ഷാരോണ്‍ വിനോദ്
സമൂഹത്തിന്റെ അനാരോഗ്യകരമായ ‘ആരോഗ്യ’ത്തിനുള്ളില്‍ ആരോഗ്യകരമായ ‘അനാരോഗ്യ’മായി ജീവിക്കുന്ന മനുഷ്യന്. സി.ആര്. പരമേശ്വരന്റെ ‘പ്രകൃതിനിയമ’ത്തിലെ നായകനെ കെ.സി. നാരായണന് വിളിക്കുന്നതാണിത്. സമൂഹത്തിന്റെ ഭ്രാന്തിനു മുന്നില്‍ ഭ്രാന്തില്ലാത്ത ജീവിതങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് , ഒരു മനുഷ്യന്റെ ഭ്രാന്തിന് ബലിയായി സമൂഹം മുഴുവന്‍ കുരുതിയാവുന്നത്, ഭ്രാന്തുകള്‍ ചരിത്രത്തെ നിര്‍മ്മിക്കുന്നത് – കഥകളൊക്കെയും മനുഷ്യചരിത്രത്തോളം പഴയതാണ്.
സമൂഹത്തിന്റെ യുക്തിക്ക് വിശദീകരിക്കാനാവാത്ത അനുഭവങ്ങളിലൂടെ കടന്നു പോകുന്നവനാണ് ഭ്രാന്തന്. സ്കൂളില്‍ പെങ്ങളുടെ കൈ പിടിച്ച് നടന്നു പോകുമ്പോള്‍ വഴിയില്‍ കണ്ടിരുന്ന പുഷ്പ്പനെ ഓര്‍ക്കുകയാണ്. ദൂരെ, ജടപിടിച്ച താടിയും തിരുമ്മി എന്തൊക്കെയോ സ്വയം പറഞ്ഞ് പുഷ്പന് വരുന്നത് കാണുമ്പോള്‍ പെങ്ങളുടെ കൈ എന്റെ തണ്ടയില്‍ ഒന്നുകൂടിമുറുകും. മുഖത്ത് നോക്കരുത്. നോക്കിയാല്‍ കാര്‍ക്കിച്ചുതുപ്പി നമ്മളോട് പറയും. ‘എന്റെ ചിങ്ങവനത്തുകാര് പറയട്ടെ എനിക്ക് പ്രാന്താണെന്ന്. ഞാന്‍ വിശ്വസിക്കാം.’ തന്റെ കാഴ്ചകള്‍ ചിങ്ങവനത്തെ സമൂഹത്തിന് വിശദീകരിക്കാന്‍ കഴിയും എന്നുള്ളതാണ് ആ മനുഷ്യന്റെ തന്റേടം. അനുഭവങ്ങള്‍ സമൂഹത്തിന്റെ യുക്തിക്ക് മുന്നില്‍ വിശദീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചിലര്‍ സ്വയം സംസാരിക്കുന്നു, മറ്റുചിലര്‍ അവയെ ഡയറിക്കുറിപ്പുകളില്‍ തളയ്ക്കുന്നു.
നാല് നാടുകളില്‍ നിന്ന് നാല് കഥകള്‍. അതതു ഭാഷകളിലെ എണ്ണം പറഞ്ഞ എഴുത്തുകാര്‍. കഥകള്‍ക്കെല്ലാം ഒരേ പേര് – ‘ഒരു ഭ്രാന്തന്റെ ഡയറി’. റഷ്യയില്‍ ഈ കഥ പറഞ്ഞത് ഗോഗോളാണ്. ഫ്രാന്‍സില്‍ നിന്ന് മോപസാങ്ങും. ആധുനിക ചൈനീസ് സാഹിത്യത്തിന്റെ തലതൊട്ടപ്പനായി വാഴ്ത്തപ്പെടുന്ന ലൂ ജുന് മറ്റൊരു ഭ്രാന്തന് വേണ്ടി ഡയറിയെഴുതി. മലയാളത്തിലെത്തുമ്പോള്‍ എന്‍. പ്രഭാകരന്റെ ഭ്രാന്തന് ഒരു മലയാളി സ്വത്വം കൂടി കൈവരുന്നു – ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി’. നാല് കഥകളും അതതു കാലഘട്ടത്തിലെ സമൂഹവ്യവസ്ഥിതിക്ക് നേരെ പിടിച്ച കണ്ണാടികളാണ്.
അടിയാളന്റെ ഭ്രാന്ത്
മേലധികാരിയുടെ എഴുത്തുപകരണങ്ങള്‍ നന്നാക്കുന്ന പണിചെയ്തു കഴിഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു ഗോഗോളിന്. സാഹിത്യലോകത്തേക്ക് പ്രവേശിക്കുന്നതിനും മുന്‍പ്. ഭ്രാന്തന്റെ ഡയറിയിലെ നായകന് പൊപ്രിഷിന്‍ ചെയ്യുന്നതും മറ്റൊരു ജോലിയല്ല. ഡയറക്ടറുടെ പേന മൂര്ച്ചപ്പെടുത്താന് നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അയാള്‍. അതുകൊണ്ട് തന്നെ ഗോഗോള്‍ ഭ്രാന്തന്റെ ഡയറിയിലൂടെ നമ്മെ ക്ഷണിക്കുന്നത് താന്‍ കണ്ടതും കേട്ടതുമായ സാമൂഹ്യവ്യവസ്ഥിതിയുടെ നേര്ക്കാഴ്ച്ചയിലേക്കാണ്. ലോകത്തിനു മുന്പില് മനുഷ്യന്റെ വ്യക്തിത്വം തൊഴിലിലേക്കും, തൊഴില്മേന്മകള് സൃഷ്ടിക്കുന്ന തരംതിരിവുകളിലെക്കും ചുരുക്കിക്കെട്ടുന്ന കാലഘട്ടത്തിന്റെ കാഴ്ച്ചകള്‍.
ആയിരത്തി എണ്ണൂറുകളിലെ ഏതൊരു റഷ്യന്‍ പൗരന്റെയും നേര്‍രൂപമാണ് പൊപ്രിഷിന്‍. ഇടപെടുന്ന എല്ലാ മനുഷ്യരെയും വ്യവസ്ഥിതിയുടെ തട്ടുകളില്‍ തരംതിരിക്കാതെ അയാള്‍ക്ക് കാണാന്‍ കഴിയുന്നില്ല. പേന നന്നാക്കുക എന്ന നിസ്സാര ജോലിയില്‍ ഏര്‍പ്പെടുന്ന താനൊരു പുഴുവാണ്. തന്റെ മേലധികാരി ബുദ്ധിമാനും മഹാനും. തനിക്ക് താഴെയുമുണ്ട് തൊഴിലാളികള്‍. പദവിയുടെ പരിഗണന നല്‍കാത്ത, സാധനങ്ങള്‍ കൈമാറുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്ത, തന്റെ തൊഴിലിനെ ബഹുമാനമില്ലാത്ത നികൃഷ്ടജന്തുക്കള്. കഥയില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നത് റഷ്യന്‍ പൌരന്മാര് തമ്മിലുള്ള വേര്‍തിരിവിന്റെ കാഴ്ച്ചകളാണ്.
പൊപ്രിഷിന്‍ തന്റെ ഡയറി ആരംഭിക്കുന്നത് ഏതോ ഒരു ഒക്ടോബര്‍ മൂന്നിനാണ്. ഇന്നൊരു വിചിത്രമായ സംഭവം നടന്നു എന്ന് സൂചിപ്പിച്ചുകൊണ്ട്. മുന്‍പ് പറഞ്ഞതുപോലെ യുക്തിയെ ചോദ്യം ചെയ്യുന്ന വൈചിത്ര്യങ്ങള്‍ തന്നോട് തന്നെ സംസാരിച്ച്, അതിലെ ശരികളെ കണ്ടെത്താനുള്ള ആശ്രയമായാണ് ഈ മനുഷ്യന് ഡയറിയെ ആശ്രയിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് അയാള്‍ വഴിയില്‍ മെഗ്ഗി എന്ന നായയെ കാണുന്നു. വെറും നായയല്ല – സംസാരിക്കുന്ന നായ! മെഗ്ഗി തന്റെ തലവന്റെ മകളുടെ നായയാണ്. ആരോടും പറയാതെ ഉള്ളില്‍ കൊണ്ട് നടക്കുന്ന തന്റെ പ്രണയപാത്രത്തിന്റെ, സോഫിയുടെ വളര്‍ത്തു നായ.
ഒരു നായ സംസാരിക്കുക! തന്റെ കാഴ്ച്ചയെ സ്വയം വിശ്വസിപ്പിക്കാന്‍, തന്റെ ഇനിയും മരിച്ചിട്ടില്ലാത്ത യുക്തിബോധം ആയുധമാക്കി ആ കാഴ്ച്ചയെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഡയറിയില്‍ നാം കാണുക. ലോകത്തിനു മൃഗങ്ങള്‍ സംസാരിക്കുന്നത് ഒരു പുതിയ കാഴ്ച്ചയല്ലെന്നും ഇംഗ്ലണ്ടില്‍ സംസാരിക്കുന്ന മീനിനെ കണ്ടെത്തിയ വാര്‍ത്തകള്‍ താന്‍ വായിച്ചിട്ടുണ്ടെന്നും അയാള്‍ എഴുതി നിര്‍വൃതി കൊള്ളുന്നു.
പിന്നീട് നവംബര്‍ എത്തുമ്പോള്‍ പൊപ്രിഷിന്റെ അനുഭവങ്ങള്‍ ഇനിയും വിചിത്രങ്ങളാവുന്നു. മെഗ്ഗി നായയും സുഹൃത്തായ ഫിദല്‍ നായയും തമ്മിലെഴുതുന്ന കത്തുകള്‍ അയാള്‍ക്ക് വായിക്കാന്‍ സാധിക്കുന്നു. അതില്‍ നായകള്‍ക്ക് പല മനുഷ്യരോടും തോന്നുന്ന വികാരങ്ങളുണ്ട്. അവ തമ്മില്‍ തന്റെ മുതലാളിയെ പറ്റി പറയുന്നു. സോഫിയെപറ്റി പറയുന്നു. തന്നെപ്പറ്റി പോലും പറയുന്നു. ഡയറക്ടറുടെ മുറിയില്‍ ഇരുന്നു പേന മൂര്‍ച്ചപ്പെടുത്തുന്ന ആമത്തലയന് എന്ന്.
അയാളെ തകര്‍ത്ത് കളയുന്ന മറ്റൊരു വാര്‍ത്ത കൂടി നായയുടെ കത്തിലുണ്ട്. സോഫി ഉന്നതാധികാരിയായ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാണ് എന്ന വിവരം. പിന്നീട് നാം കാണുന്നത് പോപ്രിഷിന്റെ ഭ്രാന്ത് മൂര്ച്ചിക്കുന്നതാണ്. സമയവും കാലവും എല്ലാം ഡയറിയില്‍ മാറിമറിയുന്നു. രണ്ടായിരാമാണ്ടിലെ ഏപ്രില്‍ നാല്പത്തിമൂന്നാം തീയതി, അയാള്‍ സ്പെയിനിന്റെ രാജാവായി അവരോധിതനാവുന്നു. മാര്ചബര് മാസത്തില്‍ പ്രോപ്രിഷിന്, ഫെര്ദിനാന്റ് എട്ടാമനായി സ്പെയിനിനെ കാത്തരുളിത്തുടങ്ങുന്നു. ഡേറ്റ് ഇല്ലാത്ത ദിനങ്ങളിലൊന്നില്‍ ജനങ്ങള്‍ അറിയാതെ അവര്‍ക്കിടയിലൂടെ സഞ്ചരിക്കുന്നു. ആശുപത്രിയിലേക്കുള്ള തന്റെ യാത്രയെ സ്പെയിനിലെക്കുള്ള യാത്രയായി അയാള്‍ കാണുന്നു. ആശുപത്രിയിലെ കൊടിയ മര്‍ദനങ്ങളെ രാജവാഴ്ച്ചയുടെ ചടങ്ങുകളായി കാണുന്നു. ഭീകരമായി തല്ലിച്ചതയ്ക്കപ്പെടുമ്പോള്‍ കുടുംബത്തിന്റെ സംരക്ഷണം അയാള്‍ ആഗ്രഹിക്കുന്നു. രോഗിയായ നിന്റെ മകനോട് കനിവ് തോന്നാന്‍ അമ്മയെ വിളിച്ചു കരയുന്നതോടെ ഡയറി അവസാനിക്കുന്നു.
സ്കീസോഫ്രീനിയയുടെ വിവിധഘട്ടങ്ങളെ അത്ഭുതപ്പെടുത്തുന്ന കൈയ്യടക്കത്തോടെയാണ് ഗോഗോള്‍ അവതരിപ്പിക്കുന്നത്. ചെറിയ കാഴ്ച്ചകളില്‍ തുടങ്ങി മറ്റൊരു സമാന്തരലോകം സൃഷ്ടിക്കുന്ന നിലയിലേക്ക് നീങ്ങുന്ന ഭ്രാന്തിന്റെ കയറ്റിറക്കങ്ങള്‍ മനോഹരമായി കഥയില്‍ ഉള്‍ച്ചേരുന്നു. രാഷ്ട്രനിര്‍മ്മിതിയുടെ അപജയങ്ങള്‍ ഒരു മനുഷ്യനെ ഭ്രാന്തനാക്കുന്നതെങ്ങനെ എന്നാണു ഗോഗോള്‍ പറഞ്ഞുവയ്ക്കുന്നത്.
@Joe McLaren
കഥയുടെ ആരംഭത്തില്‍ ഈ മനുഷ്യന് അടിത്തട്ടിന്റെ സംതൃപ്തിയില്‍ കഴിഞ്ഞു കൂടുകയാണ്. തനിക്ക് മുകള്‍ത്തട്ടില്‍ ഉള്ളവരുടെ ചെറുചലനങ്ങള്‍ പോലും അയാള്‍ക്ക് ബൌദ്ധികമായ ഔന്നത്യത്തിന്റെ പ്രതീകങ്ങളാണ്. പുറത്ത് കാലാവസ്ഥ എങ്ങനെയുണ്ട്? എന്ന് മേലധികാരി ചോദിക്കുമ്പോള്‍ തന്റെ തട്ടിലുള്ള പാവങ്ങളുടെ ചിന്തകള്‍ക്ക് അതീതമായ വിവേകം ആ ചോദ്യത്തില്‍ അയാള്‍ക്ക് കാണാന്‍ കഴിയുന്നു. ഭ്രാന്തിന്റെ ആദ്യഘട്ടത്തില്‍ നായകള്‍ തമ്മില്‍ സംസാരിക്കുന്നു. മേലധികാരിയുടെ മകളുടെ നായക്ക് സംസാരിക്കാന്‍ കഴിയും. അത് മേല്‍ത്തട്ടിലെ നായയാണ്. ആ നായക്ക് എന്നെ ആമത്തലയന് എന്ന് വിളിക്കാന്‍ ഉള്ള അവകാശമുണ്ട് എന്നയാള്‍ കരുതുന്നു.
തലവന്റെ മകളോട് അയാള്‍ക്ക് ഉള്ളില്‍ പ്രണയം ഉണ്ടെങ്കിലും ആ പ്രണയത്തെ പുറംലോകം അറിയുന്ന നിലയിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്നില്ല. സാധൂകരിക്കത്തക്കതായി ഒരു ഇടപെടല്‍ അയാള്‍ക്ക് അവളുമായി ഉണ്ടാവുന്നുമില്ല. ആ പ്രണയം തനിക്ക് കൈമോശം വന്നു പോകുമോ എന്ന ഭയമാണ് പോപ്രിഷിന്റെ മനസ്സിനെ ഉലയ്ക്കുന്നതും മനസ്സിന്റെ അവസ്ഥ വീണ്ടും മോശമാക്കുന്നതും. അടിത്തട്ടില്‍ തനിക്ക് കിട്ടുന്ന സംതൃപ്തി നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയാതെ വരുന്നു. പിന്നീട് അയാള്‍ കാലഗണനയ്ക്ക് അപ്പുറത്തേക്ക് പോവുകയാണ്. ഇരുന്നൂറു വര്‍ഷങ്ങള്‍ക്കപ്പുറം രണ്ടായിരത്തില്‍ ഒരു ഏപ്രില്‍ നാല്പത്തിമൂന്ന് ജനിക്കുന്നു. താന്‍ സ്പെയിനിന്റെ രാജാവാകുന്നു. സ്പെയിന് ഇവിടെ റഷ്യക്ക് പുറത്തുള്ള ഒരു നാട് മാത്രമാണ്. സ്പെയിനും ചൈനയും ഒന്നാണെന്നും ഒരു കണ്ടുപിടുത്തം അയാള്‍ നടത്തുന്നുണ്ട്. പിന്നീട് അതിരുകള്‍ എല്ലാം മാഞ്ഞു പോവുകയാണ്. ഭൂമിയും ചന്ദ്രനും ഒക്കെ ഒന്നാവുന്നു. ഭൂമി ചന്ദ്രനില്‍ ഇരിക്കുന്നതായി തോന്നുന്നു.
ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ആ രണ്ടായിരത്തില്‍ ഇരുന്ന് ഈ കഥ നമ്മള് വായിക്കുമ്പോള്‍ ഏപ്രില്‍ നാല്പത്തിമൂന്നും മാര്ചമ്പറും ഒന്നും ഇനിയും എത്തിയിട്ടില്ലെന്നും സമൂഹം പഴയ അവസ്ഥയിലും മോശമായെന്നും നാം അറിയുന്നു. ഗോഗോള്‍ ഇപ്പോള്‍ ഒരു ഉക്രെനിയക്കാരനായിരിക്കുന്നു. സ്പെയിനും ചൈനയും ഭൂമിയും ചന്ദ്രനും എല്ലാം അതിര്‍ത്തികള്‍ ഭേദിക്കാതെയും പുതിയ അതിര്‍ത്തികള്‍ വരച്ചും നിലകൊള്ളുന്നു. അടിയാളന് രാജാവാകുന്നത് ഒരു ഭ്രാന്തന്റെ സ്വപ്നം മാത്രമായി ഇന്നും നിലനില്ക്കു്ന്നു.
അധികാരിയുടെ ഭ്രാന്ത്
അയാള്‍ മരിച്ചു – നീതിമാനായ ആ മജിസ്ട്രേറ്റിന്റെ് ജീവിതം ഫ്രാന്‍സിലെ കോടതിമുറികള്‍ക്ക് ഇതിഹാസ കാവ്യമായിരുന്നു. കുറ്റങ്ങളെ വെറുത്തും ദീനരെ സംരക്ഷിച്ചും എണ്പ്ത്തിരണ്ടാം വയസ്സ് വരെ ആ മനുഷ്യന് ജീവിച്ചു.
മോപ്പസാങ്ങിന്റെ ‘ഭ്രാന്തന്റെ ഡയറി’ തുടങ്ങുന്നത് ഇങ്ങനെയാണ്. ലോകത്തോടൊപ്പം നിന്ന് കഥാകൃത്ത് ആ മനുഷ്യനെ വീക്ഷിക്കുന്നു. നീതിമാന്റെ മരണത്തില്‍ ജനങ്ങള്‍ക്കൊപ്പം പങ്ക് ചേരുന്നു. ആ മരണത്തില്‍ അനുശോചിച്ച് നടക്കുന്ന പട്ടാളപ്പരേഡും ശുഭ്രവസ്ത്രധാരികളുടെ കണ്ണുനീരും സ്മരണകളും കാണുന്നു. പക്ഷെ, അയാള്‍ സൂക്ഷിച്ചിരുന്ന കുറ്റവാളികളുടെ വിവരശേഖരത്തിനിടയില് നിന്നും കഥാകൃത്തിന് കുറച്ച് കുറിപ്പുകള്‍ ലഭിക്കുന്നിടത്ത് കഥ വഴി തിരിയുന്നു. ‘എന്ത് കൊണ്ട്?’ എന്ന വിചിത്രമായ തലക്കെട്ടോടെ മജിസ്ട്രേറ്റ് എഴുതിയ ഡയറിക്കുറിപ്പുകള്‍. തലവാചകം തന്നെ ഈ കുറിപ്പുകള്‍ക്ക് ഒരു വിശദീകരണസ്വഭാവം നല്‍കുന്നുണ്ട്.
ഡയറിക്കുറിപ്പുകളില്‍ നിറയുന്നത് ഈ മനുഷ്യന്റെ കൊലപാതകത്തോട് ഉള്ള അഭിനിവേശമാണ്. എന്ത് കൊണ്ട് മനുഷ്യര്‍ കൊല്ലുന്നു? താന്‍ മരണശിക്ഷക്ക് വിധിച്ചയാള്‍ എന്തിനു തന്റെ അഞ്ച് മക്കളെ കൊന്നു? അയാള്‍ തന്നെ ലളിതമായി ഉത്തരം നല്കുന്നു. കാരണം കൊല മനുഷ്യന് ആത്മനിര്‍വൃതി നല്കുന്നു. സൃഷ്ടി പോലെ തന്നെ സംഹാരവും ആനന്ദത്തിന്റെ പരകോടിയാണ്. ഈ രണ്ടു വാക്കിലാണ് പ്രപഞ്ചത്തിന്റെ ചരിത്രം കുടികൊള്ളുന്നത്. കൊല പ്രകൃതിയുടെ നിയമമാണ്. മൃഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ കൊല്ലുന്നു. കുഞ്ഞുങ്ങള്‍ കീടങ്ങളെയും കൊച്ച് പക്ഷികളെയും വധിക്കുന്നു. ആ കൊതിയുടെ ശമനത്തിന് നാം വേട്ടയാടല്‍ കണ്ടു പിടിച്ചു. പിന്നീട് സ്വന്തം രക്തത്തിന്റെ ലഹരി അറിഞ്ഞപ്പോള്‍ യുദ്ധങ്ങളും.

വാക്കുകള്‍ കൊണ്ട് ഒരു വിചിത്രമായ കളിയിലാണ് മോപ്പസാങ്ങ് ഇവിടെ ഏര്‍പ്പെടുന്നത്. മനോഹരമായ ഭാഷ കള്ളങ്ങളെ എങ്ങനെ സത്യമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ കഥ. മജിസ്ട്രേറ്റ് ആദ്യം കൊല്ലുന്നത് ഒരു കിളിയെയാണ്. തന്റെ വീട്ടുവേലക്കാരന്റെ വളര്‍ത്തു കിളി. ആദ്യം ഞെരിച്ചും പിന്നീട് രക്തത്തോടുള്ള ആര്‍ത്തിമൂത്ത് കത്രിക കൊണ്ട് മുറിവുണ്ടാക്കിയും അയാള്‍ ആ കിളിയെ കൊന്നു. ഒരു കൊലപാതകിയുടെ ആനന്ദമൂര്ച്ചയോടെ അയാള്‍ കത്രിക കഴുകി വെടിപ്പാക്കി. ഒരു സ്ട്രോബെറി ചെടിക്കടിയില്‍ ആ കിളിയുടെ ശരീരം മറവുചെയ്തു.
ആര്‍ത്തി അടങ്ങുന്നില്ല. അതിനു മനുഷ്യനെ തന്നെ കൊല്ലണം. ഒരു മനുഷ്യനെ കൊല്ലാന്‍ അവസരം കാത്ത് അയാളിരുന്നു. പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ വന്നു അഭിവാദ്യം പറഞ്ഞ ചെറിയ കുട്ടി. കൊലപാതകി വീര്‍പ്പുമുട്ടുന്നു. ആ കുട്ടിയെ അയാള്‍ മെല്ലെ അടുത്ത വിളിച്ചു, വാത്സല്യപൂര്‍വ്വം ചേര്‍ത്തു നിര്‍ത്തി. കുട്ടിയുടെ കഴുത്ത് മജിസ്ട്രേറ്റിന്റെ കൈകളില്‍ കിടന്നു പിടഞ്ഞു. ‘ആ കൊച്ച് കൈകള്‍ എന്റെ തണ്ടയില്‍ മുറുകി… ആ ശരീരം തീയില്‍പ്പെട്ട തൂവല്‍ പോലെ’. ശരീരം കണ്ടെത്തി, രണ്ടു നിരപരാധികള്‍ പിടിക്കപ്പെട്ടു, തെളിവില്ലാതെ കേസ് തള്ളി. നീതിക്ക് വേണ്ടി ആ കുട്ടിയുടെ മാതാപിതാക്കള്‍ അയാളുടെ മുന്നില്‍ വന്നു കരഞ്ഞു. അതിലൊക്കെയും ആ മനുഷ്യന് നിര്‍വൃതി കണ്ടെത്തി. എങ്കിലും രക്തം കാണാഞ്ഞതിലുള്ള നിരാശ അയാളില്‍ പ്രകടമായിരുന്നു.
വീണ്ടും ഒരാള്‍ കൂടി. നദീതീരത്ത് ഉറങ്ങിക്കിടക്കുന്ന മീന്പിടുത്തക്കാരന്. അയാളെയും തൊട്ടടുത്ത കിഴങ്ങുപാടത്ത് കിടക്കുന്ന മണ്‍വെട്ടിയും ഒന്നിച്ച് കണ്ടപ്പോള്‍ വീണ്ടും രക്തം ഇരച്ചു. ഉറങ്ങിക്കിടന്ന മനുഷ്യന്റെ തല മണ്‍വെട്ടികൊണ്ട് അയാള്‍ വെട്ടിപ്പിളര്‍ന്നു. രക്തം നദിയില്‍ ഒഴുകിപ്പരന്നു. ഇത്തവണ പിടിക്കപ്പെട്ടത് കൊല്ലപ്പെട്ടയാളുടെ മരുമകനാണ്. അയാളാണല്ലോ കിഴവന്റെ മരണശേഷം സ്വത്തിന്റെ അവകാശി. തെളിവുകളെല്ലാം ഇയാള്‍ക്ക് എതിരാണ്. മജിസ്ട്രേറ്റ് തന്നെ മരുമകനും തൂക്കുകയര്‍ വിധിച്ചു.
രണ്ടു കൊലപാതകങ്ങള്‍. രണ്ടാം കൊലപാതകം തന്റെ ഔദ്യോഗികപദവി ഉപയോഗിച്ചാണ് എന്ന് മാത്രം.
ഈ കുറിപ്പുകളില്‍ ഇനിയും ഒരുപാട് കൊലയുടെ കഥകളുണ്ടെന്നു പറയുന്നു കഥാകാരന്. കൊലപാതകങ്ങളും, വെറുതെ വിധിച്ച വധശിക്ഷകളും. അതിനെല്ലാം തന്റേതായ ന്യായീകരണങ്ങളും നിരത്താനുണ്ട് ഇയാള്‍ക്ക് .
ഒരു മനുഷ്യന്റെ ഭ്രാന്ത് – അധികാരിയുടെ ഭ്രാന്ത് എങ്ങനെ ഒരു സാമൂഹികപ്രശ്നമായി മാറുന്നു. എത്ര ശക്തമായ ഭാഷയില്‍ എത്ര അഗാധമായ തത്വചിന്തയാല്‍ ഊട്ടിയുറപ്പിച്ചാലും ഭ്രാന്ത് ഭ്രാന്തല്ലാതെയാവുന്നില്ല.
ഈ കഥയുടെ പിറവിക്ക് ശേഷം രണ്ടു മഹായുദ്ധങ്ങള്‍ സംഭവിച്ചു. നിഷ്ഠൂരമായ കൂട്ടക്കൊലകള്‍, അധികാരികളുടെ ഭ്രാന്തിനു മുന്നില്‍ ബലിയാക്കപ്പെട്ട ജീവിതങ്ങള്‍. എല്ലാത്തിനും വ്യക്തമായ ഫിലോസഫികളുടെ താങ്ങും തണലുമുണ്ടായിരുന്നു. കഥകള്‍ നാളെയുടെ കണ്ണാടിയാവുമ്പോള്‍ കഥാകാരന് പ്രവാചകനാവുന്നു.
മനുഷ്യനെ തിന്നുന്ന തത്ത്വശാസ്ത്രം
വായിക്കാന്‍ കൈയ്യിലെടുത്ത ചരിത്രപുസ്തകത്തില്‍ അങ്ങോളമിങ്ങോളം രണ്ടുവാക്കുകള്‍ മാത്രമേ ഞാന്‍ കാണുന്നുള്ളൂ – സദാചാരം, പുണ്യം. ഉറക്കം വരാഞ്ഞ ആ രാത്രിയില്‍ മനസ്സിരുത്തി ചരിത്രപുസ്തകം വീണ്ടും ഞാന്‍ വായിച്ചു. വരികള്‍ക്കിടയില്‍ നിന്ന് ആ രണ്ടു വാക്കുകള്‍ തെളിഞ്ഞു വരും വരെ – ‘മനുഷ്യരെ തിന്നുക.’
ചൈനയുടെ രാഷ്ട്രീയ വഴിത്തിരിവിന്റെ ചൂണ്ടുപലകയാണ് ലു ജുന് 1918ല്‍ എഴുതിയ ഭ്രാന്തന്റെ ഡയറി. രണ്ട് സഹോദരങ്ങളില്‍ ഇളയവനാണ് ഈ ഭ്രാന്തന്. മുതിര്‍ന്ന ഓരോ മനുഷ്യനെയും, തന്റെ മുതിര്‍ന്ന സഹോദരനെപ്പോലും അയാള്‍ ഭയക്കുന്നു. ലോകം മുഴുവന്‍ മനുഷ്യത്തീനികളായി മാറിയിരിക്കുന്നതായും എല്ലാവരും കൂടി തന്നെ ഭക്ഷിക്കാന്‍ കോപ്പുകൂട്ടുന്നതായും അയാള്‍ കരുതുന്നു. തന്നോട് അവര്‍ വന്നു സംസാരിക്കുന്നതും സ്നേഹപ്രകടനങ്ങള്‍ നടത്തുന്നതും രോഗശാന്തി ശുശ്രൂഷകള്‍ നടത്തുന്നതുമൊക്കെ തന്നെ ഭക്ഷണമാക്കാനുള്ള ത്വരയുടെ പ്രകടനങ്ങളായി മാത്രമേ ഈ മനുഷ്യന് കാണാന്‍ സാധിക്കുന്നുള്ളൂ.
കഥയുടെ ഉള്ളില്‍ കടക്കാന്‍ ചൈനയുടെ ചരിത്രത്തെ അല്‍പ്പം പരിശോധിക്കേണ്ടതായുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ചൈന ബൌദ്ധികമായ ഒരു വഴിത്തിരിവില്‍ പ്രവേശിക്കുന്നു. കണ്‍ഫ്യൂഷ്യന്‍
തത്ത്വചിന്തകളുടെ കെട്ടുപാടുകള്‍ വലിച്ചെറിഞ്ഞ് പാശ്ചാത്യചിന്തകളെ സ്വാഗതം ചെയ്യാന്‍ ഉള്ളുതുറന്ന കാലഘട്ടം. രണ്ടായിരം കൊല്ലത്തോളം നിലനിന്ന കിംഗ് (Qing) രാജവാഴ്ച്ചയ്ക്ക് അറുതി കല്‍പ്പിച്ച് കലാപവും, അതേത്തുടര്‍ന്ന് സന്യാത് സെന്‍ ചൈന റിപബ്ലിക്കിന്റെ ആദ്യ പ്രസിഡണ്ട്
ആവുന്നതും 1911ലാണ്. പാശ്ചാത്യചിന്തകള്‍, കമ്മ്യൂണിസം ഇവയൊക്കെയും ചൈനയുടെ മണ്ണ് അല്‍പ്പം മടിയോടെയാണ് സ്വീകരിച്ചത്. മാവോയെപ്പോലെ ഒരുപറ്റം ചെറുപ്പക്കാര്‍ ഇന്നലെകളുടെ തത്വശാസ്ത്രങ്ങളെ വെല്ലുവിളിക്കുന്നു. ഒരു സുപ്രഭാതത്തില്‍ ഉപേക്ഷിച്ച് കളയാവുന്ന കുപ്പായമായിരുന്നില്ല കണ്‍ഫ്യൂഷ്യന്‍ ചിന്തകള്‍.
സന്തോഷപ്രദമായ ജീവിതം നയിക്കാന്‍ മനുഷ്യര്‍ തങ്ങളുടെ നിലയും സാമൂഹികമായി കല്‍പ്പിക്കപ്പെട്ട സ്ഥാനങ്ങളും മനസിലാക്കി വിധേയപ്പെടുക എന്നതായിരുന്നു കണ്‍ഫ്യൂഷ്യസ് നല്കിയ പാഠം. രാജാക്കന്മാര് സ്വര്‍ഗ്ഗത്തിന്റെ മക്കളാണ്. അവര്‍ക്ക് വിധേയത്തം സ്വര്‍ഗ്ഗത്തോട് മാത്രമാണ്. സാധാരണക്കാര്‍ ആ സ്ഥാനങ്ങളെ ചോദ്യം ചെയ്യാന്‍ പാടില്ല. ഈ ചിന്തകളെ വെല്ലുവിളിച്ചുകൊണ്ടാണ് പാശ്ചാത്യചിന്തകള്‍ ഈ മണ്ണില്‍ കാലുകുത്തുന്നത്. സ്വാഭാവികമായും ചിന്തകള്‍ രണ്ടുവിഭാഗങ്ങളായി നിന്ന് കലഹിച്ചു.
കഥാകാരന്റെ സുഹൃത്തുക്കളായ രണ്ടു സഹോദരങ്ങളെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ പോകുന്നിടത്താണ് കഥയുടെ തുടക്കം. രണ്ടു പേരില്‍ ആരോ ഒരാള്‍ക്ക് തീരെ സുഖമില്ലാതായി എന്നറിഞ്ഞ് ചെല്ലുന്നതാണ് അദ്ദേഹം. സുഖമില്ലാതായത് തന്റെ ഇളയസഹോദരനായിരുന്നു എന്നും ഇപ്പോള്‍ പൂര്‍ണ്ണമായും അയാള്‍ സുഖപ്പെട്ടതായും മൂത്ത സഹോദരനില്‍ നിന്ന് അറിയുന്നു. അയാള്‍ കഥാകാരന് വായിക്കാന്‍ കൊടുക്കുന്നതാണ്, തീവ്രമായി രോഗബാധിതനായിരുന്നപ്പോള്‍ തന്റെ സഹോദരന് എഴുതിയ കുറിപ്പുകള്‍. മറ്റ് ഡയറിക്കുറിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി തീയതികള്‍ ഒന്നും രേഖപ്പെടുത്താതെ എഴുതപ്പെട്ട കുറിപ്പുകള്‍. രോഗം സുഖപ്പെട്ട ശേഷം അയാള്‍ തന്നെ കുറിപ്പുകള്‍ക്ക് ഇട്ട പേരാണ് ‘ഒരു ഭ്രാന്തന്റെ ഡയറി’ എന്നുള്ളത്. ഗോഗോളിന്റെ ഭ്രാന്തനെ ചുവടുപിടിച്ചാണ് ലൂ ജുന് ഈ കഥയെഴുതിയത്. അതിലൂടെ തന്നെ പാശ്ചാത്യചിന്തകള്ക്ക് ചൈനയുടെ മണ്ണിലേക്ക് ഈ കഥ സ്വാഗതം നല്‍കുകയാണ്. മുപ്പത് വര്‍ഷത്തിനു ശേഷം ഇന്ന് ഞാന്‍ ഇരുട്ടില്‍ നിന്ന് വെള്ളി നിലാവിലേക്ക് നടക്കുന്നു എന്ന്.
കഥ തുടങ്ങുമ്പോള്‍ കഥയുടെ രാഷ്ട്രീയം വ്യക്തമാകുന്നു. പിന്നീട് കഥയില്‍ മുഴുവന്‍ നിറയുന്നത് ആശങ്കകളുടെ സ്വരമാണ്. വായിക്കുന്ന ചരിത്രപുസ്തകങ്ങളില്‍, പൌരാണിക ശാസ്ത്രഗ്രന്ഥങ്ങളില്‍ ഒക്കെയും അയാള്‍ കാണുന്നത് മനുഷ്യനെ ഭക്ഷിക്കാനുള്ള ആഹ്വാനങ്ങളാണ്. തന്നോട് മനുഷ്യര്‍ ചോദിക്കുന്ന കുശലങ്ങളില്‍, അന്യര്‍ കാട്ടുന്ന സ്നേഹത്തില്‍ എല്ലാം തന്നെ മനുഷ്യമാംസത്തോടുള്ള കൊതി ഊറിനില്ക്കുന്നുണ്ടോ? തന്റെ സഹോദരന് പോലും തന്നെ ഭക്ഷിക്കാനുള്ള തക്കം പാര്‍ക്കുന്നു എന്ന ചിന്തയിലാണ് അയാള്‍ കൂടുതല്‍ അസ്വസ്ഥനാവുന്നത്. ബാല്യത്തില്‍ മരണപ്പെട്ട തന്റെ കുഞ്ഞു പെങ്ങളെ പോലും തന്റെ മൂത്ത സഹോദരന് ഭക്ഷിച്ചതാവാം എന്ന് അയാള്‍ സംശയിക്കുന്നു.
ഈ കഥയിലെ ഇളയ സഹോദരന് പാശ്ചാത്യചിന്തകളെയും മൂത്ത സഹോദരന് കണ്‍ഫ്യൂഷ്യന്‍ ചിന്തകളെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. ചോദ്യങ്ങളെ അടിച്ചിരുത്തുന്ന, ശബ്ദമുയര്‍ത്തുന്നവരെ തൂക്കിലേറ്റുന്ന മനുഷ്യഭോജികളുടെ ലോകത്തില്‍, ചോദ്യം ചെയ്യുന്ന ഇളയ സഹോദരന് സ്വാഭാവികമായും ഭ്രാന്തനാണ്.
‘കഴിഞ്ഞ നാലായിരം കൊല്ലങ്ങളായി മനുഷ്യമാംസം ഭക്ഷിക്കുന്ന മനുഷ്യരോടോപ്പമാണ് എന്റെ സഹവാസം. ഇളയ സഹോദരിയുടെ മരണശേഷം എന്റെ വീടിന്റെ നാഥന് ജ്യേഷ്ഠനാണ്. ഞങ്ങളുടെ ഭക്ഷണങ്ങളിലും എന്റെ സഹോദരിയുടെ മാംസം അയാള്‍ ചേര്‍ത്തിട്ടുണ്ടാവാം. എന്റെ സഹോദരിയുടെ മാംസക്കഷണങ്ങള്‍ ഞാനും തിന്നിട്ടുണ്ടാവാം.’ ചിന്തകള്‍ അയാളെ വേട്ടയാടുകയാണ്.
കഥയുടെ അവസാന വാചകങ്ങള്‍ പ്രത്യാശയുടെതാണ്. ‘ചിലപ്പോള്‍ മനുഷ്യമാംസത്തിന്റെ രുചി അറിഞ്ഞിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ നമുക്കിടയില്‍ ഉണ്ടാവില്ലേ? ആ കുഞ്ഞുങ്ങളെ രക്ഷിക്കുക…’
മലയാളിക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍
ഭ്രാന്തനായ ആഗ്നേയ് വഴിയിലൂടെ നടക്കുമ്പോള്‍ ഉച്ചിലേട്ടനെ കാണുന്നു. എണ്‍പത്തിമൂന്നു വയസ്സുള്ള, സകലമാന ജനതയുടെയും സ്നേഹാദരങ്ങള്‍ കൈമുതലായുള്ള ഉച്ചിലേട്ടന് വരുന്നത് അടുത്തുള്ള ബാലികാഭാവനത്തില് നിന്നാണ്. എന്നുമെന്നപോലെ വീണ്ടും ഒരു ജനകീയ പ്രശ്നത്തിന് ‘പരിഹാരം’ കല്‍പ്പിച്ചിട്ടുള്ള വരവാണ്. കിഴക്കേക്കര സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ അച്ഛനും വാല്യക്കാരും കൂടി പട്ടാപ്പകല്‍ ബലാല്‍സംഗം ചെയ്തു. ബുദ്ധിയുറയ്ക്കാത്ത ചെറിയ കുട്ടിയല്ലേ. പോലീസിനോട് എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞാല്‍ നാട്ടുകാര്‍ക്കല്ലേ അതിന്റെ നാണക്കേട്. അതുകൊണ്ട് ഒന്ന് പോയി ഭീഷണിപ്പെടുത്തി തിരിച്ചു വരുകയാണ് അയാള്‍. ഇങ്ങനെ ദഹിക്കാത്ത പല കാഴ്ച്ചകളും കണ്ണിന്റെ മുന്നില്‍ കാണുന്നത് കൊണ്ടാണ് അയാള്‍ സ്വയം ഒരു ഭ്രാന്തന് എന്ന് വിശേഷിപ്പിക്കുന്നത്.
സ്വന്തം ഡയറിയെ ഒരു മലയാളി ‘ഭ്രാന്തന്റെ ഡയറി’ എന്നാണ് വിളിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഈ ഭ്രാന്തന്റെ ഡയറി പിറക്കുന്നത് എന്‍. പ്രഭാകരന്റെ തൂലികയില്‍ നിന്നാണ്. പേരില്‍ തന്നെ മലയാളിസ്വത്വം പുതച്ചാണ് കഥയുടെ നില്‍പ്പ് ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി’. മറ്റാരും പറയാതെതന്നെ ആഗ്നേയനറിയാം താനൊരു ഭ്രാന്തനാണെന്ന്. മലയാളത്തില്‍ ഡയറിയെഴുതുന്ന, മലയാളികളുടെ ‘യുക്തികള്‍’ക്കിടയില് അയുക്തമായ ചിന്തകളുമായി നടക്കുന്ന ഒരു ഭ്രാന്തന്റെ ഡയറി ‘മലയാളിഭ്രാന്തന്റെ ഡയറി’ എന്ന് തന്നെ വിളിക്കപ്പെടണം.
തുടക്കത്തില്‍ തന്നെ ഗോഗോളിന്റെ ഭ്രാന്തനെ സ്മരിക്കുന്നുണ്ട് കഥാകാരന്. ദസ്തെയെവിസ്കിക്കും ടോള്‍സ്റ്റോയ്ക്കും ഒപ്പമോ അതിനു മുകളിലോ ഒരു സ്ഥാനം കല്പ്പിച്ചു കൊടുക്കുന്നുമുണ്ട്. ഗോഗോളിന്റെ ഭ്രാന്തന് തനിക്ക് ഭ്രാന്താണ് എന്നതിനെപ്പറ്റി ഗ്രാഹ്യമില്ലെങ്കില്‍ തനിക്ക് തന്റെ ഭ്രാന്തിനെപ്പറ്റി നല്ല ഗ്രാഹ്യമുണ്ട് എന്നതാണ് തങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്ന് ആഗ്നേയ്.
ഒരു സംസ്കൃത പണ്ഡിതന് മലയാളി നഴ്സില്‍ ജനിച്ചതാണ് ഇയാള്‍. ഒരു ശരാശരി മലയാളിയുടെ നടുക്കഷണമാകാന് സര്‍വഥാ യോഗ്യനാക്കുന്ന ജനനം. നാല്‍പ്പത് വയസ്സ് പ്രായം, മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ പോളി ഡിപ്ലോമയ്ക്ക് ശേഷം ബാംഗ്ളൂരില്‍ കറക്കം. ഗള്‍ഫ് മോഹങ്ങളുമായി ബോംബയില്‍ നരകം. നിരാശനായി നാട്ടില്‍ വന്ന് അല്ലറ ഭ്രാന്തുകളുമായി ശിഷ്ടകാലം. കഥയുടെ പേര് മലയാളിഭ്രാന്തന്റെ ഡയറി എന്നാണെങ്കിലും കഥ നമുക്ക് മുന്നില്‍ വയ്ക്കുന്ന ലോകത്തെ ‘മലയാളി ഭ്രാന്തന്മാരുടെ ലഘുജീവചരിത്രം’ എന്ന് വിളിക്കുന്നതാണ് ഭംഗി. കേരളത്തിന്റെ ചുറ്റുവട്ടത്ത് കാണുന്ന കാഴ്ച്ചകളെ അതേപടി പകര്ത്തിവയ്ക്കുന്ന ചെറുകുറിപ്പുകള്‍ ഭ്രാന്തുള്ള മനുഷ്യന്റെ യുക്തിക്ക് നിരക്കുന്നതല്ല.
സാമൂഹ്യബോധം തൊട്ടുതീണ്ടാത്ത ചെറുപ്പക്കാരില്‍ അത് തുടങ്ങുന്നു. മുപ്പതില്‍ താഴെയുള്ള അജ്ഞാനികള്‍ക്ക്, ഡിഗ്രി കൈക്കലായിട്ടും വിവരം തൊട്ടുതെറിച്ചിട്ടില്ലാത്ത യൗവനത്തിന്, ഗോഗോളിനെ അറിയാന്‍ യാതൊരു സാധ്യതയുമില്ല എന്നാണ് പ്രസ്താവം. പിന്നീടൊരു ഭാഗത്ത് ബിടെക് ഡിഗ്രി എടുത്ത ശേഷം കൊട്ടേഷന്‍ സംഘത്തില്‍ ചേരാന്‍ ആഗ്രഹിച്ച് നടക്കുന്ന അവിനാശ് എന്നൊരു പയ്യനെ പരിചയപ്പെടുത്തുന്നുണ്ട്. മൂന്നു കൊല്ലത്തിനുള്ളില്‍ ഒരു ഗുണ്ടയുടെ കൈ കൊണ്ട് വധിക്കപ്പെടും എന്നുള്ളതാണ് ആഗ്നേയന്റെ ദീര്‍ഘദര്‍ശനം. പക്ഷെ താനൊരു ഭ്രാന്തനല്ലേ. ഭ്രാന്തില്ലാത്തവരുടെ ലോകത്തില്‍ അവന് ചിലപ്പോള്‍ വല്ല പാര്‍ട്ടി സ്ഥാനാര്‍ഥിയാവാം. ലഹളകളില്‍ സമാധാനകമ്മിറ്റിയുടെ ആളാവാം. ചിലപ്പോള്‍ നോബല്‍ സമ്മാനം പോലും നേടാം. ഉദാഹരണങ്ങള്‍ ഒരുപാട് നമുക്കു ചുറ്റുമുണ്ടല്ലോ.
നഗരമധ്യത്തില്‍ നടക്കുന്ന രാഷ്ട്രീയസമ്മേളനത്തില്‍ ‘വാടാ പോടാ’ സ്റ്റൈലില്‍ ഒരു രാഷ്ട്രീയക്കാരന് പ്രസംഗിക്കുന്നു. കൂടുതല്‍ കളിച്ചാല്‍ കൊടലുമാല പുറത്തിടും… കരള്‍ നാരങ്ങാനീരില്‍ പിഴിഞ്ഞ് കുടിക്കും എന്നൊക്കെയാണ് പ്രസംഗം. നിര്‍ത്താത്ത കരഘോഷങ്ങള്‍. കൈയ്യടിച്ച് കൊടുക്കാതെ ഇയാള്‍ക്ക് തരമില്ലാതാവുന്നു. രാഷ്ട്രീയക്കാര്‍, ഹിന്ദുമത സംരക്ഷകര്‍, ആള്‍ദൈവങ്ങള്‍, സാഹിത്യകാരന്മാര്, പോലീസ്സുകാര്, അധികാരത്തിന്റെ സുഖങ്ങള്‍ തലയ്ക്കുപിടിച്ച കടല്ക്കിഴവന്മാര്, വൈദ്യശാസ്ത്രത്തിലെ പുഴുക്കുത്തുകള്‍… സമൂഹത്തെ കൊഞ്ഞനംകുത്തുന്ന കാഴ്ച്ചകള്‍ എല്ലാം തന്നെ രേഖപ്പെടുത്തുന്നുണ്ട് കഥയില്‍.
പോളിക്ക് കൂടെ പഠിച്ച, രണ്ടാം വര്‍ഷം ഡ്രൈവര്‍ ലാലുവിനൊപ്പം ഒളിച്ചോടിയ ജലജ ഇപ്പോള്‍ ഒരു ആള്‍ദൈവമാണ്. ജലജയെ കണ്ടപ്പോള്‍ ഇന്നലെകള്‍ ഓര്‍ത്ത് പോയതിന് മര്‍ദ്ദനമേല്‍ക്കുകയും റിമാന്‍ഡ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട് ഇയാള്‍. കഥയില്‍ മര്‍ദനം ആണെങ്കിലും അനുഭവത്തില്‍ മരണം കലാശിച്ചു എന്നോര്‍ക്കുമ്പോള്‍ സമൂഹത്തിന്റെ ഭ്രാന്തിന്റെ ഭീകരത നാം മനസിലാക്കുന്നു.
പ്രകൃതിയോട് സംസാരിക്കാന്‍ കഴിയുന്നുണ്ട് ആഗ്നേയന്. ബെഞ്ചിനടിയില്‍ പാത്ത് കിടക്കുന്ന പൂച്ചയോട്, മരത്തിലിരുന്ന് കരയുന്ന കാക്കയോട്, അറക്കപ്പെടാന്‍ ഊഴം കാക്കുന്ന ആടിനോട്, കുറവന്റെ കൈയ്യിലെ കുരങ്ങിനോട്. കഥയില്‍ അങ്ങോളം ഇങ്ങോളം നിറഞ്ഞുനില്ക്കുന്ന മൃഗങ്ങള്‍ കഥയ്ക്ക് മറ്റൊരു മാനം കൂടി നല്‍കുന്നുണ്ട്. ഒരു കുറവന്റെ കുരങ്ങുമായി വീട്ടില്‍ ചെല്ലേണ്ടി വരുന്നിടത്താണ് ഡയറി അവസാനിക്കുന്നത്. പ്ലാവില്‍ കെട്ടിയിട്ട ആ കുരങ്ങ് ആഗ്നെയന്‍ തന്നെയാണ്. സമൂഹം അയാളോട് ‘രാവണന്റെ ലങ്കേല് സീത എങ്ങനെയാ ഇരുന്നത് രാമാ?’ എന്നും ‘പുതിയ പെണ്ണ്, പുതിയ ചെക്കന്റെ അടുത്ത് എങ്ങനെയാ രാമാ നിക്ക്വാ?’ എന്നും ഒക്കെ ചോദിക്കും. അല്‍പ്പം ബ്രാണ്ടിയോ റമ്മോ കുടിക്കാന്‍ തരാമോ എന്ന് വെപ്രാളം കാണിച്ചാല്‍ സമൂഹം അതൊന്നും മനസിലാക്കുകയില്ല. തന്നെ കെട്ടിയിട്ട പ്ലാവിന് ചുറ്റും ഓടി നടന്ന്, തന്നെ മനസിലാവാത്ത സമൂഹത്തില്‍ ഇങ്ങനെ ജീവിക്കുക തന്നെ.
ഭ്രാന്തന്മാരുടെ കഥകള്‍ അവസാനിക്കുന്നില്ല. സമൂഹം നിലനില്‍ക്കുന്നിടത്തോളം എതിരെ നടക്കുന്ന ഭ്രാന്തന്മാരും തോറ്റ് കൊടുക്കേണ്ടി വരുന്ന ഭ്രാന്തന്മാരും ഒക്കെയുണ്ടാവും. ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടുമായി അര്‍ശോരോഗികളുടെ കമ്യൂണില്‍ ഭ്രാന്തനായി ജീവിച്ച ‘പ്രകൃതിനിയമ’ത്തിലെ പേരില്ലാത്ത ഭ്രാന്തനെക്കൂടി ഇപ്പോള്‍ ഓര്‍ക്കുന്നു.
‘അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഓടിവന്ന ആ കുട്ടികള്‍ ഇനിയും ഒടുങ്ങാത്ത വിശപ്പോടെ എന്റെ ചുറ്റും തിക്കിത്തിരക്കി. കറുത്തുണങ്ങിയ അസ്ഥികൂടങ്ങള്‍. ആര്‍ത്തിയോടെ അവരെന്റെ ഊണ്മേശയിലേക്ക് തിക്കിത്തിരക്കി. കമല വിളമ്പാന്‍ തുടങ്ങുമ്പോഴേക്കും ഞാനെന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് വിഭവങ്ങളെല്ലാം നിലത്തേക്ക് തട്ടിത്തെറുപ്പിച്ചു. അര്ശോരോഗികളായ വിപ്ലവകാരികളുടെ ബീഭത്സവിധിയില് തലപെരുത്ത് മുടിയിഴകള്‍ പറിച്ച് ഞാന്‍ തറയിലിരുന്നു. പിന്കഴുത്തിലും മുഖത്തും
കമലയുടെ സ്പര്‍ശം ഞാനറിഞ്ഞു. അനുസരണയുള്ള കുഞ്ഞിനെപ്പോലെ യാതൊരു ചെറുത്തുനില്‍പ്പും ഇല്ലാതെ ഞാന്‍ ഗുളിക വിഴുങ്ങി. ഒരിക്കല്‍ക്കൂടി പരാജയപ്പെട്ട് ഞാന്‍ അസ്വസ്ഥമായ ഉറക്കത്തിലേക്ക് ഇറങ്ങി.’ (പ്രകൃതി നിയമം – സി. ആര്. പരമേശ്വരന്)
(കുട്ടനാട് സ്വദേശിയായ ഷാരോണ്‍ ഇപ്പോള്‍ ബാംഗ്ളൂര്‍ ഐ.ബി.എമ്മില്‍ ജോലി ചെയ്യുന്നു)