ലോകപ്രശസ്തമായ സാന്‍ ഫെര്‍മിന്‍ കാളയോട്ട ഫെസ്റ്റിവലിന് സ്പെയ്നിലെ പാംപലോണയില് തുടക്കമായി
ലോകപ്രശസ്തമായ സാന്‍ ഫെര്‍മിന്‍ കാളയോട്ട ഫെസ്റ്റിവലിന് സ്പെയ്നിലെ പാംപലോണയില് തുടക്കമായി. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിൽ ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കാറുണ്ട്. അതിനിടെ പരിപാടിക്കെതിരെ പ്രതിഷേധവുമായി മൃഗസ്നേഹികള്‍ തെരുവിലിറങ്ങി. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാംപലോണ മേയര്‍ അറിയിച്ചിട്ടുണ്ട്.
കാളയോട്ടവും കാളപ്പോരുമാണ് സാന്‍ ഫെര്‍മിന്‍ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം. ആഘോഷത്തിന്റെ ഭാഗമായി മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും കാളപ്പോര് പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും ഒരുവിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നു. രാവിലെ കാളയോട്ടത്തിന് ഉപയോഗിക്കുന്ന അതേ കാളകളെ തന്നെയാണ് വൈകിട്ട് കാളപ്പോരിന് ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ വേദന തിരിച്ചറിയാതെ, മൃഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. പാംപലോണ സിറ്റി ഹാളിന് മുന്‍പിലാണ് മൃഗാവകാശപ്രവര്‍ത്തകര്‍ പ്രതിക്ഷേധപ്രകടനം നടത്തിയത്.
അര്‍ദ്ധ നഗ്നരായ പ്രതിഷേധക്കാര്‍ കാളക്കൊമ്പ് തലയില്‍ ധരിച്ചും ചോരക്ക് സമാനമായ ദ്രാവകം ദേഹത്ത് ഒഴിച്ചും ക്രൂരതക്കെതിരെ പ്രതീകാത്മമായി പ്രതിഷേധിച്ചു. ഇതിനുമുന്‍പും സമാനമായ സമരങ്ങള്‍ അരങ്ങേറിയിരുന്നു. ഓരോ വര്‍ഷവും അറുപതോളം കാളകളാണ് ഉത്സവത്തിന്റെ ഭാഗമായി കൊല്ലപ്പെടാറുള്ളത്.
അതേസമയം, കാളയോട്ടവും കാളപ്പോരും പാംപലോണ സിറ്റിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ആഘോഷങ്ങള്‍ ഇതേ രീതിയില്‍ തന്നെ തുടരണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.