UPDATES

കെജ്രിവാള്‍ സര്‍ക്കാര്‍ ഓരോ നിമിഷവും മോദിയുടെ നിരീക്ഷണത്തിലെന്ന് വിവരാവകാശ രേഖകള്‍

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ മറ്റൊരു അധികാരം ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ഒരു ശ്രമമെന്നാണ് ഫ്രണ്ട്ലൈന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്

ഡല്‍ഹി സംസ്ഥാനത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത താല്‍പര്യം കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടി നേതാക്കളും ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതായി ഫ്രണ്ട്‌ലൈന്‍ മാസികയുടെ റിപ്പോര്‍ട്ട് പറയുന്നു.  വിവരാവകാശ രേഖപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ലഭിച്ച ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയുടെ ഭരണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അവിഹിതമായി ഇടപെടുന്നു എന്ന ആരോപണം കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയെ പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെടുത്താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കെജ്രിവാളിനെ താഴ്ത്തിക്കെട്ടാനാണ് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ദേശീയ മാധ്യമങ്ങളും ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രിക്ക് ഡല്‍ഹി ഭരണത്തില്‍ അമിത താത്പര്യങ്ങള്‍ ഉണ്ടെന്നാണ് ഫ്രണ്ട്‌ലൈന്‍ പുറത്തുവിടുന്ന രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

ഡിസംബര്‍ 22ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചു. പ്രത്യേക കാരണങ്ങള്‍ ഒന്നും പറയാതെ വ്യക്തിപരമായ അസൗകര്യം എന്ന് പറഞ്ഞായിരുന്നു രാജി. പക്ഷെ വിചിത്രമായ സംഗതി, അദ്ദേഹം നിയമപരമായി രാജി സമര്‍പ്പിക്കേണ്ട സ്ഥലങ്ങളിലല്ല അത് സമര്‍പ്പിച്ചത് എന്നതിലാണ്. നിയമപരമായി അദ്ദേഹം രാജി സമര്‍പ്പിക്കേണ്ടിയിരുന്നത് ആഭ്യന്തര മന്ത്രാലയത്തിലോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ സെക്രട്ടേറിയേറ്റിലോ ആണ്. എന്നാല്‍ ജംഗ് രാജിക്കത്ത് കൊടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു. പിറ്റെ ദിവസം രാവിലെ അദ്ദേഹം പ്രധാനമന്ത്രിയുമായി ഏകദേശം ഒരു മണിക്കൂര്‍ നീളുന്ന കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പലപ്പോഴും രാജി വെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴും തുടരാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അപൂര്‍വം മാധ്യമങ്ങളോട് ജംഗ് പ്രതികരിച്ചത്.

2015ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഓരോ നടപടികളും പ്രധാനമന്ത്രി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ മറ്റൊരു അധികാരം ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ഒരു ശ്രമമാണെന്നാണ് ഫ്രെണ്ട്‌ലൈന്‍ അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമായും രണ്ട് ഘട്ടങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ദേശീയ തലസ്ഥാനത്തിന്റെ ഭരണത്തില്‍ അവിഹിതമായി ഇടപെട്ടു എന്നാണ് ഇപ്പോഴത്തെ അന്വേഷണങ്ങള്‍ പുറത്തുകൊണ്ടുവരുന്ന വസ്തുത. 2015 മാര്‍ച്ച് 28-ന് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ ശിശിര്‍ ഗുപ്ത, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഹിരണ്‍ ജോഷിക്കും അയച്ച ഒരു ഇ-മെയിലുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സ്ഥാനമൊഴിഞ്ഞ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജംഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇ-മെയില്‍. കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു ഇ-മെയിലന്റെ തലക്കെട്ടുതന്നെ. തലസ്ഥാന നഗരത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള അധികാരങ്ങള്‍ റദ്ദുചെയ്യാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. ഇതിനെതിരെ എന്തെങ്കിലും നടപടികള്‍ എടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ഡല്‍ഹിയിലെ ബിജെപി എംഎല്‍എമാരോ ഡല്‍ഹി ഘടകമോ ശ്രമിക്കുന്നില്ല. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും എന്ന് ഭയന്ന് ഡല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്രം നടപടികളൊന്നും സ്വീകരിക്കില്ലെന്നാണ് കെജ്രിവാള്‍ കണക്കുകൂട്ടുന്നതെന്നും ഇ-മെയിലില്‍ സൂചിപ്പിക്കുന്നു. ക്രമസമാധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി മാത്രമേ ലഫ്റ്റനന്റ് ഗവര്‍ണറുടെ മുന്നിലെത്താവൂ എന്ന തീരുമാനമാണ് അധികാരങ്ങള്‍ മറികടന്ന് ഡല്‍ഹി സര്‍ക്കാര്‍ കൈക്കൊണ്ട ഒമ്പത് നടപടികളില്‍ ആദ്യത്തേതായി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എഴുതുന്ന ഫയലുകള്‍ നേരിട്ട് തന്റെ മുന്നില്‍ എത്തിക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ കെജ്രിവാളിന് നിര്‍ദ്ദേശം നല്‍കി.

ബിജെപി അധ്യക്ഷനില്‍ നിന്നോ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നോ എന്തെങ്കിലും മറുപടി ആവശ്യപ്പെടുന്നതായിരുന്നില്ല ഇ-മെയില്‍. മറിച്ച് വിവരങ്ങള്‍ കൈമാറുക എന്ന ഉദ്ദേശം മാത്രമായിരുന്നു അതിനുണ്ടായിരുന്നത്. കെജ്രിവാള്‍ തന്റെ അധികാരപരിധി മറികടക്കുന്നു എന്ന് പറഞ്ഞുള്ള വാര്‍ത്ത പിറ്റെ ദിവസത്തെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ തലക്കെട്ടായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ശിശിര്‍ ഗുപ്ത പേരുവച്ചെഴുതിയ ആ വാര്‍ത്തയ്ക്ക് ശേഷം ഈ വിഷയത്തെ സംബന്ധിച്ച ഒന്നും ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ടിട്ടുമില്ല. ഒരു വാര്‍ത്ത എഴുതുന്നതിന് മുമ്പ് കാര്യങ്ങള്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് അങ്ങനെ ഒരു ഇ-മെയില്‍ അയച്ചതെന്ന് ഗുപ്ത അവകാശപ്പെടുന്നു. എന്നാല്‍ ആരില്‍ നിന്നും മറുപടിയൊന്നും ലഭിച്ചില്ലെങ്കിലും ഗുപ്ത വിചാരിച്ചതിനേക്കാള്‍ വലിയ പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇ-മെയിലിന് നല്‍കിയത്.

മാര്‍ച്ച് 31ന് ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ആനന്ദ് കുമാര്‍ സിംഗിനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ പിഎംഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നൃപേന്ദ്ര മിശ്ര സംഭവത്തില്‍ അഞ്ച് ദിവസത്തിനകം വിശദമായ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനനുസരിച്ച് സിംഗ് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു എന്നാണ് രേഖകള്‍ പറയുന്നത്.

2015 ഏപ്രില്‍, മേയ് മാസങ്ങളില്‍ ഡല്‍ഹിയുടെ കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനിതരസാധാരണമായ താല്‍പര്യങ്ങള്‍ കാണിച്ചു എന്നും ഫ്രണ്ട്ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അഴിമതി വിരുദ്ധ മുദ്രാവാക്യത്തിന്റെ പേരില്‍ വന്‍ഭൂരിപക്ഷം നേടിയ അധികാരത്തിലെത്തിയ എഎപി സര്‍ക്കാര്‍ അതിന്റെ ആദ്യകാലങ്ങളില്‍ അഴിമതി തടയുന്നതിനുള്ള നിരവധി നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതില്‍ രണ്ട് നടപടികള്‍ വിവാദമാകുകയും ചെയ്തിരുന്നു.

അഴിമതിയുടെ പേരില്‍ ഡല്‍ഹി പോലീസിലെ ഒരുദ്യോഗസ്ഥനെ ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന്, അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അധികാരം വെട്ടിക്കുറച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നൊരു പ്രമേയം ഡല്‍ഹി നിയമസഭ പാസാക്കിയിരുന്നു. ഡല്‍ഹിയിലുള്ള ഏതൊരു പൗരനുമെതിരെ നടപടി സ്വീകരിക്കാം എന്ന മുന്‍ അധികാരപരിധിയില്‍ നിന്നും വ്യത്യസ്തമായി ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ മാത്രമേ നടപടി സ്വീകരിക്കാന്‍ എസിബിയ്ക്ക് അനുവാദമുള്ളു എന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ 2014 ജൂലൈ 23ന് ഉള്ള ഉത്തരവിനെതിരെയാണ് നിയമസഭ പ്രമേയം പാസാക്കിയത്. ഏപ്രില്‍ എട്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തില്‍ അതിന്റെ പുതിയ നിര്‍ദ്ദേശത്തെ കുറിച്ചും നിയമസഭയുടെ പ്രമേയത്തിനെ കുറിച്ചും ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. കത്ത് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിക്ക് അയച്ച് കൊടുക്കുമ്പോള്‍ കേന്ദ്ര നിയമസെക്രട്ടറി പി കെ മല്‍ഹോത്ര ഫയലില്‍ ഇങ്ങനെ കുറിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായി നടത്തിയ ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തില്‍ നിയമോപദേശം നല്‍കാന്‍ നിയമമന്ത്രാലയം ആവശ്യപ്പെടുന്നു എന്നാണ് നിയമസെക്രട്ടറി എഴുതിയത്. ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അവിഹിതമായി ഇടപെട്ടു എന്നാണ് രേഖകള്‍ തെളിയിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുമെന്ന എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബന്ധപ്പെട്ടും അന്വേഷണങ്ങള്‍ നടന്നതായി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിലെ പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു ഉദ്യോഗസ്ഥന്‍ ഫ്രണ്ട്‌ലൈനോട് പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ണായക തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 2015 മേയ് മൂന്നാം വാരത്തില്‍ അയച്ച ഒരു കത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഡല്‍ഹിയുടെ കാര്യങ്ങളില്‍ എലിസബത്ത് രാജ്ഞിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ വെറും വൈസ്രോയിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.

ജംഗ് സ്ഥാനമൊഴിയുകയും അനില്‍ ബൈജാല്‍ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി സ്ഥാനമേറ്റതിനെ സംബന്ധിച്ചും വിവാദങ്ങള്‍ നിലനില്‍ക്കുന്നു. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ആഭ്യന്തരമന്ത്രാലയം സമര്‍പ്പിക്കുന്നതിന് മുമ്പ് എങ്ങനെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ബൈജാലിന്റെ നിയമനം അംഗീകരിച്ചതെന്ന ചോദ്യം ബാക്കിയാവുന്നു. കഴിഞ്ഞ 22 മാസത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ ഡല്‍ഹി സര്‍ക്കാരിന് മേലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ കൂടുതല്‍ കര്‍ക്കശമാകാനേ സാധ്യതയുള്ളു എന്ന വിലയിരുത്തലാണ് പൊതുവില്‍ ഉള്ളത്. എഎപി സര്‍ക്കാരിനെ അത്ര നല്ല ദിനങ്ങളല്ല കാത്തിരിക്കുന്നതെന്ന് സാരം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍