UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അഹിന്ദു ഡെലിവറി ബോയ്’ കാരണം സൊമാറ്റോ ഓർഡർ റദ്ദാക്കിയ ശുക്ലയ്ക്ക് പണി കിട്ടി, ആറു മാസം മിണ്ടാതിരുന്നില്ലെങ്കിൽ പിടിച്ചകത്തിടുമെന്ന് പോലീസ്

ശുക്ലയ്ക്കെതിരെ ആരും പരാതി നൽകിയിട്ടില്ല

സോഷ്യൽ മീഡിയയിൽ വിഭാഗീയത സൃഷ്ടിക്കുന്ന പോസ്റ്റുകളിട്ടാൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന് ‘അഹിന്ദു ഡെലിവറി ബോയ്’ കാരണം ഓർഡർ റദ്ദാക്കിയ സൊമാറ്റോ ഉപഭോക്താവ് അമിത് ശുക്ലയ്ക്ക പൊലീസിന്റെ താക്കീത്. അടുത്ത ആറു മാസത്തേക്ക് അമിത് ശുക്ലയെ നിരീക്ഷിക്കുമെന്ന സൂചനയും പൊലീസ് നൽകുന്നു.

“അടുത്ത ആറു മാസത്തിനിടയിൽ ഇത്തരം ട്വീറ്റുകൾ അമിത് ശുക്ലയിൽ നിന്നും വരികയാണെങ്കിൽ അയാൾ ജയിലിൽ പോകേണ്ടി വരും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി പൊതുജനത്തിന്റെ സമാധാനത്തെയും സാമുദായിക സൗഹാർദ്ദത്തെയും നശിപ്പിക്കുന്നവർ ജയിലിലടയ്ക്കപ്പെടും,” ജയ്പൂർ ജില്ലാ പൊലീസ് സൂപ്രണ്ട് അമിത് സിങ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അയിത്താചാരം ഭരണഘടന വിലക്കിയിട്ടുള്ളതാണെന്ന വസ്തുതയും പൊലീസ് സൂപ്രണ്ട് ചൂണ്ടിക്കാട്ടുന്നു.

അമിത് ശുക്ലയ്ക്ക് പൊലീസ് നോട്ടീസ് അയച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ശുക്ലയുടെ ട്വീറ്റ് സംബന്ധിച്ചുള്ള വിശദീകരണം ചോദിച്ചാണ് നോട്ടീസ്. അതെസമയം ശുക്ലയ്ക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റേത് സ്വമേധയാ ഉള്ള നടപടിയാണ്. അതെസമയം വിശുദ്ധമായ ശ്രാവണ മാസമാകയാലാണ് താൻ ഡെലിവറി ബോയിയെ മാറ്റാൻ ആവശ്യപ്പെട്ടതെന്ന വിശദീകരണവുമായി ശുക്ല രംഗത്തെത്തി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അയാൾ വിശദീകരിച്ചു.

‘നമോ സർക്കാർ’ (NaMo_SARKAAR) എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് കഴിഞ്ഞദിവസം സോമാറ്റോയ്ക്ക് വിചിത്രമായ അറിയിപ്പ് കിട്ടിയത്. “അവര്‍ ഒരു അഹിന്ദുവിനെയാണ് എന്റെ ഓര്‍ഡറിന് റൈഡറായി വച്ചിരിക്കുന്നത്. കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ചെയ്യാന്‍ പറ്റില്ല എന്നും പറയുന്നു,” എന്ന് അമിത് ശുക്ല ട്വീറ്റ് ചെയ്യുകയായിരുന്നു. സൊമാറ്റോ ഇതിന് നല്‍കിയ മറുപടി ഭക്ഷണത്തിന് മതമില്ല എന്നായിരുന്നു. ഈ രണ്ട് ട്വീറ്റുകളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും വിവാദമാകുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍