ബ്രസ്സൽസിൽ ജനിച്ച ശ്രീമതി വോൺ ഡെർ ലേയൻ ഏഴു മക്കളുടെ അമ്മയാണ്.
ജർമ്മന്‍ പ്രതിരോധ മന്ത്രി ഉർസുല വോൺ ഡെർ ലേയെനെ യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം എംഇപിമാർക്കിടയിൽ (മെമ്പര്‍ ഓഫ് യൂറോപ്യന്‍ പാര്‍ലമെന്‍റ്) നടന്ന രഹസ്യ വോട്ടെടുപ്പില്‍ പകുതിയിലധികം അംഗങ്ങളുടെ പിന്തുണയും അവർ നേടി.
യൂറോപ്യൻ യൂണിയൻ നിയമങ്ങൾ തയ്യാറാക്കുക, അത് നടപ്പിലാക്കുക, ആവശ്യമെങ്കിൽ അംഗരാജ്യങ്ങൾക്ക് പിഴ ചുമത്തുക തുടങ്ങിയ സുപ്രധാന ചുമലതകള്‍ വഹിക്കുന്നത് യൂറോപ്യൻ യൂണിയൻ കമ്മീഷനാണ്. ‘നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസം യൂറോപ്പിലര്‍പ്പിച്ച ആത്മവിശ്വാസമാണെന്ന്’ യൂറോപ്യൻ കമ്മീഷന്റെ ആദ്യ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഉര്‍സുല പറഞ്ഞു. ‘വലിയൊരു ഉത്തരവാദിത്തമാണ് നിങ്ങളെന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. എന്റെ ജോലി ഞാന്‍ ഈ നിമിഷം മുതല്‍ തുടങ്ങുന്നു. നമുക്ക് ക്രിയാത്മകമായി ഒരുമിച്ച് പ്രവർത്തിക്കാം’ പ്രസിഡണ്ടിന്റെ കന്നി പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.
327-നെതിരെ 383 വോട്ടുകളാണ് ഉര്‍സുല നേടിയത്. ആകെയുള്ള 747 എംഇപിമാരില്‍ 374 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. 751 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. നാലുപേർ സഭയില്‍ ഹാജരായില്ല.
ബ്രസ്സൽസിൽ ജനിച്ച ശ്രീമതി വോൺ ഡെർ ലേയൻ ഏഴു മക്കളുടെ അമ്മയാണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഗൈനക്കോളജിസ്റ്റായിരുന്നു. ജര്‍മ്മന്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ അത്ര മികച്ച പ്രകടനമൊന്നും കാഴ്ചവയ്ക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. സായുധ സേന നേരിടുന്ന നിരന്തരമായ ഉപകരണ ദൗർലഭ്യത്തെ മറികടക്കാന്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശം ശക്തമാണ്.
സാമൂഹ്യക്ഷേമം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് യൂറോപ്യൻ യൂണിയനെ പ്രേരിപ്പിക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു. ബ്രെക്സിറ്റിന് കൂടുതല്‍ സമയം അനുവദിച്ചു കൊടുക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപ്യൻ യൂണിയനിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് 2024 ആകുമ്പോഴേക്കും അതിർത്തി സേനയായ ഫ്രോണ്ടെക്സിലേക്ക് 10,000 പേരെ നിയമിക്കും. തൊഴിലില്ലാത്തവർക്കായി ദേശീയ ഇൻഷുറൻസ് പദ്ധതികൾ കൊണ്ടുവരുമെന്നും അവര്‍ വാഗ്ദാനം ചെയ്തു.