പാലസ്തീന് എംബസിയുടെ ഉദ്ഘാടനം പാലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് നിര്‍വഹിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മഹമൂദ് അബ്ബാസ് ഉദ്ഘാടനത്തിനെത്തിയത്.
വത്തിക്കാനില്‍ ആദ്യമായി തുറന്ന പാലസ്തീന് എംബസിയുടെ ഉദ്ഘാടനം പാലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് നിര്‍വഹിച്ചു. എംബസിയുടെ ബാല്‍ക്കണിയില്‍ നിന്ന് മഹമൂദ് അബ്ബാസ് പാലസ്തീന് പതാക വീശി. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മഹമൂദ് അബ്ബാസ് ഉദ്ഘാടനത്തിനെത്തിയത്.
പാലസ്തീന് – ഇസ്രയേല്‍ സമാധാന പ്രക്രിയ സംബന്ധിച്ചും ഭീകരതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ചും പോപ്പുമായി വിശദമായി സംസാരിച്ചതായി മഹമൂദ് അബ്ബാസ് പറഞ്ഞു. പാരീസില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനം സംബന്ധിച്ചും പാലസ്തീന് പ്രദേശത്തെ ഇസ്രയേല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട യുഎന്‍ രക്ഷാസമിതി പ്രമേയം സംബന്ധിച്ചും പോപ്പുമായി ചര്‍ച്ച നടത്തി. പാലസ്തീനെ ലോകരാജ്യങ്ങള്‍ അംഗീകരിക്കണമെന്ന് മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു. കൂടുതല്‍ രാജ്യങ്ങളുടെ അംഗീകാരം ലഭിക്കുന്തോറും സമാധാന പ്രക്രിയ ശക്തിപ്പെടുമെന്ന് മഹമൂദ് അബ്ബാസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നിന്ന് തര്‍ക്കപ്രദേശമായ ജറുസലേമിലേയ്ക്ക് എംബസി മാറ്റാനുള്ള അമേരിക്കന്‍ നീക്കം സമാധാന പ്രക്രിയയെ തടസപ്പെടുത്തുമെന്നും മഹമൂദ് അബ്ബാസ് അഭിപ്രായപ്പെട്ടു. പാലസ്തീന് – ഇസ്രയേല്‍ ചര്‍ച്ചയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനോട് മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ജറുസലേമിലേയും ബത്ലഹേമിലേയും ക്രിസ്ത്യന്‍ പള്ളികളുടെ മാതൃകകളും പാലസ്തീന് – വത്തിക്കാന്‍ ബന്ധത്തിന്റെ ചരിത്രം പറയുന്ന പുസ്തകവും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്, മഹമൂദ് അബ്ബാസ് സമ്മാനിച്ചു. വത്തിക്കാനിലെ പ്രശസ്തമായ ഹോളി സീയുടെ ചരിത്രം വിവരിക്കുന്ന പുസ്തകവും മെര്‍സി എന്ന് രേഖപ്പെടുത്തിയ ഒരു മെഡലും അബ്ബാസിന് മാര്‍പാപ്പയും സമ്മാനിച്ചു.