അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പിഎസ്സി ചെയര്‍മാനെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിഎസ്സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നതിന് തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചേക്കും. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷയിലായിരുന്നു കത്തിക്കുത്ത് കേസിലെ പ്രതികളും എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളുമായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ക്രമക്കേട് നടത്തിയത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പിഎസ്സി ചെയര്‍മാനെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പത്രസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പിഎസ്സിയുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസിയത തകര്‍ന്നു. പിണറായി വിജയന് സിപിഎം അനുയായികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഫലം അട്ടിമറിക്കാന്‍ പിഎസ്സി അംഗങ്ങളും ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ക്രമക്കേടില്‍ പിഎസ്സി ചെയര്‍മാന്റെ പങ്കും അന്വേഷിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.
ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെ ക്രമക്കേട് നടന്നെന്നാണ് പിഎസ്.സി വിജിലന്‍സായിരുന്നു കണ്ടെത്തിയത്. കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ മുവരെയും റാങ്ക് പട്ടികയില്‍ നിന്നൊഴിവാക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു.
കൂടാതെ ഇവരെ പിഎസ്സി തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്നും സ്ഥിരമായി അയോഗ്യരാക്കാനും കമ്മീഷന് തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തിലെ മൂന്ന് കേന്ദ്രങ്ങളിലായി പരീക്ഷ എഴതിയ ഇവര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ക്രമക്കേട് നടത്തിയതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
ഇക്കാര്യം സ്ഥിരീകരിക്കുന്നതിനും അതിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു. മൂവര്‍ക്കും ഒരേസമയം ഉത്തരങ്ങള്‍ ലഭിച്ചെന്നാണ് പിഎസ്സിയുടെ വിലയിരുത്തല്‍. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന.
പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം. പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യതയാണ് പിഎസ്സി വിജിലന്‍സ് തള്ളിക്കളയുന്നില്ല.
ചോദ്യപേപ്പര്‍ വാട്സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍. കേരള പൊലീസിന്റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്.