ഭരണഘടനാ മൂല്യങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്ന് വിദ്യാര്‍ത്ഥിനി
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതി കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ച് നാഷണല്‍ ലോ യുണിവേഴ്‌സിറ്റിയിലെ സ്വര്‍ണ മെഡല്‍ ജേതാവ് അവാര്‍ഡ് പരിപാടിയില്‍നിന്ന് വിട്ടുനിന്നു. എല്‍എല്‍എം പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനിയാണ് ചീഫ് ജസ്റ്റിസില്‍നിന്ന് അവാര്‍ഡ് വാങ്ങാന്‍ വിസമ്മതിച്ച് പരിപാടി ബഹിഷ്‌ക്കരിച്ചത്.
ഡല്‍ഹി നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ എല്‍എല്‍എം വിദ്യാർത്ഥി സുര്‍ബി കര്‍വയാണ് ചീഫ് ജസ്റ്റിസില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ വിസമ്മതിച്ചത്.
‘നിയമ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ പഠിച്ചതും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളും തമ്മിലുള്ള അന്തരം എന്നെ ഒരു ധാര്‍മ്മിക പ്രതിസന്ധിയില്‍ അകപ്പെടുത്തി. ചീഫ് ജസ്റ്റീസ് തലവനായിട്ടുളള സ്ഥാപനം അദ്ദേഹത്തിനെതിരായ ലൈംഗികാരോപണ കേസ് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു’ അവാര്‍ഡ് ദാന ചടങ്ങില്‍നിന്ന് വിട്ടുനിന്നതിന് ശേഷം കര്‍വ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
‘ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് അഭിഭാഷകര്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരിക്കയാണ് ഞാന്‍. ഇന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞതും ഇക്കാര്യമാണ്’ അവര്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതി ജീവനക്കാരി നല്‍കിയ ലൈംഗികാരോപണ പരാതി പരിഗണിച്ച രീതിയിലുള്ള പ്രതിഷേധമാണ് താന്‍ അവാര്‍ഡ് സ്വീകരിക്കാന്‍ വിസമ്മതിച്ചതിലൂടെ നടത്തിയെന്ന് അവര്‍ പറഞ്ഞു.
ധാര്‍മ്മികമായി ശരിയല്ലാത്ത കാര്യങ്ങള്‍ അംഗീകരിക്കരുതെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലോയിലാണ് കാര്‍വ സ്‌പെഷലൈസ് ചെയ്യുന്നത്. കോണ്‍സ്റ്റിറ്റ്യൂവെന്റ് അസംബ്ലിയില്‍ നടന്ന സംവാദങ്ങളെ അധികരിച്ച് ഭരണഘടന ഒരു ഫെമിനിസ്റ്റ് രേഖയാണോ എന്നതാണ് അവരുടെ തീസിസ്
കഴിഞ്ഞ ഏപ്രിലിലാണ് സുപ്രീം കോടതിയിലെ വനിതാ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയിത്. ലൈംഗിക താല്‍പര്യത്തോടെ സമീപിക്കുകയും ചെറുത്തപ്പോള്‍ അവരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തുവെന്നായിരുന്നു ആരോപണം. സുപ്രീം കോടതിയിലെ ഒരു സമിതിയെ നിയമിച്ച് ആരോപണം തള്ളിക്കളയുകയാണ് പരമോന്നത കോടതി ചെയതത്. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയെ പരാതിക്കാരി ബഹിഷ്‌ക്കരിച്ചിരുന്നു.