അപകടത്തില്‍ പരിക്കേറ്റ ബിജു ചക്രക്കസേരയിലാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയത്
പോലീസ് സ്റ്റേഷനില്‍ വച്ച് കാലില്‍ കെട്ടിപ്പിടിച്ച് ‘അങ്കിളേ രക്ഷിക്കണേ’യെന്ന് നീനു കരഞ്ഞ് പറഞ്ഞതായി ഗാന്ധിനഗര്‍ മുന്‍ എഎസ്ഐ ടിഎം ബിജുവിന്റെ മൊഴി. കെവിന് വധക്കേസില്‍ കോടതിയില്‍ മൊഴി നല്കാനെത്തിയതാണ് ബിജു. വനിതാ പോലീസ് എത്തി നീനുവിനെ സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയതായും ബിജു മൊഴിനല്‍കി.
കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സാനു ചാക്കോയും സംഘവും എത്തിയപ്പോള്‍ രാത്രി പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങി വിട്ടയച്ച സംഭവത്തില്‍ ബിജുവിനെ പിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനിടെ അപകടത്തില്‍ പരിക്കേറ്റ ബിജു ചക്രക്കസേരയിലാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയത്.
പിതാവ് ചാക്കോ ജോണിന്റെ പരാതിയില്‍ നീനുവിനെ മുന്‍ എസ്ഐ എംഎസ് ഷിബു സ്റ്റേഷനില്‍ വിളിച്ചുവരുത്തി. കെവിനുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ചാക്കോയ്ക്കൊപ്പം പോകാനാണ് എസ്ഐ നീനുവിനോട് പറഞ്ഞതെന്നും ബിജു മൊഴിനല്‍കി. ചാക്കോ നീനുവിനെ ബലമായി കാറില്‍ കയറ്റാന്‍ നോക്കിയപ്പോഴാണ് നീനു തന്റെ കാലില്‍ കെട്ടിപ്പിടിച്ച് കരഞ്ഞത്. സമയോചിതമായി ഇടപെട്ടതിനാലാണ് അനീഷിന്റെ ജീവന് രക്ഷിക്കാനായത്.
കെവിനെ തട്ടിക്കൊണ്ട് പോയ 2018 മെയ് 26ന് പുലര്‍ച്ചെ 2.30ന് രാത്രികാല നിരീക്ഷണത്തിന് പോകുമ്പോള്‍ മാന്നാനത്ത് വച്ച് കാര്‍ കണ്ടു. സാനുവും ഇഷാനുമാണ് കാറിലുണ്ടായിരുന്നത്. അമ്മഞ്ചേരിയില്‍ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിന് വന്നതാണെന്നാണ് മൊഴി നല്‍കിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റിലെ ചെളി കണ്ട് തിരക്കിയപ്പോള്‍ മറ്റൊരു കാറും ബൈക്കും തമ്മില്‍ അപകടമുണ്ടായെന്നും അപകടമുണ്ടാക്കിയത് തങ്ങളാണെന്ന് തെറ്റിദ്ധരിച്ച് ബൈക്കുകാര് പിന്തുടരുന്നുണ്ടെന്നുമായിരുന്നു മറുപടി. രക്ഷപ്പെടാനായി ചെളിയുള്ള വഴിയിലൂടെ പോയപ്പോള്‍ നമ്പര്‍ പ്ലേറ്റില്‍ ചെളി പുരണ്ടതാണെന്നും സാനു പറഞ്ഞു.
ഇരുവരുടെയും രേഖകള്‍ പരിശോധിച്ച് ചിത്രം പകര്‍ത്തിയ ശേഷം വിട്ടയച്ചു. കുറച്ച്കഴിഞ്ഞ് വീണ്ടും സാനുവിന്റെ കാര്‍ കണ്ടു. അവര്‍ക്ക് എംസി റോഡിലെത്താനുള്ള വഴി പറഞ്ഞുകൊടുത്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോയ വിവരം അറിഞ്ഞു. ഉടന്‍ അനീഷിന്റെ വീട്ടിലെത്തി. കെവിന്റെ ബന്ധുക്കളില്‍ നിന്നും ഫോണ്‍ നമ്പര്‍ എടുത്ത് നീനുവിന്റെ പിതാവിനെ വിളിച്ചു. ഫോണ്‍ കട്ടാകുന്നതിന് മുമ്പ് പോലീസ് എല്ലാം അറിഞ്ഞു വേഗം രക്ഷപ്പെടാമെന്ന് ചാക്കോ പറയുന്നത് കേട്ടതായും ബിജു മൊഴിനല്‍കി.
നേരത്തെ പരിശോധിച്ച സാനുവും സംഘവുമാണ് അക്രമം നടത്തിയതെന്ന് മനസിലായപ്പോള്‍ സാനുവിനെ ഫോണില്‍ വിളിച്ചു. പെങ്ങളുടെ ഭാവി തുലഞ്ഞു, തന്റെയും ഭാവി തുലയ്ക്കാനില്ലെന്നും പിടിച്ചുകൊണ്ട് പോയവരെ ഉടന്‍ തിരിച്ചെത്തിക്കാമെന്നും സാനു പറഞ്ഞു. കെവിന് ഓടിപ്പോയെന്നാണ് സാനു പറഞ്ഞത്. കേസിലെ നിര്‍ണായകമായ മൂന്ന് ഫോണ്‍ സംഭാഷണങ്ങളും ബിജു തിരിച്ചറിഞ്ഞു. ഒന്നാം പ്രതി സാനു ചാക്കോ മൂന്നാം പ്രതി ഇഷാന് എന്നിവരെയും ബിജു തിരിച്ചറിഞ്ഞിട്ടുണ്ട്.
read more:‘ഒക്കെ ജോയ് എബ്രഹാമിന്റെ കുടിലബുദ്ധി’; എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ്