കാറിന്റെ എൻജിൻ പ്രവർത്തനരഹിതമായതോടെ ഓട്ടോമാറ്റിക് ഡോറുകൾ തുറക്കാൻ കഴിയാതെ വരികയായിരുന്നു.
മുംബൈയിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിൽ മിക്കയിടങ്ങളും വെള്ളം പൊങ്ങിയിരിക്കുകയാണ്. വെള്ളപ്പൊക്ക കെടുതിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി ഉയർന്നിട്ടുണ്ട്. നഗരം ഏതാണ്ട് സ്തംഭിച്ചിരിക്കുകയാണ്. 21 പേർ മരിച്ചത് ഒരു മതിൽ തകർന്നുവീണാണ്. ഇന്നലെ രാത്രിയോടെയാണ് മതില് ഇടിഞ്ഞു വീണത്. മലാഡ് ഈസ്റ്റിലെ ഒരു കുന്നിൻചെരിവിലുള്ള ചേരിയിലെ മതിൽ വീഴുകയായിരുന്നു. അപകടത്തിൽ പെട്ടവർ തകര ഷീറ്റു കൊണ്ടുണ്ടാക്കിയ കുടിലുകളിൽ താമസിക്കുന്നവരാണ്. കുടിലുകളുടെ മുകളിലേക്കാണ് മതിൽ വീണത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു.
പൂനെയിലും സമാനമായ സംഭവമുണ്ടായി. ഈ മതിലിടിച്ചിലിൽ ആറുപേരാണ് മരണപ്പെട്ടത്. മുംബൈയിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയാണിത്.
മുംബൈയിലെ മലാഡിനു സമീപം വെള്ളക്കെട്ടിൽ കുടുങ്ങിയ കാറിൽ നിന്നും പുറത്തിറങ്ങാനാകാതെ കുടുങ്ങിയ യാത്രക്കാര്‍ ശ്വാസം മുട്ടി മരിച്ചു. കാറിന്റെ എൻജിൻ പ്രവർത്തനരഹിതമായതോടെ ഓട്ടോമാറ്റിക് ഡോറുകൾ തുറക്കാൻ കഴിയാതെ വരികയായിരുന്നു. ഇര്ഫാന് ഖാന് (37), ഗുല്‍ഷാദ് ഷെയ്ഖ് (38) എന്നിവരാണ് മരിച്ചത്.
കുര്‍ളയില്‍നിന്ന് ആയിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മുംബൈ വിമാനത്താവളത്തില്‍ 52 വിമാനങ്ങള്‍ റദ്ദാക്കുകയും 54 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. സ്പേസ് ജെറ്റ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി.
കാലാവസ്ഥയിൽ അടുത്ത രണ്ടുദിവസം മാറ്റമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. അവധി രണ്ടുദിവസത്തേക്കു കൂടി നീട്ടിയേക്കും. മറാത്തവാദ, വിദർഭ എന്നിവിടങ്ങളിലും മഴ രൂക്ഷമാണ്. കടലാക്രമണം കടുത്തിട്ടുണ്ട്. നാവികസേന അടിയന്തിര സഹായങ്ങൾക്കായി സജ്ജമായിട്ടുണ്ട്.