UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലണ്ടറില്‍ ഗാന്ധിക്ക് പകരം മോദി; ഖാദി ഉദ്യോഗ് ജീവനക്കാര്‍ പ്രതിഷേധിച്ചു

500 നെയ്ത്ത് തൊഴിലാളികള്‍ക്ക് മോദി ചര്‍ക്ക വിതരണം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതെന്ന് വിശദീകരണം

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ (ഖാദി ഉദ്യോഗ്) ഈവര്‍ഷം പുറത്തിറക്കിയ കലണ്ടറിലും ഡയറിയിലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ ജീവനക്കാര്‍ പ്രതിഷേധിച്ചു. ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയത് എന്തിനെന്ന് തങ്ങള്‍ക്കറിയണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഇന്ന് ഖാദി ഉദ്യോഗിന്റെ സബര്‍ബന്‍ വിലെ-പാര്‍ലെയില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി ജീവനക്കാരാണ് പങ്കെടുത്തത്. നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ഖാദിയുടെ പ്രചോദനമായ ഗാന്ധിജിയുടെ ചിത്രമില്ലാത്തതില്‍ വേദനയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ‘ഗാന്ധിജിയ്ക്ക് എന്തുകൊണ്ട് ഇടംനല്‍കിയില്ലെന്നത് മാത്രമാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്. ഗാന്ധിജിയ്ക്ക് ഖാദി മേഖലയില്‍ യാതൊരു പ്രാധാന്യവുമില്ലേ?’ സമരക്കാരില്‍ ഒരാള്‍ ചോദിച്ചു. കലണ്ടുകള്‍ ഗാന്ധിജിയുടെ ചിത്രത്തോടെ വീണ്ടും അച്ചടിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഖാദി ഉദ്യോഗിന്റെ കലണ്ടറിലും ഡയറിയിലും മഹാത്മാ ഗാന്ധിയെ ഒഴിവാക്കി; പകരം ഇനി മോദി

അതേസമയം ഖാദിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഈ വിഷയത്തെ നിസാരമായി തള്ളിക്കളയുകയായിരുന്നു. രാഷ്ട്രപിതാവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം തന്നെയാണ് എല്ലാക്കാലത്തും രാജ്യത്തെ മുഴുവന്‍ ഖാദി മേഖലയുടെയും മാര്‍ഗ്ഗദീപമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിന് ന്യായീകരണമായി കഴിഞ്ഞ ഒക്ടോബറില്‍ ലുധിയാനയില്‍ വച്ച് മോദി 500 നെയ്ത്ത് തൊഴിലാളികള്‍ക്ക് ചര്‍ക്ക വിതരണം ചെയ്തു എന്നതാണ് ചൂണ്ടിക്കാട്ടിയത്. ആ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മയ്ക്കായാണ് കലണ്ടറിലും ഡയറിയിലും അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് എന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

മോദിയും ഖാദിയെ ശക്തമായി പിന്തുണയ്ക്കുന്നെന്നും അതിന്റെ പ്രചരണത്തിനൊപ്പം അദ്ദേഹം അത് ധരിക്കുകയും ചെയ്യുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് മാത്രമല്ല വിദേശങ്ങളിലും ഖാദിക്ക് പ്രചാരം ലഭിക്കുന്നതിന് മോദി സുപ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ജീവനക്കാരുടെ പ്രതിഷേധം സമാധാനപൂര്‍വമായിരുന്നെങ്കിലും കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍