കുറച്ചു നാളായി പാര്‍വ്വതി പറയുന്നു ഒരു ട്രെയിന്‍ യാത്ര നടത്തിയാലോ എന്ന്. എവിടെ പോകും? അത്യാവശ്യം പ്രധാനപ്പെട്ട നഗരങ്ങളിലൊക്കെ കൂട്ടുകാര്‍ ഉണ്ട്, എവിടെ വേണമെങ്കിലും പോകാം. എപ്പോഴും കാറില്‍ തന്നെയല്ലേ യാത്രകള്‍; ഒന്നാലോചിക്കാം എന്നു തന്നെ കരുതി. അടുത്ത ഒരു സുഹൃത്തിനോട് അന്വേഷിച്ചു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് കേരളത്തിനു പുറത്തൊക്കെ പോകുന്ന ആളാണ്, അതും പൊക്കക്കുറവ് കാരണം നടക്കാന്‍ കുറച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുമാണ്. ചോദിച്ചപ്പോള്‍ പറഞ്ഞ കഥ മനസ്സിലാഗ്രഹിച്ച യാത്ര ക്യാന്‍സല്‍ ചെയ്യിക്കുന്നതായിരുന്നു.
റെയില്‍വേ സ്റ്റേഷനുകളിലെ അവസ്ഥകള്‍ തന്നെ പ്രശ്നം. വൈകല്യമുള്ളവര്‍ക്ക് കാര്യം റിസര്‍വേഷനും പ്രത്യേകം ബോഗിയുമൊക്കെ ഉണ്ട്, പക്ഷേ എങ്ങനെ അവിടെ എത്തിപ്പെടും? മുച്ചക്ര സ്കൂട്ടറില്‍ പോയ കൂട്ടുകാരന്‍ ആദ്യം തന്നെ വെട്ടിലായി, വികലാംഗര്‍ക്കായി വാഹനം പാര്‍ക്ക് ചെയ്യാന്‍ ഒഴിച്ചിട്ട സ്ഥലത്ത് നിരനിരയായി ബൈക്കുകള്‍. ഒന്നു കയറ്റി അകത്തു വയ്ക്കാന്‍ സ്ഥലമില്ല. ഒടുവില്‍ സെക്യൂരിറ്റിക്കാരനോട് കയര്‍ത്ത് വണ്ടി അകത്തു കയറ്റി വയ്ച്ച് ഇറങ്ങുമ്പോള്‍ അടുത്ത പ്രശ്നം ടിക്കറ്റ് കൌണ്ടറില്‍. വികലാംഗര്‍ക്കായുള്ള കൌണ്ടറില്‍ ടിക്കറ്റ് കൊടുക്കാന്‍ ആളില്ല. കൌണ്ടര്‍ വരെ പൊക്കമില്ലാത്തതു കൊണ്ട് എത്തുന്നില്ല. എന്തായാലും കൂസാതെ അടുത്ത കൌണ്ടറിന്റെ മുന്നില്‍ ചെന്നെങ്കിലും കൌണ്ടറിലിരിക്കുന്ന സ്ത്രീ ഒച്ചയുയര്‍ത്തുകയാണുണ്ടായത്. ആവശ്യം പറഞ്ഞപ്പോള്‍ പുറകില്‍ പോയി നില്‍ക്കൂ എന്ന് മറുപടിയും. അവരുടെ അഹങ്കാരം നിറഞ്ഞ സംസാരം കേട്ടപ്പോള്‍ യാത്ര ഉപേക്ഷിച്ചാലോ എന്ന് തോന്നിയെന്നു കൂടി കേട്ടപ്പോള്‍ ട്രെയിന്‍ യാത്രാ മോഹം ഞങ്ങള്‍ അവിടം കൊണ്ട് ഉപേക്ഷിച്ചു. എന്താണ്, നമ്മുടെ അതോറിറ്റികള്‍ ഇങ്ങനെ പെരുമാറുന്നതെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അവകാശപ്പെട്ടവര്‍ക്കു പോലും അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരുതരം ധാര്‍ഷ്ട്യം പൊതുവേ നമ്മുടെ ഭരണ വ്യവസ്ഥയിലുണ്ട്.

അങ്ങനെ ട്രെയിന്‍ യാത്രാ മോഹം ഉപേക്ഷിച്ചെങ്കിലും വ്യത്യസ്തമായ ഒരു യാത്ര ആഗ്രഹിച്ചിരുന്നു. ആ സമയത്താണ്, ചെന്നയിലുള്ള സുഹൃത്ത് സുരേഷ് വാസുദേവന്‍ ഒരു ചെന്നൈ കാഴ്ച്ചയ്ക്ക് വിളിക്കുന്നത്. അവിടം വരെ ഡ്രൈവ് എന്തായാലും ഒരുമിച്ച് വയ്യ, ഡ്രൈവ് ചെയ്യാനുള്ള ബുദ്ധിമുട്ടല്ല, വഴി അറിയാതെ നഗരങ്ങളില്‍ വാഹനമോടിക്കല്‍ ബുദ്ധിമുട്ടാണ്. സുരേഷാണ്, ആശയം മുന്നോട്ടു വച്ചത്, യാത്ര ഫ്ലൈറ്റിലാക്കിക്കൂടെ? നല്ല ആശയമാണല്ലോ, വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുകയും ചെയ്യും. ഇതിനു മുന്‍പ് വീല്‍ചെയര്‍ ഉപയോഗിച്ച് ഫ്ലൈറ്റില്‍ യാത്ര ചെയ്തിട്ടുള്ള ഒരു സുഹൃത്തിനെ വിളിച്ച് അത്യാവശ്യം കാര്യങ്ങളൊക്കെ മനസ്സിലാക്കി, എയര്‍ ഇന്ത്യയില്‍ രണ്ടു മാസം മുന്‍പ് തന്നെ ടിക്കറ്റുമെടുത്തു. പക്ഷേ എല്ലാവരും നിര്‍ബന്ധിച്ചു കൊണ്ടിരുന്നു; എയര്‍ ഇന്ത്യ വേണ്ട, ഏതെങ്കിലും പ്രൈവറ്റ് ഫ്ലൈറ്റ് നോക്കൂ, സൌകര്യം ഉണ്ടാകും. അതു സാരമില്ല, രണ്ടും കല്‍പ്പിച്ച് യാത്ര എയര്‍ ഇന്ത്യ എന്നു തന്നെ ഉറപ്പിച്ചു.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയത് എയര്‍ ഇന്ത്യയുടെ തന്നെ വീല്‍ ചെയറിലേയ്ക്കായിരുന്നു. പിന്നെ ടിക്കറ്റ് ഓക്കെ ആക്കാനും ലഗേജ് ചെക്കിനുമൊക്കെയായി പോകേണ്ടി വന്നു. പക്ഷേ അറിഞ്ഞതു പോലെ ഒന്നുമായിരുന്നില്ല കാര്യങ്ങള്‍. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ ഒരാള്‍ കൂടെയുണ്ടായിരുന്നു, ഫ്ലൈറ്റില്‍ കയറുന്നതു വരെ എയര്‍ ഇന്ത്യയുടെ ആ ജീവനക്കാരനാണ് വീല്‍ചെയര്‍ തള്ളിയതു മുഴുവന്‍. ലഗേജ് ചെക്ക് ചെയ്യാനും മറ്റും അദ്ദേഹം തന്നെ ഏര്‍പ്പാട് ചെയ്തു. ഞാനും അമ്മയും പാര്‍വ്വതിയും ആ യാത്രയില്‍ ഒന്നുമറിഞ്ഞില്ല, ചെറിയ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നത് അവരുടെ ആ പെരുമാറ്റത്തില്‍ ഇല്ലാതെയുമായി. എന്തിനാണ്, നമ്മുടെ സ്വന്തം വാഹനമായ എയര്‍ ഇന്ത്യയ്ക്കെതിരേ ഇങ്ങനെ ഉള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, ഒരുപക്ഷേ സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനുള്ള ഏതെങ്കിലും ആശയത്തിന്‍റെ ഇരയായി പോയതായിരിക്കും പാവം എയര്‍ ഇന്ത്യ എന്ന സ്വന്തം ഇന്ത്യന്‍ വിമാന സര്‍വ്വീസ്.

ആ യാത്ര ഒരു അനുഭവമായിരുന്നു. വിന്‍ഡോയുടെ തൊട്ടടുത്തല്ലെങ്കിലും ആകാശത്തേയും ഒഴുകുന്ന മേഘങ്ങളേയും തൊടാന്‍ വേണ്ടി ഞങ്ങളിരുന്ന വിമാനം ഇരമ്പി ഉയര്‍ന്നപ്പോള്‍ ഒന്ന് വിറച്ചു, പിന്നെ എല്ലാം ശാന്തം. ഒന്നും അറിയുന്നതേയില്ല. ഇടയ്ക്കിടയ്ക്ക് കൊട്ടിയടയ്ക്കുന്ന ചെവി മാത്രം ബുദ്ധിമുട്ടിച്ചു. നല്ല സുന്ദരിമാരായ എയര്‍ഹോസ്റ്റസുമാരെ പ്രതീക്ഷിച്ചതു മാത്രമാണ്, യാത്രയില്‍ ആകെ ഒരു നിരാശയായത്. അന്‍പത് വയസ്സോളം വരുന്ന ഒരു സ്ത്രീയും പിന്നെ മുപ്പതു വയസ്സില്‍ താഴെ വരുന്ന മറ്റൊരു ഹോസ്റ്റസും. എങ്കിലും ചിത്രങ്ങളിലൊക്കെ കണ്ട എയര്‍ഹോസ്റ്റസ് സങ്കല്‍പ്പം തകര്‍ന്നു തരിപ്പണമായിപ്പോയി. എന്നിരുന്നാലും നല്ല പെരുമാറ്റവും ഇടപെടീലും. ഭക്ഷണം ലൈറ്റായി കഴിച്ചപ്പോഴേക്കും ചെന്നൈ എത്തിയിരുന്നു. അവിടെ ഫ്ലൈറ്റില്‍ നിന്ന് പുറത്തു കടക്കന്‍ ഫ്ലൈ ഓവറുകളുണ്ട്. സുഖം, ശാന്തം.
പുറത്ത് സുരേഷ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ചൂട് എന്നത് ശരീരത്തിനും മനസ്സിനും അത്ര സുഖമല്ല എന്ന് നാട്ടില്‍ വച്ചേ അറിയാമായിരുന്നെങ്കിലും വെയിലിന്, ഇത്ര ചൂടുണ്ടെന്ന് ചെന്നൈയില്‍ നിന്നാണ്, മനസ്സിലായത്. നാല്‍പ്പത്തിയെട്ട് ഡിഗ്രി ആയിരുന്നു അവിടുത്തെ ചൂട്. എ.സി കാറില്‍ എ.സി മുറിയില്‍ കിടന്ന് കറങ്ങാനേ പറ്റുകയുള്ളൂ. പുറത്തിറങ്ങിയാല്‍ ഉരുകിയൊലിച്ചു പോകും. എങ്കിലും സുരേഷിന്‍റെ കാറില്‍ ഞങ്ങള്‍ പലയിടത്തും പോയി. ചെന്നൈയിലെ ഏറ്റവും വലിയ മാളില്‍ വീല്‍ ചെയര്‍ വഴി കയറി നിലകളില്‍ നിന്നും നിലകളിലേയ്ക്ക് കയറുമ്പോള്‍ ഫോട്ടോ എടുക്കുക എന്ന ദുരുദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ കാഴ്ചകള്‍ കണ്ടു പലപ്പോഴും ക്യാമറയുടെ കാര്യം വിസ്മരിച്ചു എന്നതാണ് സത്യം.

ഇസ്കോണ്‍ ക്ഷേത്രം, തിരുപ്പതി, കാഞ്ചീപുരം, തഞ്ചാവൂര്‍ തുടങ്ങി ആഗ്രഹിച്ച സ്ഥലങ്ങളിലെല്ലാം കയറി ഇറങ്ങി. തിരുപ്പതി യാത്ര മറക്കാനാകാത്ത അനുഭവം തന്നെ ആയിരുന്നു. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അവിടെ പ്രത്യേകം ക്യൂ ഉണ്ട്. എല്ലാവരും അകത്ത് പ്രവേശിച്ച ശേഷം പുറകില്‍ കയറാം. ചുറ്റുമതിലിനു വെളിയില്‍ നിന്നെങ്കിലും, അകത്തുള്ള ഭഗവാന്‍ പുറത്ത് പൂജ നടക്കുന്നതിനാല്‍ പുറത്തേയ്ക്ക് എഴുന്നള്ളുന്ന സമയമായിരുന്നു, അതുകൊണ്ട് അവിടെ പുറത്തിരുന്നു തന്നെ തിരുപ്പതി ഭഗവാനേ കണ്ടു തൊഴുതു. ആ കാഴ്ച്ചയില്‍ കണ്ണു നച്ചത് മിഴിനീര്‍ മാത്രമല്ലായിരുന്നു, ഒരു ചെറിയ ചാറ്റല്‍ മഴയും.
തിരിച്ചുള്ള യാത്ര സുരേഷിനൊപ്പം അദ്ദേഹത്തിന്‍റെ കാറില്‍. ചെന്നൈയില്‍ നിന്ന് 800 ഓളം കിലോമീറ്റര്‍ സുരേഷ് കാറോടിച്ചു. രാവിലെ അഞ്ചു മണിക്ക് വീടു പൂട്ടി ഇറങ്ങി ഒന്നു രണ്ട് ടൂറിസ്റ്റ് പ്രദേശങ്ങളും കണ്ട് ഭക്ഷണവും കഴിച്ച് അന്ന് രാത്രി കോയമ്പത്തൂര്‍ തങ്ങാനായിരുന്നു പ്ലാന്‍. പക്ഷേ എന്തോ പ്രാദേശിക മീറ്റിങ്ങ് ഞങ്ങളുടെ പ്ലാനുകള്‍ തകിടം മറിച്ചു. ഒരു ഹോട്ടലിലും റൂമില്ല. സുരേഷ് അങ്ങനെ വിടുമോ, ഡ്രൈവ് ചെയ്തു, പിറ്റേന്ന് കൃത്യം അഞ്ചു മണി ആയപ്പോള്‍ വീട്ടിലെത്തി. പ്ലെയിന്‍ യാത്ര പോലെ തന്നെ ആ കാര്‍ യാത്രയും ഒരു അനുഭവമായിരുന്നു. അങ്ങോട്ട് ഒരുമണിക്കൂര്‍, ഇങ്ങോട്ട് ഒരു ദിവസം മുഴുവന്‍! കാറിലെ യാത്ര അസ്വദിച്ചു, ഇടയ്ക്ക് ഒന്നു മയങ്ങി.
വ്യത്യസ്തമായ ഒരു യാത്രാനുഭവം തന്നെയായിരുന്നു അത്. അതുകൊണ്ട് തന്നെ മറക്കാനാകാത്തതും. ഈ യാത്രയ്ക്കു നന്ദി പറയേണ്ടുന്നത്, എയര്‍ ഇന്ത്യയ്ക്കും സുരേഷ് വാസുദേവനും.