UPDATES

ട്രാൻസ്ജെൻഡറുകൾക്ക് കോർപ്പറേറ്റ് ഘടനയിൽ കൂടുതൽ ഇടം കിട്ടണം: ട്രാൻസ് വുമണും സ്വിഗ്ഗി ഫുഡ് ആപ്പിന്റെ പ്രിൻസിപ്പൽ പ്രോഗ്രാം മാനേജരുമായ സംയുക്ത വിജയൻ

ഇന്ത്യയിൽ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ടെന്ന് സംയുക്ത പറയുന്നു.

രാജ്യത്ത് കടുത്ത വിവേചനം നേരിടുന്നവരാണ് ട്രാൻസ്ജെൻഡർ വിഭാഗം. ഇവർക്കിടയിൽ നിന്നും വളരെ ചുരുക്കം ചിലരെങ്കിലും തങ്ങളുടെ കഴിവുകൾക്കൊത്ത ജോലികൾ ചെയ്യാനുള്ള സാഹചര്യത്തിലേക്ക് വളർന്നിട്ടുണ്ട്. ആപ്ലിക്കേഷൻ അധിഷ്ഠിത ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സ്വിഗ്ഗി തങ്ങളുടെ പ്രിൻസിപ്പൽ പ്രോഗ്രാം മാനേജരായി തെരഞ്ഞെടുത്തത് ഒരു ട്രാൻസ് വുമണിനെയാണ്. സംയുക്ത വിജയൻ. ബെംഗളൂരുവിൽ ഇവർ തന്റെ ജോലി തുടങ്ങിയത് വിദേശങ്ങളിലെ വിവിധ കമ്പനികളിലെ സേവനത്തിനു ശേഷമാണ്. സാധാരണ ട്രാൻജെൻഡർ വിഭാഗത്തിൽ പെടുന്നവർ ചെറുപ്പകാലങ്ങളിൽ അനുഭവിച്ചുവരാറുള്ള ദുരിതങ്ങൾ അങ്ങനെയൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇതിനു പ്രധാന കാരണമായത് സംയുക്തയുടെ മാതാപിതാക്കൾ നൽകിയ പിന്തുണയാണ്. ഒരു താഴ്ന്ന മധ്യവർഗ കുടുംബത്തിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയാത്തതായിരുന്നു ആ പിന്തുണ.

2016ൽ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിക്കും 2017ൽ സെക്സ് റീഅസ്സൈൻമെന്റ് തെറാപ്പിക്കും സംയുക്ത വിധേയയായി. തന്റെ വിഭാഗത്തിൽ പെടുന്ന ജനതയുടെ കഷ്ടപ്പാടുകളിൽ ആശ്വാസമാകുന്ന എന്തെങ്കിലും ചെയ്യണമെന്ന വിചാരത്തോടെയാണ് സംയുക്ത ഇന്ത്യയിലേക്ക് പഠനശേഷം തിരിച്ചെത്തിയത്.

സമൂഹത്തിൽ ട്രാൻസ്ജെൻഡറുകളുടെ സ്വീകാര്യത വർധിപ്പിക്കുക എന്നതാണ് സംയുക്ത മുന്നിൽക്കാണുന്ന ലക്ഷ്യം. സ്വിഗ്ഗിയിലൂടെ സംയുക്ത ലക്ഷ്യമിടുന്നതും ഇതു തന്നെയാണ്. ഇതിനായി കമ്പനിക്കകത്ത് ഒരു ആഭ്യന്തര സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. കമ്പനി ട്രാൻസ്ജെൻഡൻ സമൂഹത്തെക്കൂടി ഉൾക്കൊള്ളുന്നുണ്ട് എന്നുറപ്പു വരുത്തുകയാണ് ഈ ഗ്രൂപ്പിന്റെ ദൗത്യം. ഏതുതരം സാമൂഹ്യപശ്ചാത്തലത്തിൽ നിന്നുമുള്ള ഏതൊരാൾക്കും സ്വിഗ്ഗിയിലേക്ക് കടന്നുവരാനും പ്രവർത്തിക്കാനും കഴിയുമെന്ന് സംയുക്ത പറയുന്നു.

ഇന്ത്യയിൽ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ടെന്ന് സംയുക്ത പറയുന്നു. 2011ൽ താന്‍ ഇന്ത്യയില്‍ മറ്റൊരു കമ്പനിയിൽ തൊഴിലെടുത്തു കൊണ്ടിരുന്നപ്പോൾ അവിടുത്തെ സഹപ്രവർത്തകരിൽ നിന്ന് വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സെക്ഷൻ 377 റദ്ദാക്കിയ സുപ്രീംകോടതിയുടെ നടപടിക്കു ശേഷം ആളുകൾ പ്രശ്നങ്ങൾ തുറന്നു സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. കോർപ്പറേറ്റ് ഘടനയ്ക്കുള്ളിൽ എൽജിബിടി സപ്പോർട്ട് ഗ്രൂപ്പുകളുണ്ടാക്കാനും തയ്യാറാകുന്ന തരത്തിലേക്ക് മനോഭാവം മാറിയിട്ടുണ്ട്. സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുടെ കാര്യത്തിൽ വൈവിധ്യവൽക്കരണം നടത്താൻ സെക്ഷൻ 377ന്മേലുള്ള കോടതിയുത്തരവിനായി കാത്തിരിക്കേണ്ട കാര്യമില്ലെന്നും സംയുക്തയ്ക്ക് അഭിപ്രായമുണ്ട്.

നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഒരു സഹപ്രവർത്തകനിൽ നിന്നു പോലും തന്റെ ട്രാൻസ്ജെൻഡർ സ്വത്വത്തെ ബാധിക്കുന്ന പെരുമാറ്റമുണ്ടായിട്ടില്ലെന്ന് സംയുക്ത വിജയൻ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍