UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലശ്ശേരി ബ്രണ്ണന്‍ കോളേജിലും സംഘര്‍ഷം, എബിവിപിയുടെ കൊടിമരം പ്രിന്‍സിപ്പല്‍ നീക്കിയെന്ന് പരാതി, വീട്ടിലേക്ക് മാര്‍ച്ച്

എബിവിപിയുടെ കൊടിമരം ക്യാംപസിന് പുറത്തേക്ക് കൊണ്ട് പോയത് സംഘര്‍ഷം ഒഴിവാക്കാനെന്ന് പ്രിന്‍സിപ്പാള്‍ .

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ തലശ്ശേരി ബ്രണ്ണന്‍ കൊളേജിലും സംഘര്‍ഷം.  ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പൽ എടുത്തുമാറ്റിയതിനെത്തുടർന്നാണ് കോളേജിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാർ സംഘടനകൾ മാർച്ച് നടത്തുകയും ചെയ്തു.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. എബിവിപി സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമൻ, യൂണിറ്റ് അംഗങ്ങളായ വൈഷ്ണവ്, ജിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശാൽ അനുസ്മരണവുമായി ബന്ധപ്പെട്ട് കോളേജിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിനുശേഷം കൊടിമരം മാറ്റാൻ പോലീസും പ്രിൻസിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ തയ്യാറായില്ല. ഇതിനിടെയാണ് പ്രിൻസിപ്പല്‍ ഫല്‍ഗുനന്‍ നേരിട്ട് കൊടിമരം പിഴുത് ക്യാപസിസ് പുറത്ത് കൊണ്ടുപോയത്. കൊടിമരം നീക്കം ചെയ്ത് ക്യാംപസിന് പുറത്ത് പോലീസിന് കൈമാറുകയായിരുന്നു പ്രിന്‍സിപ്പല്‍.

എബിവിപി കൊടിമരം നീക്കിയ പ്രിന്‍സിപ്പാളിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറലായതോടെ വിവാദവും പ്രതിഷേധവും ആരംഭിക്കുകയും ചെയ്തു. കൊടിമരം ക്യാപസിന് പുറത്തെത്തിച്ച് തിരികെ നടന്നുവരുന്ന പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

സംഭവം വിവാദമായതോടെ പ്രതിഷേധവുമായി എബിവിപി പ്രിൻസിപ്പളിന്റെ വീട്ടിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. ധർമടം വെള്ളൊഴുക്കിലെ പ്രിൻസിപ്പളിന്റെ വീട്ടിലേക്കായിരുന്നു മാർച്ച്. പ്രിൻസിപ്പൽ കൊടിമരം പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ചായുരുന്നു സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം.

എന്നാൽ, എബിവിപിയുടെ കൊടിമരം ക്യാംപസിന് പുറത്തേക്ക് കൊണ്ട് പോയത് സംഘര്‍ഷം ഒഴിവാക്കാനെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. കോളേജില്‍ എസ്എഫ്ഐയും എബിവിപിയും തമ്മില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അത് വളര്‍ന്ന് കോളേജില്‍ ക്രമസമാധാന പ്രശ്നം ആവാതിരിക്കാനായിരുന്നു എബിവിപിയുടെ കൊടിമരം പുറത്ത് കളഞ്ഞതെന്ന് പ്രിൻസിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. കെ. ഫൽഗുനൻ വ്യക്തമാക്കുന്നു. “ക്യാംപസില്‍ എസ്എഫ്ഐയ്ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തനത്തിന് അത് ഒരു വെല്ലുവിളി തന്നെയാണ്. എസ്എഫ്ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാംപസില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. പക്ഷേ അനുമതി നല്‍കുമ്പോള്‍ തന്നെ അരമണിക്കൂറിനുള്ളില്‍ കൊടിമരം മാറ്റണമെന്ന നിബന്ധന താന്‍ വച്ചിരുന്നു. നേതാക്കള്‍ അത് സമ്മതിച്ചതുമാണ്’. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റി. ഇതോടെയാണ് ഇടപെട്ടതെ”ന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സ്ഥലത്തെത്തിയിരുന്നു എന്നും, എന്നാല്‍ അവരെ ക്യാംപസില്‍ കയറ്റരുതെന്ന് തീരുമാനിച്ചിരുന്നതിനാലാണ് താൻ തന്നെ കൊടിമരം നീക്കം ചെയ്ത് ക്യാംപസിന് പുറത്ത് പോലീസിന് കൈമാറിയത് എന്നും പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ഇത്രകണ്ട് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാംപസില്‍ പഠനാന്തരീക്ഷം നശിക്കാന്‍ പാടില്ല. അതുകൊണ്ട് നാളെ വിദ്യാര്‍ത്ഥി സംഘടനകളുമായി ഒരു സമാധാന ചര്‍ച്ച വിളിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. അനുവാദം വാങ്ങിയാണ് കൊടിമരം സ്ഥാപിച്ചതെന്ന് എബിവിപി പ്രവർത്തകരും പറഞ്ഞു.

കോഴിക്കോടിന് ഇനി അങ്ങനെയൊരു ചരിത്രമില്ല; 150 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ പൊളിച്ചു നീക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍