വിദ്യാര്‍ത്ഥികളുമായി നാളെ വൈകീട്ട് നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചര്‍ച്ച നടത്തും.
പ്രിന്‍സിപ്പാളിന്‌റേയും മാനേജ്‌മെന്‌റിന്‌റേയും സ്വേച്ഛാധിപത്യ നടപടികളിലും വിദ്യാര്‍ത്ഥി പീഡനത്തിനുമെതിരെ തിരുവനന്തപുരം കേരള ലോ അക്കാഡമി ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാര്‍ത്ഥികളുമായി നാളെ വൈകീട്ട് നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചര്‍ച്ച നടത്തും.
വിദ്യാര്‍ത്ഥി പീഡനം, സദാചാര പൊലീസിംഗ്, ഇന്‌റേണല്‍ മാര്‍ക്കിലും അറ്റന്‍ഡന്‍സിലും കാണിക്കുന്ന വിവേചനം, ജാതി അധിക്ഷേപം അസഭ്യമായ പെരുമാറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. എസ്എഫ്‌ഐ ഒറ്റയ്ക്കും, കെ എസ് യു, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി എന്നീ സംഘടനകള്‍ സംയുക്ത സമരസമിതിയുമായാണ് സമരം നടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സമര പ്രഖ്യാപനത്തെ തുടര്‍ന്ന് ജനുവരി 11 മുതല്‍ അക്കാഡമിയില്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.