UPDATES

പ്രളയം 2019

പ്രളയത്തില്‍പ്പെട്ടവരോട് കണ്ണില്‍ച്ചോരയില്ലാതെ റെയില്‍വേ, ട്രെയിനില്‍ കയറ്റി വിട്ടിട്ട് പിഴയീടാക്കിയെന്ന് ആരോപണം

കോര്‍ബ-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം

അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ യാത്രക്കാരോട് കണ്ണില്‍ച്ചോരയില്ലാതെ റെയില്‍വേ. കനത്ത മഴയെ തുടര്‍ന്ന് ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ വഴിയില്‍ കുടുങ്ങിയപ്പോള്‍ സഹായത്തിനെത്തിച്ച ട്രെയിനില്‍ യാത്ര ചെയ്തവരില്‍ നിന്ന് പിഴയീടാക്കുകയായിരുന്നു റെയില്‍വേ എന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും യാത്രക്കാരും റെയില്‍വേ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്ന സാഹചര്യമുണ്ടായെന്നും മനോരമ റിപ്പോര്‍ട്ട് പറയുന്നു.

തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസിലായിരുന്നു സംഭവം. ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ വഴിയില്‍ കുടുങ്ങിയതോടെ ഇവരെ തിരിച്ചെത്തിക്കാന്‍ സംവിധാനമൊരുക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. തുടര്‍ന്ന് കോര്‍ബ എക്‌സ്പ്രസ് എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ പാസഞ്ചര്‍ ട്രെയിനായി സര്‍വീസ് നടത്തുമെന്ന് അനൗണ്‍സ്‌മെന്റ് ഉണ്ടായി. എന്നാല്‍ പിന്നീട് എത്തിയ ട്രെയിനില്‍ രണ്ട് ലോക്കല്‍ കോച്ചുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

യാത്രക്കാരെ മൊത്തം ലോക്കല്‍ കോച്ചില്‍ ഉള്‍ക്കൊള്ളാന്‍ പറ്റില്ല എന്നു വന്നതോടെ ചില ടിടിഇമാരും ആര്‍പിഎഫും ഇടപെട്ട് ബാക്കിയുള്ളവരെ എസി-സ്ലീപ്പര്‍ കോച്ചുകളില്‍ കയറ്റിവിട്ടു. ഇവരാകട്ടെ, വാതിലിനു സമീപവും മറ്റും നിന്നാണ് യാത്ര ചെയ്തതും. എന്നാല്‍ ട്രെയിന്‍ കൊല്ലത്ത് എത്തിയതോടെ കയറിയ മറ്റൊരു ടിടിഇ ഇവരോട് ബഹളം വയ്ക്കുകയും പിഴ ഈടാക്കുകയുമായിരുന്നു. തുടര്‍ന്ന് യാത്രക്കാരും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. എസി കോച്ചുകളില്‍ യാത്ര ചെയ്തവര്‍ ഉള്‍പ്പെടെ യാത്രക്കാരുടെ പക്ഷം പിടിക്കുകയും ഈ പ്രളയ സമയത്ത് യാത്രാക്കാര്‍ പിന്നെന്ത് ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടും ഉദ്യോഗസ്ഥര്‍ക്ക് അയവില്ലായിരുന്നവത്രെ.

വഴിയില്‍ കുടുങ്ങിപ്പോയവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പാസഞ്ചര്‍ സര്‍വീസാണെന്ന് പ്രഖ്യാപിച്ച ശേഷം യാത്രക്കാരെ ഇതില്‍ കയറ്റി വിട്ട ശേഷമാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്ന് ട്രെയിന്‍ യാത്രക്കാരുടെ ഔദ്യോഗിക സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് പറയുന്നു.

Also Read: കേരളത്തിലെ മൺസൂൺ കലണ്ടർ മാറുന്നു; പ്രളയത്തിന് കാരണം ഡാമുകളല്ല, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശം തിരിച്ചു പെയ്യുന്ന കനത്ത മഴയെന്നും കാലാവസ്ഥാ വിദഗ്ദർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍