UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കാന്‍ ഒരു ചിത്രം വര

രാകേഷ് നായര്‍

കണ്ണില്‍ കാണുന്നതും മനസ്സില്‍ തോന്നുന്നതും വരച്ചിടുകയായിരുന്നു അനവദ്യ. അങ്ങിനെ വരച്ച് കൂട്ടിയത് രണ്ടായിരത്തിലേറെ ചിത്രങ്ങള്‍. രണ്ടര വയസ്സില്‍ തുടങ്ങിയതാണ്. ആദ്യകാലത്ത് വരച്ചതൊക്കെ ഒരു കുഞ്ഞുകുട്ടിയുടെ കുത്തിവരകളായിത്തോന്നുമെങ്കില്‍, വളരുംതോറും തന്റെ മുന്നിലെ കടലാസു കഷ്ണങ്ങളില്‍  ഈ കൊച്ചുമിടുക്കി ലൈന്‍ ഡ്രോയിംഗിലൂടെ ജീവന്‍ പകര്‍ന്ന ചിത്രങ്ങള്‍ കാഴ്ചക്കാരിലുണ്ടാക്കുക അത്ഭുതമാണ്. വലിയ വായില്‍ പറയുകയാണെങ്കില്‍, ഒരു രണ്ടാം ക്ലാസുകാരിയുടെ ചിന്തകളും നിരീക്ഷണങ്ങളുമാണ് ആ ചിത്രങ്ങള്‍.

അനവദ്യയില്‍ വരവന്ന വഴി അച്ഛനില്‍ നിന്നാകണം. ഗ്രാഫിക് ഡിസൈനറായ ദീപക് ഒരു ചിത്രകാരന്‍കൂടിയാണ്. മൂത്തമകനായിരിക്കും ചിത്രകാരന്‍ ആവുകയെന്നാണ് ദീപകും ഭാര്യ രശ്മിയും കരുതിയിരുന്നത്. നന്നായി വരയ്ക്കുമെങ്കിലും ഒരു കീബോര്‍ഡ് പ്ലെയര്‍ ആകണമെന്നാണ് അവന്റെ ആഗ്രഹം. പത്താംക്ലാസുകാരനായ ദീപക് ഇപ്പോള്‍ നന്നായി കീബോര്‍ഡ് വായിക്കുന്നുണ്ട്. ആ വീട്ടിലെ യഥാര്‍ത്ഥ ചിത്രകാരി ആരാണെന്ന് മനസ്സിലായത് രണ്ടരവയസ്സ് തൊട്ട് വരകുറികളില്‍ അനവദ്യ ആഹ്ലാദം കണ്ടെത്തിയതു മുതലാണ്.

ചേട്ടന്‍ വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങള്‍ നോക്കി വരയ്ക്കുകയായിരുന്നു ആദ്യം. അങ്ങനെ തന്നെ കുറെ ചിത്രങ്ങള്‍ വരച്ചു. തന്റെ സൃഷ്ടിയുടെ ആദ്യ ആസ്വാദകനാകാനുള്ള അവസരം അനവദ്യ നല്‍കിയത് ചേട്ടനു തന്നെയായിരുന്നു. രണ്ടാമത് ജോലിയൊഴിഞ്ഞിട്ട് നേരമില്ലാത്ത അമ്മയ്ക്കായിരുന്നു. അവസാന ചാന്‍സായിരുന്നു അച്ഛന്. എന്നാല്‍ അതിനൊരു കാരണമുണ്ട്.ആദ്യ രണ്ടുപേരും ആസ്വാദകരാണെങ്കില്‍ അവസാനക്കാരനായ അച്ഛന്‍ വിധികര്‍ത്താവായിരുന്നു. കുറ്റങ്ങളും കുറവുകളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമെല്ലാം അച്ഛനില്‍ നിന്ന് കേള്‍ക്കാനായിരുന്നു അനവദ്യയക്ക് ഇഷ്ടം. മകള്‍ ആദ്യം മുതല്‍ ഏല്‍പ്പിച്ച ഒരോ ചിത്രവും ദീപക് സൂക്ഷിച്ചുവച്ചു. ആവശ്യം വരുമെന്ന് അറിയാമായിരുന്നുവെന്നപോല്‍. 

വരയുടെ ലോകത്ത് സ്വന്തമായൊരു കൂടുണ്ടാക്കി അതിനകത്തിരുന്ന് അനവദ്യ തോന്നുമ്പോഴൊക്കെ ചിത്രം വരച്ചു. അമ്മയും കുഞ്ഞും, ആനയും മാവേലിയും തുമ്പിയും പൂവുമൊക്കെ കടന്ന് ഗാന്ധിയും അബ്ദുള്‍ കലാമും ടാഗോറുമൊക്കെ അനവദ്യയുടെ മുന്നില്‍ കടലാസു ചിത്രങ്ങളായി. പിന്നീട് അവിടെ നിന്നും ചിത്രകാരിയുടെ ഭാവന വളര്‍ന്നു. വീട്ടിലും ചുറ്റുവട്ടത്തും സ്‌കൂളിലും ടെലിവിഷന്‍ പരിപാടികളിലും മറ്റുള്ളവര്‍ സംസാരിക്കുന്ന കാര്യങ്ങളിലുമൊക്കെ അനവദ്യ ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി. അങ്ങിനെ അവളുടെ ചിത്രങ്ങളില്‍ നക്ഷത്രങ്ങളും സൗരയൂഥവും കടന്നുവന്നു. കരച്ചിലും ചിരിയും കളിയാക്കലുകളും കടന്നുവന്നു. വി.എസ് അച്യുതാനന്ദന്‍ വരെ വന്നു.

 

ഒരുദിവസം അനവദ്യയെ  അമ്മ ആശുപത്രിയില്‍ കുത്തിവയ്പ് എടുപ്പിക്കാന്‍ കൊണ്ടുപോയി. തന്റെ ഊഴവും കാത്ത് അമ്മയുടെ കൂടെ നിന്ന അനവദ്യ യാതൊരു മയവുമില്ലാതെ കുഞ്ഞുങ്ങളെ കുത്തിവിടുന്ന നഴ്‌സിനെ കണ്ടു. അന്ന് അനുഭവിച്ച വേദനയും അവള്‍ ഒരു ചിത്രമാക്കി. നഴ്‌സ് കുത്തിവയ്ക്കുമ്പോള്‍ കരയുന്ന കുട്ടിയും ഇത് കണ്ട് അമ്മയുടെ സാരിക്കു പിറകില്‍ ഭയത്തോടെ പതുങ്ങി നില്‍ക്കുന്ന മറ്റു കുട്ടികളും. ഇനിയുമുണ്ട് ഇത്തരം അനുഭവ ചിത്രങ്ങള്‍. ഒരു പെണ്‍കുട്ടിയുടെ ഐസ്‌ക്രീം തട്ടിക്കളയുന്ന ചെക്കന്‍, ദേഷ്യപ്പെടുന്ന അമ്മ, പത്രം വായിക്കുന്ന അച്ഛന്‍.. ഒരു ദിവസം കണ്ണാടിയില്‍ നോക്കി ചിത്രകാരി തന്നെ ചിത്രമായി മാറുകയും ചെയ്തു. 

പ്രായം ഇത്രേ ആയിട്ടുള്ളുവെങ്കിലും തന്റെ കാഴ്ചകളില്‍ വരുന്ന കാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധകൊടുക്കാറുണ്ട് അവളെന്ന് അമ്മ രശ്മി പറഞ്ഞു. അതാണ് പിന്നീട് ചിത്രമാകുന്നത്. പലരും ചോദിക്കാറുണ്ട് മോള്‍ക്ക് എങ്ങിനെ ഇത്തരം ഐഡിയാസ് വരുന്നെന്ന്. ഞങ്ങള്‍ പറഞ്ഞുകൊടുക്കുന്നതല്ല. ഓരോന്നും അവള്‍ കണ്ടെത്തുന്നതാണ്. സംശയമുള്ള വിഷയങ്ങള്‍ ഞങ്ങളോട് ചോദിക്കും. ഓരോ കാര്യങ്ങളും അവള്‍ മനസ്സിലാക്കുന്നത് ഒരു ചിത്രത്തിന്റെ രൂപത്തിലാണ്. പക്ഷെ ആളുകള്‍ക്ക് ഇപ്പോഴും സംശയം ഇതൊക്കെ വേറെ ആരോ പറഞ്ഞുകൊടുത്ത് വരപ്പിക്കുന്നതാണെന്ന്. കഴിഞ്ഞ ദിവസം മോള്‍ടെ ചിത്രപ്രദര്‍ശനം കാണാനെത്തിയ രണ്ടുപേര്‍ ഞങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞു- ഇത് മോള്‍ വരച്ചതല്ലെന്ന്.ഗ്രാജ്വലായ ഇംപ്രൂവ്‌മെന്റ്‌സ് ആണ് അവള്‍ക്ക് വന്നിരിക്കുന്നതെന്ന് ആദ്യകാലത്ത് വരച്ചതുതൊട്ട് ഇപ്പോള്‍ വരെയുള്ളത് കാണുമ്പോള്‍ മനസ്സിലാക്കാവുന്നതെയുള്ളൂ. 

ആരും അവളുടെ രചനാലോകത്തേക്ക് കടന്നു ചെല്ലുന്നതും അനവദ്യക്ക് ഇഷ്ടമല്ലത്രെ. അഭിപ്രായം പറയുന്നത് പോലും വര പൂര്‍ണമായിട്ടുമാത്രം മതിയെന്നാണ് നിലപാട്. അതുകൊണ്ട് ഇതുവരെയായിട്ടും ഫൈനല്‍ ജഡ്ജ്‌മെന്റിനുമാത്രമെ ദീപകിനുപോലു അനുവാദം കിട്ടിയിട്ടുള്ളൂ. ഇടയില്‍ കേറിയുള്ള കറക്ഷനൊന്നും ചെലവാകില്ല. ആരുടെയെങ്കിലും കീഴില്‍ ചിത്രരചന പഠിക്കാന്‍ വിടാമെന്ന വച്ചാലോ, അനവദ്യ അമ്പിനും വില്ലിനും അടുക്കില്ല. എനിക്ക് തോന്നുന്നതല്ലേ ഞാന്‍ വരയ്ക്കുന്നതെന്നാണ് അവളുടെ നിലപാട്. 

കൊല്ലം പള്ളിമണ്ണിലെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലും  ഈ ചിത്രകാരിക്ക് നല്ലപേരാണ്. അദ്ധ്യാപകരും കൂട്ടുകാരുമൊക്കെ അവളെ നല്ലപോലെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇനിയും ഒരുപാട് ചിത്രങ്ങള്‍ വരയ്ക്കണമെന്ന ഉപദേശത്തോടെ കവിളില്‍ തട്ടി പ്രോത്സാഹിപ്പിക്കുന്ന സാറിനോടും നന്നായിട്ടുണ്ടെന്ന് പറഞ്ഞ് കൈയടിക്കുന്ന കൂട്ടുകാരിയോടും അനവദ്യക്ക് തിരിച്ചും ഇഷ്ടമാണ്. അവരൊക്കെ പറയുമ്പോള്‍ എനിക്ക് സന്തോഷമാകും. ഇനിയുമിനിയും വരയ്ക്കാന്‍ തോന്നും. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ബര്‍സോട്ടിയുടെ പട്ടികള്‍ കടിക്കില്ല; ചിരിപ്പിക്കും
ഒരു പുസ്തകത്തിന് ജീവിതം മാറ്റിമറിക്കാനാവുമോ?
ഇത് ജീവിതമാണ്; ഇപ്പോള്‍ നാടകവും
കുറ്റിച്ചിറയങ്ങാടീലെ കുലുക്കി സര്‍ബത്ത് ങ്ങള് കഴിച്ച്ക്കാ…
ചരിത്രം സൃഷ്ടിച്ച മാസികക്കവറുകള്‍

കുട്ടികളെയും കൂട്ടി എവിടെ യാത്രപോയാലും ദീപകും രശ്മിയും മറക്കാതെ കൈയില്‍ കരുതേണ്ടത് പേപ്പറും ജെല്‍ പേനയുമാണ്. കാരണം അനവദ്യക്ക് എപ്പോഴാണ് വരയ്ക്കാന്‍ തോന്നുന്നതെന്ന് പറയാന്‍ പറ്റില്ല. വരയ്ക്കണമെന്ന് തോന്നിയാല്‍ പിന്നെ് വരയ്ക്കാതെ അനവദ്യക്ക് ഇരിക്കാന്‍മേല.ഇതെന്താ ഈ കുട്ടി ഇങ്ങിനെ എന്നു ചോദിച്ചാല്‍, ഞാന്‍ അങ്ങിനെയാണെന്നാണ് മറുപടി. ഓരോന്നു കാണുമ്പോള്‍ എനിക്ക് വരയ്ക്കാന്‍ തോന്നും. ഞാനെല്ലാം ശ്രദ്ധിച്ചാണ് ഇരിക്കുന്നത്. ഈ ശ്രദ്ധ വരയില്‍ മാത്രമല്ല സംഗീതത്തിലേക്കും കടന്നിട്ടുണ്ടെന്നാണ് അമ്മ പറയുന്നത്. അതിഥിദേവ് കീബോര്‍ഡ് വായിക്കുമ്പോള്‍ ഏതെങ്കിലും നോട്ട് തെറ്റിയാല്‍ അനവദ്യ അത് കണ്ടുപിടിക്കുമത്രേ! മോനെപ്പോലെ കീബോര്‍ഡ് പഠിക്കാന്‍ പോയിട്ടില്ലെങ്കിലും അവളും വായിക്കും. ചേട്ടന്‍ വരയ്ക്കുന്നത് കണ്ട് ചിത്രം വരച്ചു, ചേട്ടന്‍ വായിക്കുന്നത് കണ്ട് കീബോര്‍ഡും വായിക്കുന്നു. 

മോളെന്തിനാണ് ഈ പടങ്ങളൊക്കെ വരയ്ക്കുന്നതെന്ന് അനവദ്യയോട് നമ്മള്‍ ചോദിച്ചാല്‍ അവള്‍ പറയും- അച്ചനെം അമ്മയെം സന്തോഷിപ്പിക്കാനാണെന്ന്. അച്ഛനും അമ്മയും ചോദിച്ചാലോ, അവള്‍ പറയും- എനിക്ക് വരച്ച് വരച്ച് വലിയൊരു ചിത്രകാരിയാവണമെന്ന്. 

ഈ കൊച്ചുമിടുക്കി വരയ്ക്കട്ടല്ലെ… വരച്ച് വരച്ച് കൂട്ടട്ടെ..അങ്ങിനെ വലിയൊരു ചിത്രകാരിയാവട്ടെ, അവളുടെ അച്ചനും അമ്മയക്കും മാത്രമല്ല നമ്മള്‍ക്കെല്ലാവര്‍ക്കും അവള്‍ സന്തോഷം പകരട്ടെ… 

(അനവദ്യയുടെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം ആഗസ്റ്റ് 16 മുതല്‍ തിരുവനന്തപുരം മ്യൂസിയം ഹാളില്‍ നടന്നു വരികയാണ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍