UPDATES

കേരളം

വിഎസിന് പാര്‍ട്ടി പുതിയ വേലി കെട്ടുമോ അതോ ഉള്ള വേലിക്കകത്ത് തളയ്ക്കുമോ?

യാദൃശ്ചികമെങ്കിലും മുന്‍മുഖ്യമന്ത്രിമാരായ വി എസും ഉമ്മന്‍ ചാണ്ടിയും തങ്ങളുടെ പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്നത് കൌതുകത്തോടെയാണ് രാഷ്ട്രീയ കേരളം കാണുന്നത്

തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തുന്നു എന്ന നിലയിലും വിഎസിന്റെ കത്തിലൂടെയും വിവാദമായ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ സമാപനം ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സമീപകാലത്തായി പാര്‍ട്ടിയുടെ വേലിക്കെട്ടിന് പുറത്ത് കഴിയുന്ന വിഎസ് അകത്തേക്ക് കയറുമോ അതോ വേലിക്കു പുറത്തു തന്നെ ഒതുങ്ങി കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു കുഴപ്പം ആരും ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടു തന്നെ സമവായ സാധ്യത തന്നെയാണ്  പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ നടന്നത് തൃപ്തികരവും ന്യായവുമായ ചര്‍ച്ചയാണെന്ന് വിഎസ് ഇതിനകം പ്രതികരിച്ചു കഴിഞ്ഞു. ഔദ്യോഗിക തീരുമാനങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറയുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും വിമര്‍ശിച്ച് വിഎസ് കേന്ദ്ര നേതൃത്വത്തിനയച്ച കത്ത് ഔദ്യോഗിക വിഭാഗത്തെ പ്രകോപിപ്പിക്കുമെന്നും വിഎസിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും കരുതിയിരുന്നു. എന്നാല്‍ അത്തരമൊരു നീക്കത്തിന് സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല എന്നാണ് സൂചന. അതേസമയം  വിഎസിനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുന്നതിനെ ശക്തിയുക്തം എതിര്‍ക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടിട്ടുള്ളത്.

2006ല്‍ പാര്‍ട്ടി മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ ശക്തമായ ജനകീയ പിന്തുണയോടെ മത്സരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്ത വിഎസ് അല്ല ഇപ്പോള്‍ എന്നതിനാല്‍ തന്നെ ഇത്തവണ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധങ്ങളെ അതിജീവിക്കുക അദ്ദേഹത്തിന് അത്ര എളുപ്പമാകില്ല. 2012-ലും സമാനമായ സാഹചര്യത്തെ മറികടക്കാന്‍ വിഎസിനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വിഎസ് മത്സരിക്കുമോ ഇല്ലയോ എന്ന സംശയം നിലനിര്‍ത്തി വിഎസിനെ മലമ്പുഴയില്‍ തന്നെ മത്സരിപ്പിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകളുടെ ഒരു ഘട്ടത്തിലും പരിഗണിച്ചിരുന്നുമില്ല. ഒടുവില്‍ ഭരണ പരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കി ഒതുക്കുകയായിരുന്നു പാര്‍ട്ടി ചെയ്തത്.

അതേ സമയം ശക്തമായ പ്രതിപക്ഷമാകാന്‍ യുഡിഎഫിന് സാധിക്കാത്ത ഘട്ടത്തിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിഎസിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും പലപ്പോഴും തലവേദനയുണ്ടാക്കുന്നുണ്ട്. അഞ്ചേരി ബേബി വധക്കേസില്‍ പ്രതിസ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എംഎം മണി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലും വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി മണിയെ പിന്തുണച്ചപ്പോള്‍ പഴയ വിശ്വസ്തനെതിരായ നിലപാടാണ് വിഎസ് ഇവിടെ സ്വീകരിച്ചത്. ഈ അടുത്ത കാലത്ത് പോലീസിനെതിരെയും വിഎസ് ആഞ്ഞടിച്ചിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയെ ഇന്ന് വിഎസ് സന്ദര്‍ശിച്ചത് പാര്‍ട്ടിക്കുള്ളിലെ തന്റെ സ്ഥാനം ഉറപ്പിക്കാനാണ്.  സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മടക്കിയെടുക്കണം എന്നാണ് വിഎസിന്റെ പുതിയ ആവശ്യം. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്ത് വിഎസിനെ കൂടുതല്‍ ശക്തനാക്കാന്‍ ഔദ്യോഗിക വിഭാഗവും പിണറായി അനുകൂലികളും അനുവദിക്കാന്‍ ഇടയില്ലെന്നതാണ് സത്യം. അണികളുടെ പിന്തുണയിലും ഏറെ ദുര്‍ബലനായി കഴിഞ്ഞ വിഎസ് കൂടുതല്‍ ഒറ്റപ്പെടാനാണ് സാധ്യത.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കെആര്‍ ഗൗരിയമ്മയും എംവി രാഘവനും പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തി പുറത്ത് പോകുകയും പുതിയ രാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുകയും ചെയ്ത സാഹചര്യം പോലുമല്ല ഇന്ന് വിഎസിനുള്ളത്. യെച്ചൂരുയെ സന്ദര്‍ശിച്ച വിഎസ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെയാണ് മടങ്ങിയത് എന്നതും ശ്രദ്ധേയമാണ്. വിഎസ് നടത്തിയ അച്ചടക്കലംഘനത്തെക്കുറിച്ച് പോളിറ്റ് ബ്യൂറോ നിയമിച്ച കമ്മിഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് കേന്ദ്ര കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് ഇന്ന് വിഎസ് യെച്ചൂരിയെ കണ്ടത്.

യാദൃശ്ചികമെങ്കിലും മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ കാര്യസമിതിയില്‍ പങ്കെടുക്കാതെ പ്രതിഷേധിച്ച് മാറി നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി. രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് രാഷ്ട്രീയ പ്രമുഖരുടെ പതനമാണോ അതോ മറ്റേതെങ്കിലും തലത്തിലെ ഉയിര്‍ത്തെഴുന്നേല്‍പ്പാണോ വരാനിരിക്കുന്നത് എന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍