ഇപ്പോഴുള്ള കേസിന് പുറമേ കൊലപാതകമുള്‍പ്പെടെ എട്ട് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്
മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി എം പി സാക്ഷി മഹാരാജിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. നാളെ മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള എംപിയായ സാക്ഷി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കമ്മിഷന് വിലയിരുത്തി.
മതവികാരം വൃണപ്പെടുത്തിയതിന് മീററ്റിലെ സദര്‍ ബസാര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മീററ്റില്‍ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സാക്ഷി വിവാദ പ്രസംഗം നടത്തിയത്. ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവിന് കാരണം നാല് ഭാര്യമാരും 40 കുട്ടികളുമുള്ളവരാണെന്നാണ് സാക്ഷി പറഞ്ഞത്. എത്രയും വേഗം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനും സാക്ഷി ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നതോടെ പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന. ഇപ്പോഴുള്ള കേസിന് പുറമേ കൊലപാതകമുള്‍പ്പെടെ എട്ട് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.