ആദ്യ രണ്ട് ഘട്ടത്തിലും കേരളത്തിന് അവഗണനയായിരുന്നു
സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന തുടരുന്നു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനത്തെ പൂര്‍ണമായി അവഗണിച്ചത്. രാജ്യത്തെമ്പാടും 1,25,000 റോഡുകള്‍ പുതുതായി നിര്‍മ്മിക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്നത് 1425 കിലോ മീറ്റര്‍ റോഡുമാത്രമാണ്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും സംസ്ഥാനത്തിന് അവഗണനയായിരുന്നു. കേരളത്തിന് 570 കിലോമീറ്റര്‍ റോഡ് മാത്രമാണ് അന്ന് അനുവദിച്ചത്. പ്രളയത്തിന്റെ ഫലമായി സംസ്ഥാനത്ത് റോഡുകള്‍ വ്യാപകമായി തകര്‍ന്നത് പോലും പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
രണ്ടാം ഘട്ടത്തില്‍ രാജ്യത്ത് ആകമാനം നടപ്പിലാക്കിയത് 50,000 കിലോമീറ്റര്‍ റോഡാണ്. സംസ്ഥാനത്തിന് കൂടുതല്‍ റോഡുകള്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പരിഗണിക്കാന്‍ പോലും കേന്ദ്രം തയ്യാറിയില്ല.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് മൂന്നാം ഘട്ടത്തിന്റെ വിശദാംശങ്ങള്‍ അംഗീകരിച്ചത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ മാനദണ്ഡമാക്കി പദ്ധതി നടപ്പിലാക്കുന്നതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. ഇതില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
80,000 കോടി രൂപയാണ് മൂന്നാം ഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളത്. ചുരുങ്ങിയത് അഞ്ച് കിലോമീറ്റര്‍ നീളമുള്ള റോഡുകളാണ് നിര്‍മ്മിക്കേണ്ടത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ അടക്കം ഉപയോഗിച്ചുളള ഹരിത നിര്‍മ്മാണ രീതിയിലൂടെ പദ്ധതി നടപ്പിലാക്കുക.