വെള്ളിയാഴ്ച വൈകിട്ട് മാവേലിക്കര അച്ചന്‍കോവിലാറിന്റെ തീരത്ത് കണ്ടിയൂര്‍ കടവിലാണ് സംഭവം.
ആറ്റുതീരത്ത് എത്തിയ ദമ്പതികളെയും സഹോദരനെയും സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. മാവേലിക്കര കണ്ടിയൂര്‍ കുന്നുംപുറത്ത് വടക്കതില്‍ കണ്ണന്(37), കണ്ടത്തില്‍ അനന്തു(22), ചെമ്പംപറമ്പില്‍ വസിഷ്ഠ്(18), മണപ്പുറത്ത് അനൂപ്(28), കൊട്ടാരത്തില്‍ ആര്‍എംകെ മന്ദിരത്തില്‍ മിഥുന്(26) എന്നിവരെയാണ് സി ഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കായംകുളം മുതുകുളം തെക്ക് ശിവഭവനില്‍ ശിവപ്രസാദ്(31), ഭാര്യ സംഗീത(25) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ട് അച്ചന്‍കോവിലാറിന്റെ തീരത്ത് കണ്ടിയൂര്‍ കടവിലാണ് സംഭവം. വിദേശത്ത് ജോലിയുള്ള ശിവപ്രസാദ് ഭാര്യയ്ക്കും ഭാര്യാസഹോദരനുമൊപ്പം ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് മാവേലിക്കരയിലെത്തിയത്.
കടവിലുണ്ടായിരുന്ന കണ്ണന് കമിതാക്കളാണെന്ന് സംശയിച്ച് മൂവരെയും ചോദ്യം ചെയ്തു. വിവാഹ ഫോട്ടോ കാണിച്ചിട്ടും ആക്ഷേപം തുടര്‍ന്നു. ശിവപ്രസാദുമായി വഴക്കുണ്ടായതോടെ ഇയാള്‍ കടവില്‍ കുളിച്ചുകൊണ്ടിരുന്ന നാല് പേരെയും വിളിച്ചുകൊണ്ട് വന്ന് ശിവപ്രസാദിനെയും ഭാര്യാ സഹോദരനെയും മര്‍ദ്ദിച്ചുവെന്നാണ് കേസ്.
തടയാന്‍ ചെന്ന സംഗീതയോട് മോശമായി പെരുമാറിയെന്നും പോലീസ് പറയുന്നു. എസ്ഐ എസ് പ്രദീപ്, എഎസ്ഐ ശിവപ്രസാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജി ജയരാജ്, സി ബി മനോജ്, സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
also read:‘മതിയായി’; കെപിസിസി മീഡിയ സെല്‍ പദവി ശശരി തരൂര്‍ രാജി വയ്ക്കുന്നു