തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്
പുതുവര്‍ഷ രാത്രിയില്‍ ബാംഗളൂര്‍ നഗരത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതികരിച്ചു മഞ്ജു വാര്യര്‍. ബാംഗളൂര്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നമ്മള് എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയ സംസ്കാരത്തിന് കളങ്കമേറ്റതായി ചൂണ്ടിക്കാണിക്കുന്നു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പോര്ണ്ണ രൂപം താഴെ;
ബാംഗ്ലൂർ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിന്റെ തുടർക്കാഴ്ചകൾ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങൾ പോലെയാണ് തോന്നുന്നത്. ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മൾ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. ഇതിനേക്കാൾ വേദനിപ്പിക്കുന്നു,സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവർത്തകരുടെ അഭിപ്രായങ്ങൾ. വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവർ എന്നാണ് മനസ്സിലാക്കുക? നിർഭയമായ ലോകമാണ് നിങ്ങൾക്കുള്ള വാഗ്ദാനമെന്ന് നെഞ്ചിൽ കൈവച്ച്, എന്നാണ് ഇക്കൂട്ടർക്ക് ഞങ്ങളോട് പറയാനാകുക?