UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷംസീറിന്റെ രക്തമെടുത്ത് കാളീപൂജ നടത്തുമെന്ന് ആര്‍എസ്എസ് കൊലവിളി

പ്രകടനം ഷംസീറിന്റെ വീടിന് മുന്നിലെത്തിയപ്പോള്‍ രണ്ട് മിനിറ്റോളം നിര്‍ത്തിയ ശേഷമായിരുന്നു കൊലവിളി മുദ്രാവാക്യം മുഴക്കിയത്

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ രക്തമെടുത്ത് കാളീപൂജ നടത്തുമെന്ന് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ആര്‍എസ്എസിന്റെ കൊലവിളി. കോടിയേരി മാടപ്പീടിക പള്ളിക്കടുത്തുള്ള എംഎല്‍എയുടെ വീടിന് മുന്നിലേക്ക് പ്രകടനം നടത്തിയാണ് ആര്‍എസ്എസ് കൊലവിളി നടത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ നടന്ന പ്രകടനത്തില്‍ ഷംസീറിന്റെ കാലും കൈയും വെട്ടുമെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതെന്നാണ് സംശയിക്കുന്നത്. ആച്ചുകുളങ്ങര കേന്ദ്രീകരിച്ചാണ് കൊലവിളി പ്രകടനം ആരംഭിച്ചത്. നഗരസഭ കൗണ്‍സിലേര്‍ ലിജേഷ്, ആര്‍എസ്എസ് കോടിയേരി കാര്യവാഹക് നിജിന്‍ദാസ്, പുന്നോലിലെ ജിജൂട്ടി എന്നിവരാണ് പ്രകടനം നയിച്ചത്.

പ്രകടനം ഷംസീറിന്റെ വീടിന് മുന്നിലെത്തിയപ്പോള്‍ രണ്ട് മിനിറ്റോളം നിര്‍ത്തിയ ശേഷമായിരുന്നു കൊലവിളി മുദ്രാവാക്യം മുഴക്കിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെ പോലും ഭയപ്പെടുത്തിയാണ് പ്രകടനം നീങ്ങിയത്. മാടപ്പീടിക രാജാസ് കല്ലായി സ്‌കൂള്‍ വഴി ആച്ചുകുളങ്ങരയില്‍ പ്രകടനം സമാപിച്ചു. കൊലവിളി പ്രകടനം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി എംവി ജയരാജന്‍ ന്യൂ മാഹി പോലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സമാധാനതീരുമാനത്തിന്റെ സത്ത ആര്‍എസ്എസ് ഉള്‍ക്കൊണ്ടിട്ടില്ലെന്ന് അവര്‍ അറിയിച്ചു. ഇതിനെതിരെ അപലപിക്കാന്‍ ആര്‍എസ്എസ് നേതൃത്വം തയ്യാറാകണം. സമാധാനഭംഗമുണ്ടാക്കാന്‍ ശ്രമിച്ച ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍