UPDATES

ട്രെന്‍ഡിങ്ങ്

സമയപരിധി ലംഘിച്ച സര്‍ക്കാരിനെ ഗവര്‍ണര്‍ എന്തു ചെയ്യും? പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുമോ? കര്‍ണാടക കൂടുതല്‍ സങ്കീര്‍ണമാകുന്നു

നടപടിക്രമം പാലിക്കാതെ വോട്ടെടുപ്പില്ലെന്ന് സ്പീക്കര്‍

വിശ്വാസ പ്രമേയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കകം വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ വിജുഭായ് വാലയുടെ നിര്‍ദ്ദേശം കര്‍ണാടക സ്പീക്കറും മുഖ്യമന്ത്രിയും അവഗണിച്ചതോടെ എല്ല കണ്ണൂകളും ഇനി ഗവര്‍ണറിലേക്ക്. പ്രഥമദൃഷ്ടാ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുന്നുവെന്നും അതിനാല്‍ വിശ്വാസ വോട്ട് ഉടന്‍ നടത്തണമെന്നുമായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശം. ഇതാണ് ഇന്ന് സഭയില്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. ഇന്ന് വോട്ടെടുപ്പ് ഉണ്ടാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കുകയും ചെയ്തു. വിമത എംഎല്‍എമാരെ തിരികെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോഴും കോണ്‍ഗ്രസ് നടത്തുന്നത്.

‘എനിക്ക് ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഗവര്‍ണറുടെ സമയപരിധി ഉണ്ട് എന്നതുകൊണ്ട് തീരുമാനമെടുക്കാന്‍ ആര്‍ക്കും എന്നെ നിര്‍ബന്ധിക്കാന്‍ പറ്റില്ല. ഗവര്‍ണറുടെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്കുള്ളതാണ്. ചര്‍ച്ച അവസാനിക്കുംവരെ വോട്ടടുപ്പ് സാധ്യമല്ലെന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയത്.’ ഇതാണ് സ്പീക്കര്‍ സഭയില്‍ പറഞ്ഞത്. സഭയില്‍ ഇനിയും 20 പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനുണ്ട്. ഇതിനാൽത്തന്നെ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ഇക്കാര്യത്തില്‍ സ്പീക്കരും ഗവര്‍ണറും തമ്മിലുളള അധികാരപ്രശ്‌നമാണ് അടിസ്ഥാനപരമായി ഉന്നയിക്കപ്പെടുന്നത്. സഭയിലെ അധികാരിയായ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നതാണ് പ്രശ്‌നം. ഇത്ര മണിക്ക് ചര്‍ച്ചകള്‍ തീര്‍ക്കണമെന്നും വോട്ടെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത് . ഈ വാദത്തെ പല വിദഗ്ദരും പിന്തുണയ്ക്കുന്നു. മറ്റൊരു കാര്യം പ്രഥമദൃഷ്ട്യാ ഭൂരിപക്ഷമില്ലെന്ന ഗവര്‍ണറുടെ വാദവും രാഷ്ട്രീയപ്രേരിതമാണന്ന ആരോപണമാണ്. സര്‍ക്കാരിന്റെ ഭൂരിപക്ഷം ഗവര്‍ണര്‍ക്ക് ബോധ്യപ്പെടേണ്ടത് നിയമസഭയില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയാണെന്ന് സുപ്രീം കോടതി നിരവധി വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനെ ഉത്തരഖണ്ഡ് ഹൈക്കോടതി 2016 ല്‍ വിമര്‍ശിച്ചിരുന്നു.

അതെസമയം വിശ്വാസവോട്ട് തേടാനുള്ള സമയപരിധി ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ആരും ചോദ്യം ചെയ്യുന്നുമില്ല. ഒന്നരയ്ക്കകം വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് പാലിച്ചില്ലെന്ന് പറഞ്ഞ് നടപടിക്ക് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാവുന്നതുമാണ്. എന്നാല്‍ വിശ്വാസവോട്ടിന്റെ പ്രക്രിയ തുടങ്ങിയത് സര്‍ക്കാരാണെന്നും അത് പൂര്‍ത്തിയാക്കുന്നതിന് സമയ പരിധി നിശ്ചയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

നടപടിയെടുക്കുന്നതിലൂടെ കുമാരസ്വാമി സര്‍ക്കാരിന് രക്തസാക്ഷി പരിവേഷം ഉണ്ടാക്കിക്കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യറാകുമോ എന്നും വ്യക്തമല്ല. രാജിവെച്ച എംഎല്‍എമാരുടെ അയോഗ്യതയുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിലുള്ള അവ്യക്തതകളും തുടരുകയാണ്.

കൂറുമാറ്റ നിരോധന നിയമത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത വിധിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. സഭയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അംഗങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്. എന്നാല്‍ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് ബന്ധപ്പെട്ട പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഭയില്‍നിന്ന് വി്ട്ടുനിന്നാല്‍ ആ അംഗത്തെ അയോഗ്യയാക്കാവുന്നതാണ്. സ്പീക്കര്‍ അംഗങ്ങളെ അയോഗ്യരാക്കുന്നതിന് മുമ്പ് നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുമോ എന്നതും കൗതുകകരമായ കാര്യമാണ്.

സ്പീക്കറുടെ അധികാരം സംബന്ധിച്ച് വിശദമായ വാദം കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞത്. കൂറുമാറ്റ നിരോധന നിയമം നടപ്പിലായതിന് ശേഷം സ്പീ്ക്കറുടെ അധികാരം വര്‍ധിച്ചിട്ടുണ്ട്. അംഗങ്ങള്‍ രാജിവെച്ചതുകൊണ്ട് മാത്രം സ്വീകരിക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനല്ല. മറ്റ് ചില ഉദ്ദേശങ്ങളോടെയല്ല, രാജിയെന്ന് ഉറപ്പില്ലെങ്കില്‍ എംഎല്‍എയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് കൂറുമാറ്റ നിരോധന നിയമം പറയുന്നത്. ഈ വ്യവസ്ഥ പിടിവള്ളിയാക്കിയാണ് കര്‍ണാടക സ്പീക്കര്‍ രാജി സ്വീകരിക്കാതെ നീട്ടിവെക്കുന്നത്. വിമതരുടെ കൂട്ടരാജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് സുപ്രീംകോടതി കഴിഞ്ഞ ദിവസത്തെ വിധിയില്‍ അംഗീകരിച്ചിരുന്നു.

അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്ക് മറ്റൊരു മന്ത്രിസഭ ഉടന്‍ രൂപീകരിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ഭാഗമാകാന്‍ കഴിയില്ല. അതെസമയം രാജിവെച്ചാല്‍ അത് സാധ്യമാണ്. മന്ത്രിമാരായാതിന് ശേഷം ആറുമാസത്തിനുള്ളില്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മതി. എന്തായാലും ഇന്ന് വി്ശ്വാസവോട്ട് നേടിയില്ലെങ്കില്‍ ഗവര്‍ണര്‍ എന്ത് സമീപനം സ്വീകരിക്കുമെന്നതാണ് പ്രധാനം. സഭയില്‍നിന്ന് കര്‍ണാടക രാഷ്ട്രീയം കോടതികളിലേക്ക് നീളും എന്ന കാര്യം ഉറപ്പാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍