തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും. ഇതിനായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഡല്‍ഹിയിലേക്ക് പോകും.
ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിന് കൂടുതല്‍ സമയമാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും. ഇതിനായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഡല്‍ഹിയിലേക്ക് പോകും. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. എടുത്തുചാടി തീരുമാനങ്ങളെടുക്കില്ലെന്നും ജനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്നും എക്സൈസ് മന്ത്രി ജി സുധാകരന് പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധി കാരണം 400 കെടിഡിസി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രന് പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും കടകമ്പള്ളി കൂട്ടിച്ചേര്‍ത്തു.
മദ്യ വില്‍പ്പനശാലകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട കേസില്‍ വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ കക്ഷി ചേര്‍ന്നെങ്കിലും കേരളം കക്ഷിയായിരുന്നില്ല. പകരം ബിവറേജസ് കോര്പ്പറേഷന് ഒരു വര്‍ഷത്തെ സാവകാശം തേടിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇത് അനുവദിച്ചില്ല. കേരളത്തിലെ ജനസാന്ദ്രത പരിഗണിച്ചും മാറ്റി സ്ഥാപിക്കാന്‍ പ്രാദേശിക എതിര്‍പ്പുകള്‍ തടസമുണ്ടാക്കുന്ന കാര്യം ശ്രദ്ധയില്പ്പെടുത്തിയുമാകും മൂന്നു മാസത്തെ സമയം ചോദിക്കുക. മാറ്റി സ്ഥാപിക്കാനുള്ള എല്ലാ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്കും പകരം അനുയോജ്യമായ സ്ഥലം ബെവ്കോയും കണ്‍സ്യൂമര്‍ഫെഡും കണ്ടെത്തിയിട്ടുണ്ട്. എതിര്‍പ്പുകള്‍ ഒഴിവാക്കി അത് മാറ്റാനുള്ള സാവകാശമാണ് സര്‍ക്കാര്‍ തേടുന്നത്.