UPDATES

പ്രളയം 2019

മിന്നല്‍ പ്രളയത്തിന്റെ മൂന്ന് ദിനം പെയ്തത് ഒരു മാസത്തെ മഴ

കൂടുതല്‍ മഴ പെയ്തത് ആലത്തൂരില്‍

ഒരു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് സംസ്ഥാനത്ത് മൂന്ന് ദിവസം കൊണ്ട് പെയ്തതെന്ന് കാലാവസ്ഥ വിദഗ്ദര്‍. വലിയ അളവില്‍ പെയ്ത മഴയാണ് വ്യാപകമായ കെടുതി ഉണ്ടാക്കിയതെന്നാണ് നിഗമനം. സംസ്ഥാനത്ത് പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്.

വലിയ അളവില്‍ മഴ പെയ്യുന്നതു മൂലം ഭൂമിയില്‍ ഒറ്റയടിക്ക് വെള്ളമിറങ്ങി അത് ജലബോംബ് പോലെ രൂപപ്പെടുന്നുവെന്നും ഇതാണ് ഉരുള്‍പൊട്ടല്‍ പോലുള്ള വന്‍ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് വിദഗ്ദര്‍ കരുതുന്നത്.

ആലത്തൂരില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 398 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വടകരയില്‍ 300 മില്ലീമീറ്ററും വയനാട്ടിലെ വൈത്തിരിയില്‍ 285 മില്ലീമീറ്ററും മൂന്നാറില്‍ 205 മില്ലീമീറ്ററും തലശ്ശേരിയില്‍ 199 മില്ലീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്.

അതിനിടെ, കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളും ഇത്തരത്തിലുളള മഴയാണെന്നാണ് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പോലുള്ള ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ പ്രളയത്തിനുശേഷം ഉരുള്‍പൊട്ടല്‍ മേഖലകളിലെ മണ്ണ് ഉറയ്ക്കാത്തതും ഇത്തവണത്തെ അപകട സാധ്യത വര്‍ധിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കഴിഞ്ഞ തവണ സംസ്ഥാനത്ത് ചെറുതും വലുതുമായി 5000 ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ എന്നിവയുണ്ടായതാണ് കണക്കാക്കുന്നത്. കേരളത്തിന്റെ 14.4 ശതമാനം മേഖലകള്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതായാണ് ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രം നേരത്തെ വിലയിരുത്തിയത്. 25 താലൂക്കുകളില്‍ ഇത്തരം അപകട സാധ്യതാ പ്രദേശങ്ങളാണ് ഇവര്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പ്രളയ സമാനമായ സാഹചര്യം ഉടലെടുത്തിരിക്കെ ഇത്തരത്തിലുള്ള അപകട സാധ്യതാ പ്രദേശങ്ങള്‍ വര്‍ധിക്കുമെന്നാണ് സൂചന.

Also Read: കേരളത്തിലെ മൺസൂൺ കലണ്ടർ മാറുന്നു; പ്രളയത്തിന് കാരണം ഡാമുകളല്ല, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശം തിരിച്ചു പെയ്യുന്ന കനത്ത മഴയെന്നും കാലാവസ്ഥാ വിദഗ്ദർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍