സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ ചുമതലയെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെയും ജേക്കബ് തോമസ് വിമര്‍ശിച്ചു
ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ പൗരന്മാരാണെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. പോലീസ് ആര്‍എസ്എസുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന്റെ അര്‍ത്ഥമെന്താണെന്നും ജേക്കബ് തോമസ് ചോദിച്ചു. കൊച്ചിയില്‍ ആര്‍എസ്എസിന്റെ ഗുരുപൂജ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുന്‍ ഡിജിപി ഇങ്ങനെ ചോദിച്ചത്.
ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ത്യയിലെ പൗരന്മാരാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ ചുമതലയെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെയും ജേക്കബ് തോമസ് വിമര്‍ശിച്ചു. ആര്‍എസ്എസുമായി തനിക്ക് നേരത്തെയും ബന്ധമുണ്ടെന്നും ജേക്കബ് തോമസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം ശബരിമലയിലും പ്രയാഗിലെ കുംഭമേളയിലും പങ്കെടുത്തിരുന്നു. ഇപ്പോള്‍ സമയമുള്ളതുകൊണ്ട് കൂടുതല്‍ സജീവമാകുന്നു.
അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് അറിയിച്ചു. രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ധൈര്യവും കരുത്തും വേണമെന്നായിരുന്നു ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് ഇനിയും നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിനുള്ള ജേക്കബ് തോമസിന്റെ മറുപടി.