UPDATES

ആശയവിനിമയങ്ങൾക്ക് ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഉപയോഗിക്കാവൂ എന്ന് ദക്ഷിണ റെയിൽവേയുടെ ഉത്തരവ്

ജൂൺ 12നാണ് ഈ ഉത്തരവിറങ്ങിയത്.

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ‘പ്രാദേശിക ഭാഷകൾ’ ഉപയോഗിക്കരുത് എന്നും ആവശ്യപ്പെടുന്ന ഉത്തരവ് വിവാദത്തിൽ. ബുധനാഴ്ച പുറത്തിറങ്ങിയ ഉത്തരവിലാണ് ഡിവിഷണൽ കൺട്രോൾ ഓഫീസും സ്റ്റേഷന്‍ മാസ്റ്റർമാരും തമ്മിലുള്ള ആശയവിനിമയത്തിന്റെ ഭാഷ സംബന്ധിച്ച് പരാമർശമുള്ളത്.

ഇത്തരമൊരു നടപടിയുടെ ആവശ്യകതയും ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്. പ്രാദേശികഭാഷകൾ ഉപയോഗിക്കുമ്പോൾ പല ഉദ്യോഗസ്ഥർക്കും വിഷയം മനസ്സിലാകാത്ത സ്ഥിതി വരുമെന്നാണ് വിശദീകരണം. എന്നാൽ ഹിന്ദി അറിയാത്തവരെ ഇതിൽ പരിഗണിച്ചിട്ടില്ലെന്നാണ് ഉത്തരവിൽ നിന്നും മനസ്സിലാക്കാനാകുന്നത്.

ജൂൺ 12നാണ് ഈ ഉത്തരവിറങ്ങിയത്. ചീഫ് ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് മാനേജർ ആർ ശിവയുടേതാണ് ഉത്തരവ്. ചെന്നൈ ഡിവിഷനിലെ സെക്ഷൻ കൺട്രോളേഴ്സ്, സ്റ്റേഷന്‍ സ്റ്റാഫ്, ട്രാഫിക് ഇൻസ്പെക്ടർമാർ, സ്റ്റേഷൻ മാസ്റ്റർമാർ എന്നവര്‍ക്കെല്ലാം ഈ ഉത്തരവ് പോയിട്ടുണ്ടെന്നാണ് അറിയുന്നത്. കണ്‍ട്രോൾ ഓഫീസും സ്റ്റേഷൻ മാസ്റ്റർമാരും തമ്മിലുള്ള ആശയവിനിമയം കൂടുതൽ വ്യക്തതയുള്ളതും മനസ്സിലാക്കാൻ എളുപ്പമുള്ളതുമാക്കിത്തീർക്കുകയാണ് ഉദ്ദേശ്യമെന്ന് ഉത്തരവിലുണ്ട്. റെയില്‍വേ സിഗ്നലുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.

ഹിന്ദി ഭാഷ പാഠപുസ്തകങ്ങളിലൂടെ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന പ്രശ്നം ദക്ഷിണേന്ത്യയിൽ വ്യാപക പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണ് ഈ നടപടി. രാജ്യത്തെ സ്കൂളുകളിലെല്ലാം ഹിന്ദി ഭാഷ നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് ശുപാര്‍ശയ്ക്കെതിരെ സ്റ്റാലിൻ അടക്കമുള്ള നേതാക്കളാണ് രംഗത്തു വന്നത്. മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന നിര്‍ദ്ദേശമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് മുമ്പോട്ടു വെച്ചത്. മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും മറ്റൊരു പ്രാദേശിക ഭാഷയും എന്നതായിരുന്നു നിര്‍ദ്ദേശം. ഈ പ്രാദേശിക ഭാഷ എവിടെ നിന്നുള്ളതും തെരഞ്ഞെടുക്കാം. ഇത് ദക്ഷിണേന്ത്യന്‍ ഭാഷ തന്നെയാകണമെന്നില്ല. കെ കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മറ്റിയുടേതായിരുന്നു നിര്‍ദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍