UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാര്‍ഥിയുടെ മരണം: രാജസ്ഥാന്‍ സര്‍വകലാശാലയ്ക്കെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍

2014 ജൂണില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ വീണാണ് ചൗധരി മരണമടഞ്ഞത്.

വിമല്‍ കുമാര്‍ ചൗധരി എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ത്വരിതപ്പെടുത്താനും അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പിതാവ് രാംകുമാര്‍ ജാട്ടിന് കൈമാറാനും കേന്ദ്ര വിവരാവകാശ കമ്മീഷന്‍, രാജസ്ഥാന്‍ കേന്ദ്ര സര്‍വലാശാലയോട് നിര്‍ദ്ദേശിച്ചു. 2014 ജൂണില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ വീണാണ് ചൗധരി മരണമടഞ്ഞത്. സംഭവം നടന്ന് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും വിവരങ്ങള്‍ പിതാവിന് കൈമാറാത്തത് സര്‍വകലാശാലയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷന്‍ കണ്ടെത്തി. എംഎസ്സി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് വിമല്‍ കുമാര്‍ മരിച്ചത്.

‘കെട്ടിടത്തില്‍ നിന്നും വീണതുമൂലമുണ്ടായ പരിക്കുകളാണ് വിമല്‍ കുമാറിന്റെ മരണത്തിന് കാരണമെന്ന് സര്‍വകലാശാല സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. എന്നാല്‍, ദുരന്തത്തെ കുറിച്ച് ചില സുപ്രധാന സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിതാവ് ഒരു വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ചില വിവരങ്ങള്‍ സിപിഐഒ കൈമാറുകയും ചെയ്തു. പിന്നീട് അപ്പീല്‍ സമര്‍പ്പിച്ചപ്പോള്‍, സര്‍വകലാശാല രജിസ്ട്രാറും അപ്പല്ലേറ്റ് അധികാരിയുമായ കെ വി എസ് കാമേശ്വര റാവു കുറച്ചു വിവരങ്ങള്‍ കൂടി നല്‍കി. വിവരങ്ങളില്‍ തൃപ്തനാവാതിരുന്ന വിദ്യാര്‍ത്ഥിയുടെ പിതാവ് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് അപ്പല്ലേറ്റ് അധികാരിയെ വീണ്ടും സമീപിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചെങ്കിലും ബന്ധപ്പെട്ട സിപിഐഒ അത് അനുസരിച്ചില്ല,’ എന്ന് ഇന്‍ഫോര്‍മേഷന്‍ കമ്മീഷണര്‍ എം ശ്രീധര്‍ ആചാര്യലു തന്റെ ഉത്തരവില്‍ പറയുന്നു.

പിതാവിന് പൂര്‍ണമായ വിവരങ്ങള്‍ നല്‍കാനുള്ള ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്വം സര്‍വകലാശാലയ്ക്കുണ്ടെന്നും ഉത്തരവില്‍ പറയുന്നു. സിപിഐഒയുടെയും ഡപ്യൂട്ടി രജിസ്ട്രാര്‍ ഹരി സിംഗ് പരിഹാറിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കമ്മീഷണര്‍, വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതിനുള്ള പരമാവധി ശിക്ഷ ലഭിക്കാതിരിക്കാനുള്ള കാരണങ്ങള്‍ ജനുവരി മുപ്പതിനകം വിശദീകരിക്കാന്‍ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ത്വരിതപ്പെടുത്തി എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് പരാതിക്കാരന് സമര്‍പ്പിക്കണമെന്നും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷണര്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍