുവനന്തപുരത്തുമാണ് എന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് (സിഎംഎസ്) പറയുന്നു.
ഒരു വോട്ടിന് 700 രൂപ എന്ന നിലയിലുള്ള ചിലവാണ് ഇത്തവണ വന്നിരിക്കുന്നത്. ഒരു സീറ്റിന് 100 കോടി രൂപ. കര്‍ണാടകയിലെ മാണ്ഡ്യ, കലബുര്‍ഗി, ഷിമോഗ, ഉത്തര്‍പ്രദേശിലെ അമേഠി, മഹാരാഷ്ട്രയിലെ ബാരാമതി എന്നിവയ്ക്ക് പുറമെ തിരുവനന്തപുരത്തും 40 കോടിയിലേറെ ചിലവ് വന്നിട്ടുണ്ട്. ഒരു ലോക്സഭ മണ്ഡലത്തില്‍ ശരാശരി ചിലവഴിച്ച തുക 100 കോടി രൂപ.
2009ല്‍ തിരഞ്ഞെടുപ്പ് ചിലവിന്റെ 45 ശതമാനവും കോണ്‍ഗ്രസിന്റേതായിരുന്നു. ഇത്തവണ മൊത്തം ചിലവിന്റെ 15 – 20 ശതമാനമേ കോണ്‍ഗ്രസിനുള്ളൂ. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 12000 മുതല്‍ 15000 കോടി വരെ രൂപ 20 മുതല്‍ 25 ശതമാനം വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ട്. 10 മുതല്‍ 12 ശതമാനം വരെ വോട്ടര്‍മാര്‍ തങ്ങള്‍ക്ക് നേരിട്ട് പണം ലഭിച്ചതായി സമ്മതിക്കുന്നു.
പ്രചാരണത്തിനും പബ്ലിസിറ്റിക്കുമായി 20,000 മുതല്‍ 25,000 കോടി വരെ ചിലവായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് ചിലവായത് 15 മുതല്‍ 20 ശതമാനം വരെ. സ്ഥാനാര്‍ത്ഥികള്‍ ചിലവഴിച്ചത് 40 ശതമാനം, രാഷ്ട്രീയ പാര്‍ട്ടികള്‍ 35 ശതമാനം. പലയിടങ്ങളിലും ഇടനിലക്കാര്‍ വഴിയാണ് പണം നല്‍കിയിരിക്കുന്നത്. എല്ലാവര്ക്കും പണം നല്കുകയല്ല ചെയ്തിരിക്കുന്നത്. നിരവധി പേര്‍ക്ക് വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. പെന്ഷന്, ജോലി, വീട് നിര്‍മ്മാണം അടക്കം വിവിധ വാഗ്ദാനങ്ങളാണ് വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്ന ആന്ധ്രപ്രദേശില്‍ വോട്ടര്‍മാര്‍ക്ക് 1000 മുതല്‍ 2000 രൂപ വരെയാണ് ഇരു തിരഞ്ഞെടുപ്പുകളിലേയും വോട്ടുകള്‍ക്കായി നല്‍കിയിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ്, ഖനി, കോര്‍പ്പറേറ്റ്, ചിട്ട് ഫണ്ട്, മേഖലകളില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എന്‍ആര്‍ഐകളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നുമാണ് പ്രധാനമായും ഫണ്ട് വന്നിരിക്കുന്നത്.