സൌജന്യ ഭവനങ്ങളും തൊഴിലും വാഗ്ദാനം ചെയ്താണ് കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്
അമേരിക്കന്‍ പ്രസിഡന്റ് ഏഴ് രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍ രംഗത്തെത്തി. ഹോം-ഷെയറിംഗ് വെബ്സൈറ്റായ എയര്‍ബിഎന്‍ബി അമേരിക്കയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സൗജന്യ ഭവനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ട്രംപ് ഏഴ് മുസ്ലിംരാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടുള്ള കരാര്‍ ഒപ്പുവച്ചത്. ഇതിന് പിന്നാലെ ശനിയാഴ്ച രാത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എയര്‍ബിഎന്‍ബി സിഇഒ ബ്രിയാന്‍ ചെസ്കി ഈ വിവരം അറിയിച്ചത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ നിരവധി യാത്രക്കാരെ പലയിടങ്ങളിലും പിടിച്ചുവച്ചിരിക്കുകയാണെന്നും ലോകത്തിന്റെ പലയിടങ്ങളിലും യാത്രക്കാര്‍ ഒളിവിലിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ പ്രവേശനമില്ലാത്ത എല്ലാവര്ക്കും സൗജന്യ വീട് നല്‍കുമെന്നാണ് എയര്‍ബിഎന്‍ബി അറിയിച്ചിരിക്കുന്നു. വീട് അത്യാവശ്യമായുള്ളവര് തന്നെ ബന്ധപ്പെടാനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യങ്ങളെയും അഭയാര്‍ത്ഥികളെയും ഇത്തരത്തില്‍ ഒറ്റപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്ന് പറഞ്ഞ ചെസ്കി അത് ബാധിച്ചവര്‍ക്കൊപ്പം നാം നിലകൊള്ളണമെന്നും ആവശ്യപ്പെട്ടു. എയര്‍ബിഎന്‍ബിയുടെ മറ്റൊരു സ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ ജോ ഗെബ്ബിയയും അഭയാര്‍ത്ഥികള്‍ക്കുള്ള തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥി ഏജന്‍സിക്ക് പണം സ്വരൂപിച്ച് നല്കുവാനും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.
2008ല്‍ ആരംഭിച്ച ഈ കമ്പനി 191 രാജ്യങ്ങളിലായി 50,000 നഗരങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 30 ലക്ഷം കോടി ഡോളറാണ് ഇവരുടെ ഇപ്പോഴത്തെ ആസ്തി. പ്രമുഖ കോഫീ ശൃഖലയായ സ്റ്റാര്‍ബക്സും ഇതിനിടെ അഭയാര്‍ത്ഥികളെ പിന്തുണച്ച് എത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തേക്ക് ലോകമെമ്പാടുമുള്ള പതിനായിരം അഭയാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ജോലിക്കെടുക്കുമെന്നാണ് സ്റ്റാര്‍ബക്സ് കോര്‍പ്പിന്റെ സിഇഒ ഹൊവാര്‍ഡ് ഷൂള്‍സ് അറിയിച്ചത്. പുതിയ ഉത്തരവ് ബാധിച്ച എല്ലാ ജീവനക്കാരെയും നേരിട്ട് ബന്ധപ്പെട്ട കമ്പനി ആശങ്കാപരമായ ഈ കാലം അവസാനിക്കുന്നത് വരെ എല്ലാ പിന്തുണയും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
കൂടാതെ മനുഷ്യാവകാശവും പൗരത്വവും അധികകാലം കീഴ്പ്പെടുത്തിവയ്ക്കാനാകില്ലെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. അമേരിക്കയില്‍ കുട്ടിക്കാലത്ത് തന്നെ എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഡ്രീമേഴ്സ് പ്രോഗ്രാമിനോട് ഷൂള്‍സ് തന്റെ പിന്തുണയറിയിച്ചു. മെക്സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഇരുപത് ശതമാനം ടാക്സ് ഉപയോഗിച്ച് ട്രംപിന് അമേരിക്കയ്ക്കും മെക്സിക്കോയ്ക്കുമിടയില്‍ വേണമെങ്കില്‍ മതില് പണിയാമെന്നും അങ്ങനെ മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കാമെന്നും ഷൂള്‍സ് പരിഹസിച്ചു. എന്നാല്‍ മെക്സിക്കന്‍ അഭയാര്‍ത്ഥികള്‍ക്കും അവിടുത്ത് മറ്റ് ജനതയ്ക്കും അമേരിക്കയുടെ വിശ്വാസവും പിന്തുണയും നേടിക്കൊടുക്കാന്‍ തങ്ങള്‍ പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തികച്ചും പിന്തുടര്ച്ചയില്ലാത്ത ഒരു കാലത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. അതില്‍ ഒന്ന് ദിശാബോധവും അമേരിക്കന്‍ സ്വപ്നങ്ങള്‍ക്കുള്ള വാഗ്ദനവുമായിരുന്നെങ്കില് രണ്ടാമത്തേത് തുടക്കത്തില്‍ തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്. ഒബാമയുടെയും ട്രംപിന്റെയും ഭരണകാലത്തെ താരതമ്യം ചെയ്ത് അദ്ദേഹം പറഞ്ഞു.