UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിസ നിരോധനം: ട്രംപിന്റെ ഉത്തരവിന് സ്റ്റേ

ഫെഡറല്‍ കോടതിയുടെ ഉത്തരവ് വന്നതോടെ ഇതുവരെ രാജ്യത്ത് എത്തിയവര്‍ക്ക് അവിടെ തുടരാനാകും

ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജ് ഭാഗികമായി സ്‌റ്റേ വിധിച്ചു. ബ്രൂക്ക്‌ലിന്‍ ജില്ലാ കോടതി ജഡ്ജി ആന്‍ ഡോണ്ണെലിയുടെ വിധി അനുസരിച്ച് കൃത്യമായ വിസയുമായി അമേരിക്കയിലെത്തിയവര്‍ക്ക് അവിടെ തുടരാം.

ഇറാഖ്, ഇറാന്‍, സിറിയ, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഇന്നലെ വിമാനത്താവളങ്ങളില്‍ തടഞ്ഞിരുന്നു. വിവിധ വിമാനത്താവളങ്ങളില്‍ നൂറിലധികം പേരാണ് തടയപ്പെട്ടത്. ഇതോടെ വിമാനത്താവളങ്ങളില്‍ വന്‍തോതില്‍ പ്രതിഷേധം ഉയരുകയും ചെയ്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അഭയാര്‍ത്ഥികളെ തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ടത്. ഫെഡറല്‍ കോടതിയുടെ ഉത്തരവ് വന്നതോടെ ഇതുവരെ രാജ്യത്ത് എത്തിയവര്‍ക്ക് അവിടെ തുടരാനാകും.

ഭീകരതയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില രാജ്യങ്ങള്‍ക്കാണ് വിസാ വിലക്കെന്നാണ് പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നത്. ന്യൂയോര്‍ക്ക് ജഡ്ജിയുടെ ഉത്തരവിന് തൊട്ടുപിന്നാലെ അലക്‌സാണ്‍ട്ര ജില്ലാ ജഡ്ജി ലിയോണി ബ്രിങ്കെമയും ഡൂള്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ ഗ്രീന്‍കാര്‍ഡ് ഉടമകളെ നാടുകടത്തുന്നതിന് ഏഴ് ദിവസത്തെ സ്റ്റേ പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രംപിന്റെ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്ത് തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ദ് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് പ്രസ്താവിച്ചു. മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും വിവിധ സംഘടനകളും ഉത്തരവിനെതിരെ രംഗത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍