UPDATES

സ്ത്രീ

റെയില്‍വെ ലൈന്‍ പോലുമില്ലാത്ത ഗ്രാമത്തില്‍ നിന്നും ആകാശം സ്വപ്‌നം കണ്ട പെണ്‍കുട്ടി; ആദ്യമായി വിമാനം പറത്തുന്ന ആദിവാസി യുവതി അനുപ്രിയ മധുമിത ലക്ര

ഒറഓണ്‍ ആദിവാസി വിഭാഗത്തില്‍പെടുന്ന വനിതയാണ് അനുപ്രിയ.

ഒഡിഷയില്‍ ആദ്യമായി വിമാനം പറത്തുന്ന ആദിവാസി യുവതിയായി അനുപ്രിയ മധുമിത ലക്ര. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശമായ ഒഡിഷയിലെ മല്‍കന്‍ഗിരി ജില്ലയിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ മകളാണ് ഈ 27 കാരി.

വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനമാണ് അനുപ്രിയ പറത്തുന്നത്. കഴിഞ്ഞമാസമാണ് ഇന്‍ഡിഗോ എയര്‍ലൈനിന്റെ കോ പൈലറ്റായി അനുപ്രിയ ജോലിയില്‍ പ്രവേശിക്കുന്നത്.

തങ്ങളെ മാത്രമല്ല, ഈ സംസ്ഥാനത്തിനു തന്നെ അഭിമാനമായിരിക്കുകയാണ് തങ്ങളുടെ മകള്‍ എന്ന് അനുപ്രിയയുടെ അച്ഛന്‍ മരിണിയന്‍ ലക്രയും, അമ്മ ജിമാജ് യഷ്മിന്‍ ചക്രയും പറയുന്നു.


അവളെ പൈലറ്റ് ട്രൈനിങിന് അയയ്ക്കുക എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ലോണ്‍ എടുത്തും, ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയുമെല്ലാമാണ് അവളെ പഠിപ്പിച്ചത്. അച്ഛന്‍ ലക്ര പറയുന്നു. എന്റെ മകളുടെ ഈ വിജയത്തില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഇത് മറ്റു പല പെണ്‍കുട്ടികള്‍ക്കും ഒരു പ്രചോദനമാകുമെന്നും ഞാന്‍ കരുതുന്നു. എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കളുടെ സ്വപ്‌നത്തിനൊപ്പം നില്‍ക്കാന്‍ ഇത് കാരണമാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അമ്മ ജിമാജ് യഷ്മിന്‍ ലക്ര പറയുന്നു.

ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായക്കും അനുപ്രിയയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി. അനുപ്രിയയുടെ ഈ നേട്ടത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. അനുപ്രിയ നിരവധി പെണ്‍കുട്ടികള്‍ക്ക് ഒരു മാതൃകയാണ്. പട്‌നായക്ക് പറഞ്ഞു.

ഒറഓണ്‍ ആദിവാസി വിഭാഗത്തില്‍പെടുന്ന വനിതയാണ് അനുപ്രിയ. റെയില്‍വെ ലൈന്‍ പോലും ഇല്ലാത്ത ഒരു ഗ്രാമത്തില്‍ നിന്നും ഒരു പെണ്‍കുട്ടി വിമാനം പറത്തുക എന്നത് ഞങ്ങള്‍ക്കും അഭിമാനകരമായ കാര്യമാണ്. ഒഡിഷയിലെ ആദിവാസി പ്രസിഡന്റായ കല്യാണ്‍ മഹസങ്കയും, നിരഞ്ജന്‍ ബിസിയും പറയുന്നു.

മലങ്കിരിയില്‍ ജനിച്ചുവളര്‍ന്ന അനുപ്രിയ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് മല്‍കന്‍ഗിരി മിഷനറി സ്‌കൂളില്‍ നിന്നുമാണ്. തുടര്‍ന്ന് അടുത്ത ജില്ലയായ കൊറാപ്പുട്ടില്‍ നിന്നും ഹയര്‍സെക്കന്റെറി വിദ്യാഭ്യാസം. തുടര്‍ന്ന് 2012 ല്‍ ബുബനേശ്വറിലെ ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജില്‍ പ്രവേശനം നേടി. കോളേജ് പ്രവേശനം നേടിയതിനു ശേഷമാണ് തന്റെ യഥാര്‍ത്ത വഴി ഇതല്ല എന്നും പൈലറ്റിന്റെത് ആണെന്നും അനുപ്രിയ മനസിലാക്കുന്നത്. തുടര്‍ന്ന് എഞ്ചിനിയറിങ് കോളേജിലെ പഠനം അവസാനിപ്പിച്ച് ബുബനേശ്വറിലെ തന്നെ ഗവണ്‍മെന്റ് ഏവിയേഷന്‍ ട്രൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി.

ഒഡിഷയിലെ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ജില്ലയാണ് അനുപ്രിയയുടെത്. 73 ശതമാനം സാക്ഷരതയുള്ള ഒഡിഷയില്‍ 41.20 ശതമാനം മാത്രമാണ് ആദിവാസി സ്ത്രീകളുടെ സാക്ഷരത.

Read More : പൊട്ടിക്കരഞ്ഞ് 19ാം ഗ്രാന്‍ഡ് സ്ലാം ഏറ്റുവാങ്ങി റഫേല്‍ നദാല്‍; യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത് മെദ്വദേവിനെ തകര്‍ത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍