UPDATES

ട്രെന്‍ഡിങ്ങ്

ഇതിഹാസങ്ങളുടെ റെക്കോര്‍ഡ് ഭേദിച്ചു; ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി രോഹിത്

ഒരു ലോകകപ്പ് സീസണില്‍ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി രോഹിത്.

ഈ ലോകപ്പില്‍ നാലാം സെഞ്ച്വറിയുമായി ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെതിരായ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. മത്സരത്തില്‍ ഏകദിനത്തിലെ 26-ാമത്തെ സെഞ്ച്വറിയാണ് രോഹിത് നേടിയത്. ഇതിനിടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡും രോഹിത് മറികടന്നു. 2003 ലോകകപ്പില്‍ ഗാംഗുലി മൂന്നു സെഞ്ച്വറികള്‍ നേടിയിരുന്നു. ഇതോടൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താനും താരത്തിന് കഴിഞ്ഞു.

ഇപ്പോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ രോഹിത് രണ്ടാമതെത്തി. ആറു സെഞ്ച്വറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍. അഞ്ചു സെഞ്ച്വറികള്‍ ഇപ്പോള്‍ രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയായിരുന്നു ഈ ലോകകപ്പില്‍ രോഹിത്തിന്റെ മറ്റു സെഞ്ച്വറികള്‍. റിക്കി പോണ്ടിങ്, സംഗക്കാര എന്നിവരും ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 104 റണ്‍സെടുത്തതോടെ തുടര്‍ച്ചയായി മൂന്നാം തവണയും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിനായി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (1996, 1997, 1998), എം.എസ് ധോനി (2007, 2008, 2009), വിരാട് കോലി (2011, 2012, 2013) എന്നിവരാണ് രോഹിത്തിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. തീര്‍ന്നില്ല ഈ മത്സരത്തില്‍ സെഞ്ച്വറി പ്രകടനത്തിലൂടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് രോഹിത്തിന്റെ അക്കൗണ്ടില്‍ 544 റണ്‍സായി. 516 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് രണ്ടാമത്. ഇതിനൊപ്പം ഒരു ലോകകപ്പ് സീസണില്‍ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി രോഹിത്. സച്ചിനാണ് (1996, 2003) ഇതിനു മുന്‍പ് ഈ നേട്ടം സ്വനന്തമാക്കിയ ഇന്ത്യന്‍ താരം. 2003 ലോകകപ്പില്‍ 673 റണ്‍സാണ് സച്ചിന്‍ നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍