രാഹുലിന്റെ സ്വഭാവത്തിന് വരുംദിവസങ്ങളില്‍ അദ്ദേഹത്തെ ജനങ്ങള്‍ തന്നെ ഒരു പാഠം പഠിപ്പിക്കുമെന്ന് യുവമോര്‍ച്ച
തന്റെ കീറിയ കുര്‍ത്ത രാഷ്ട്രീയ പ്രശ്‌നമായി ഉന്നയച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കര്‍ണാടകയിലെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍. പുതിയ കുര്‍ത്ത വാങ്ങി രാഹുലിന് അയച്ചുകൊടുക്കാനാണ് ഇവരുടെ തീരുമാനം.
നാല്‍പ്പത് ദിവസം മുമ്പാണ് രാഹുല്‍ ബാങ്കില്‍ നിന്നും 4000 രൂപ പിന്‍വലിച്ചത്. പിന്നീട് അദ്ദേഹം ബാങ്കില്‍ പോയിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന് പുതിയ കുര്‍ത്ത വാങ്ങാന്‍ കാശില്ല എന്നാണ് മനസിലാക്കേണ്ടത്. അതിനാല്‍ തങ്ങള്‍ ഒരു പുതിയ കുര്‍ത്ത വാങ്ങി അയച്ചുകൊടുക്കുന്നുവെന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞത്. രാഹുലിന്റെ സ്വഭാവത്തിന് വരുംദിവസങ്ങളില്‍ അദ്ദേഹത്തെ ജനങ്ങള്‍ തന്നെ ഒരു പാഠം പഠിപ്പിക്കുമെന്ന് യുവമോര്‍ച്ച നേതാവ് ശ്രീനിവാസ് അറിയിച്ചു.
മൂന്ന് ദിവസം മുമ്പ് ഉത്തരാഖണ്ഡില്‍ ഒരു പൊതുപരിപാടിക്കിടെയാണ് കുര്‍ത്തയുടെ പോക്കറ്റില്‍ കയ്യിട്ട് അത് കീറിയിരിക്കുന്നതായി രാഹുല്‍ എല്ലാവരെയും കാണിച്ചത്. ‘എന്റെ കുര്‍ത്തയുടെ പോക്കറ്റ് കീറിയിരിക്കുന്നു. എന്നാല്‍ അതെന്നെ ബാധിക്കില്ല. എന്നാല്‍ മോഡിജിയെ നിങ്ങള്‍ക്കൊരിക്കലും കീറിയ വസ്ത്രം ധരിച്ച് കാണാന്‍ സാധിക്കില്ല. പാവപ്പെട്ട ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് പറയുന്ന അദ്ദേഹം അതേ പാവപ്പെട്ടവരോട് തന്നെ രാഷ്ട്രീയം കളിക്കുകയാണ്’.
അടുത്തകാലത്ത് വിദേശത്ത് അവധിക്കാലം ആഘോഷിച്ച് തിരികെ വന്നതിനെക്കുറിച്ച് രാഹുലിനെ ആരും ഓര്‍മ്മിപ്പിക്കേണ്ടതില്ലെന്നും നെഹ്രു-ഗാന്ധി കുടുംബത്തിലെ പിന്തുടര്‍ച്ചക്കാരനായ രാഹുലിന് കുര്‍ത്ത വാങ്ങാന്‍ പോലും പണമില്ലാത്തത് ദാരുണമാണെന്നും യുവമോര്‍ച്ച പരിഹസിച്ചു. ഏതായാലും രാഹുലിന് പുതിയ കുര്‍ത്ത ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.