2014ലാണ് ക്രിസ് ഗെയ്ല് അവസാനമായി ടെസ്റ്റ് കളിച്ചത്.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് സെലക്ഷന് കമ്മിറ്റി. ആഗസ്റ്റ് 22ന് ആരംഭിക്കുന്ന ടെസ്റ്റിനായി 13 അംഗ സംഘത്തെ തെരഞ്ഞെടുത്തപ്പോള്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഫെയര്‍വെല്‍ ടെസ്റ്റ് താരത്തിന്റെ ആവശ്യം നിരസിച്ചിരിക്കുകയാണ് സെലക്ഷന് കമ്മിറ്റി.
2014ലാണ് ക്രിസ് ഗെയ്ല് അവസാനമായി ടെസ്റ്റ് കളിച്ചത്. ബംഗ്ലാദേശിനെതിരെയായിരുന്നു അത്. ലോകകപ്പിന്റെ സമയത്ത്, ഫെയര്‍വെല്‍ ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം ഗെയ്ല് വ്യക്തമാക്കിയിരുന്നു. തന്റെ ഹോം ഗ്രൗണ്ടായ കിങ്സറ്റണില്‍ കളിക്കാനുള്ള താത്പര്യമാണ് ഗെയ്ല് അറിയിച്ചത്. എന്നാല്‍, റോബര്‍ട്ട് ഹെയ്നെസ് അധ്യക്ഷനായ വിന്‍ഡിസ് സെലക്ഷന് കമ്മിറ്റി ഗെയ്ലിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. ഗെയ്ലിനെ ടെസ്റ്റ് ടീമില്‍ പരിഗണിക്കരുത് എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഗെയ്ലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ തെറ്റായ ദിശയിലാണ് വിന്‍ഡിസ് പോവുന്നത് എന്ന് വേണം മനസിലാക്കാന്‍ എന്നായിരുന്നു വിന്‍ഡിസ് മുന്‍ പേസ് ഇതിഹാസം കര്‍ട്ട്ലി ആംബ്രോസിന്റെ വാക്കുകള്‍.
ഏകദിന, ട്വന്റി20 വിന്‍ഡിസിനായി കളിക്കാന്‍ ഗെയ്ല് താത്പര്യം പ്രകടിപ്പിച്ചാല്‍ അതില്‍ പ്രശ്നമില്ല. ടെസ്റ്റില്‍ പക്ഷേ അനുകൂല മറുപടി ഞാന്‍ പറയില്ല. അഞ്ച് വര്‍ഷത്തോളമായി ഗെയ്ല് ടെസ്റ്റ് കളിച്ചിട്ട്. അങ്ങനെയൊരു താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് പിന്നോട്ടടിക്കുമെന്നും കര്‍ട്ട്ലി ആംബ്രോസ് പറഞ്ഞിരുന്നു.