ഭാര്യക്കൊപ്പം കാറിൽ പോകവെയായിരുന്നു കഴിഞ്ഞ ദിവസം നിഷാദ് ഹസനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്.
മുഖ മൂടി സംഘം തട്ടിക്കൊണ്ടുപോയ സിനിമ സംവിധായകൻ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂർ കൊടകരയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. നിഷാദ് ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെ ഉൾപ്പെടെ മർദ്ദിച്ച് അവശനാക്കിയായിരുന്നു വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകന് കൂടിയായ നിഷാദ് ഹസനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.
ഭാര്യ പൊലീസില്‍ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. എന്നാൽ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലെ നിജസ്ഥിതി പൊലീസ് അന്വേഷിക്കുകയാണ്. ഇതിന്റെ ഭാഗമായി നിഷാദ് ഹസനോട് രാവിലെ 10 മണിയ്ക്ക് പേരാമംഗലം സ്റ്റേഷനിൽ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാര്യക്കൊപ്പം കാറിൽ പോകവെയായിരുന്നു നിഷാദ് ഹസനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ മുൻ നിർമ്മാതാവ് സി ആർ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ ആരോപിച്ചു. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്.