ടീം അഴിമുഖം / എഡിറ്റോറിയല്‍
റിയോ ഒളിംപിക്‌സില്‍ കായിക മന്ത്രി വിജയ് ഗോയലിന്റെ ലജ്ജിപ്പിക്കുന്ന സെല്‍ഫി പരമ്പര ഒരു അപവാദമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന പുതിയ ഭരണസംസ്‌കാരമാണത്. എങ്ങനെയും നല്ലൊരു ചിത്രം സമ്പാദിക്കുക. അത് പ്രചരിപ്പിക്കുക. സത്യം തുലയട്ടെ.
മോദി സര്‍ക്കാര്‍ ഭരണത്തെ പുനര്‍ വിഭാവനം ചെയ്യുമ്പോള്‍ ന്യൂഡല്‍ഹി ലജ്ജിക്കുകയും അമ്പരക്കുകയുമാണ്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ വീഡിയോയില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി ചൈനാ നിര്‍മിത ജെഎഫ് 17 യുദ്ധവിമാനം പ്രത്യക്ഷപ്പെട്ടത് വിജയ് ഗോയലിന് ഒളിംപിക്‌സ് സംഘാടകരുടെ മുന്നറിയിപ്പു കിട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ്.
69 വര്‍ഷത്തെ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള വിഡിയോയുടെ തുടക്കത്തിലാണ് ജെഎഫ് 17 ഇന്ത്യന്‍ ദേശീയ പതാകയുമായി പറക്കുന്നത്. വിമാനത്തില്‍ പതാക ‘വെട്ടി ഒട്ടിച്ചതാ’ണെന്നു വ്യക്തം. ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് വികസിപ്പിച്ച യുദ്ധവിമാനമായ ഇത് ഇന്ത്യ വികസിപ്പിച്ച യുദ്ധവിമാനമായ തേജസിന്റെ അതേ ശ്രേണിയില്‍പ്പെട്ടതാണ്. രണ്ടിന്റെയും കഴിവുകള്‍ തമ്മില്‍ ഒട്ടേറെ താരതമ്യവും നടന്നിരുന്നു. എന്നാല്‍ ഭരണാധികാരികള്‍ തേജസിനെ കാര്യമായി ശ്രദ്ധിച്ചില്ലെന്നുവേണം കരുതാന്‍.
മോദി സെല്‍ഫികളെ ‘ഒഴിയാബാധ’യാക്കിയതുമുതല്‍ നാം കാണുന്നവയില്‍നിന്നു വളരെ വ്യത്യാസമൊന്നും ഇതിനില്ല. സ്വയം പദവി ഉയര്‍ത്തലും പ്രചരിപ്പിക്കലും പുതിയ ഭരണകൂടത്തിന്റെ കാലത്ത് പുതിയ (അപ)മാനങ്ങള്‍ നേടുകയാണ്. ഇതിനായി എന്തു വിഡ്ഢിത്തവും കാണിക്കുമെന്നതാണ് അവസ്ഥ.
ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ സര്‍ക്കാര്‍ മന്ദിരങ്ങള്‍ വൈദ്യുതാലങ്കാരങ്ങളില്‍ തിളങ്ങുകയാണ്. രാജ്യമെമ്പാടും ദേശീയപതാകയുടെ ഘോഷയാത്ര. സ്വാതന്ത്ര്യദിനാഘോഷമെന്ന പേരില്‍ പ്രചാരണങ്ങളുടെ പെരുമഴ. വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാരെപ്പറ്റി ചിന്തയില്ല. പെല്ലറ്റുകളേറ്റ് ദുരിതമനുഭവിക്കുന്ന കശ്മീരികളെപ്പറ്റിയോ ഹിന്ദുത്വ ശക്തികളുടെ ഗോരക്ഷാപ്രവര്‍ത്തനങ്ങളാല്‍ ദളിതരും മുസ്ലിങ്ങളും നേരിടുന്ന കലാപങ്ങളെപ്പറ്റിയോ ഗൗരവമായ ചിന്തകളൊന്നുമില്ല.
ചരിത്രവിജയം നേടി അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന്റെ സ്ഥിരതയുള്ള ഏകനയം കുല്‍സിതപ്രചാരണങ്ങളോടുള്ള തീരാത്ത അഭിനിവേശം മാത്രമാണ്.
2016 ഏപ്രിലില്‍ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കായുള്ള 8.8 ബില്യണ്‍ ഡോളറിന്റെ കരാര്‍ ആയെന്നും അങ്ങനെ രാജ്യത്തിന് 3.2 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടായെന്നും കാണിച്ച് ബിജെപി പരസ്യപ്രചാരണം നടത്തി. എന്നാല്‍ കരാറായിട്ടില്ലെന്ന് പിന്നീട് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.
2015 ഡിസംബറില്‍ ചെന്നൈ വെള്ളപ്പൊക്കസമയത്ത് മോദി നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് വെള്ളപ്പൊക്ക ബാധിത പ്രദേശത്തിന്റെ സമീപദൃശ്യം ഫ്രെയിമില്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമവിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാറ്റിമറിച്ചു. ട്വിറ്ററില്‍ വിവാദമായതോടെ ചിത്രം പിന്‍വലിക്കുകയും ചെയ്തു.
അവര്‍ യഥാര്‍ത്ഥത്തില്‍ നേതാവിനെ പിന്തുടരുക മാത്രമാണ് ചെയ്തത്.
ഒരിക്കല്‍ പാര്‍ലമെന്റ് കോംപ്ലക്‌സിലെത്തിയപ്പോള്‍ തനിക്കും ക്യാമറയ്ക്കുമിടയില്‍ നിന്ന ഒരു എസ്പിജി ഉദ്യോഗസ്ഥനെ മോദി പിടിച്ചുമാറ്റി.
ജൂണില്‍ മെക്‌സിക്കോ സന്ദര്‍ശനസമയത്ത് മോദിയെ അത്താഴവിരുന്നിനു കൊണ്ടുപോകാനായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നിയെറ്റോ കാറില്‍ കയറിയപ്പോള്‍ ഇരുവരും കാറിലിരിക്കുന്ന ചിത്രം വേണമെന്ന് മോദി നിര്‍ബന്ധം പിടിച്ചു. ധൃതിയില്‍ ഒരു ഫൊട്ടോഗ്രാഫറെ കൊണ്ടുവരേണ്ടിവന്നതായി മെക്‌സിക്കന്‍, ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ സമ്മതിക്കുന്നു.
ജനങ്ങളെ കബളിപ്പിക്കാനായി മോദിയുടെ അനുയായികള്‍ നടത്തുന്ന നിരവധി ഫോട്ടോഷോപ്പ് പ്രചാരണങ്ങള്‍ക്ക് ഒപ്പം വയ്ക്കാവുന്നവയാണ് ഇവയെല്ലാം.
സാധാരണ പൗരന് ഭരണമെന്നാല്‍ സെല്‍ഫിയല്ലെന്ന് മോദി സര്‍ക്കാര്‍ മനസിലാക്കേണ്ടിയിരിക്കുന്നു. അവര്‍ക്ക് ഭരണം ന്യായവിലയ്ക്കു ലഭിക്കുന്ന ഭക്ഷണമാണ്, സമാധാനമായി ഉറങ്ങാനുള്ള അവകാശമാണ്, അവരുടെ സ്വപ്‌നങ്ങളാണ്. ആ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടെ സെല്‍ഫിക്കു സ്ഥാനമില്ല.